യു.പിയിൽ പ്രളയബാധിതർക്ക് കാലാവധി കഴിഞ്ഞ ചുമ സിറപ്പ് നൽകി; കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം

കാൺപുർ: ഉത്തർപ്രദേശിലെ കാൺപൂരിൽ പ്രളയബാധിത കുടുംബങ്ങൾക്ക് ദുരിതാശ്വാസത്തിന്റെ ഭാഗമായി വിതരണം ചെയ്ത ചുമ സിറപ്പ് കാലാവധി കഴിഞ്ഞതായും ഇത് കഴിച്ചതിന് പിന്നാലെ കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതായും പരാതി. 2026 ജൂലൈയിൽ കാലാവധി അവസാനിച്ച സിറപ്പാണ് ആരോഗ്യവകുപ്പ് വിതരണം ചെയ്തതെന്നാണ് ആരോപണം.

മയാപുരം മേഖലയിൽ പ്രളയബാധിതരായ 20ഓളം കുടുംബങ്ങൾക്ക് മരുന്നുകൾ വിതരണം ചെയ്യാനാണ് ആരോഗ്യവകുപ്പ് സംഘം എത്തിയത്. വിതരണം ചെയ്ത മരുന്നുകൾക്കിടയിലാണ് കാലാവധി കഴിഞ്ഞ ചുമ സിറപ്പുണ്ടായിരുന്നതെന്നാണ് ആരോപണം.

സിറപ്പ് കഴിച്ചതിന് പിന്നാലെ നാല് വയസ്സുള്ള ആൺകുട്ടിക്ക് ഛർദിയുണ്ടായതായി കുടുംബം പറഞ്ഞു. ആരോഗ്യനില മോശമായതിനെ തുടർന്ന് സമീപത്തെ സ്വകാര്യ ഡോക്ടറെ കാണിച്ചു. ചികിത്സക്ക് ശേഷം കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായാണ് വിവരം. മൂന്ന് വയസ്സുള്ള രണ്ട് ആൺകുട്ടികൾക്കും സിറപ്പ് കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യമുണ്ടായതായി കുടുംബങ്ങൾ ആരോപിച്ചു.

കുട്ടികളുടെ ആരോഗ്യനില മോശമായതോടെ കാലാവധി കഴിഞ്ഞ സിറപ്പും മറ്റ് മരുന്നുകളും പ്രദേശവാസികൾ ഉപേക്ഷിച്ചു. ചൊവ്വാഴ്ച വീണ്ടും മരുന്നുകളുമായി ആരോഗ്യവകുപ്പ് സംഘം മയാപുരത്തെത്തിയെങ്കിലും മരുന്നുകളുടെ ഗുണനിലവാരത്തിൽ ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രളയബാധിതർ അവ സ്വീകരിക്കാൻ വിസമ്മതിച്ചതായാണ് റിപ്പോർട്ട്.

സിറപ്പ് അബദ്ധത്തിൽ വിതരണം ചെയ്തതാണെന്ന് ആരോഗ്യവകുപ്പ് സമ്മതിക്കുകയും കുട്ടിയുടെ ചികിത്സക്കായി 100 രൂപ നൽകാമെന്ന് അറിയിക്കുകയും ചെയ്തതായി ദേഹാസ്വാസ്ഥ്യമുണ്ടായ കുട്ടിയുടെ അമ്മ പറഞ്ഞു. എന്നാൽ കുടുംബം പണം സ്വീകരിച്ചില്ല. കാലാവധി കഴിഞ്ഞ മരുന്ന് കഴിച്ചതിന് പിന്നാലെ കുട്ടിയുടെ ആരോഗ്യനില ഗുരുതരമാവുകയോ ജീവൻ നഷ്ടപ്പെടുകയോ ചെയ്താൽ ഉത്തരവാദിത്തം ആര് ഏറ്റെടുക്കുമെന്നും കുടുംബം ചോദിച്ചു.

പ്രളയത്തിൽ വീടുകൾ തകർന്നതിന്റെ ദുരിതത്തിനൊപ്പം രോഗഭീതിയും നേരിടുകയാണ് പ്രദേശത്തെ കുടുംബങ്ങൾ. സുരക്ഷിതമായ മരുന്നുകൾ ഉൾപ്പെടെയുള്ള സഹായമാണ് ഭരണകൂടത്തിൽനിന്ന് പ്രതീക്ഷിച്ചതെന്നും കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തെന്ന ആരോപണം ആശങ്ക വർധിപ്പിച്ചെന്നും പ്രദേശവാസികൾ പറഞ്ഞു.

സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അന്വേഷണം നടത്തിവരികയാണെന്നും ചീഫ് മെഡിക്കൽ ഓഫിസർ ഡോ. ഹരിദത്ത് നേമി പറഞ്ഞു. അന്വേഷണത്തിന് ശേഷം മാത്രമേ വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനാകൂവെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - Expired Cough Syrup Given

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.