ഡി.യു സർവകലാശാല കോളജുകളിൽ ഹോസ്റ്റൽ സൗകര്യം ഒരുക്കണമെന്ന് ഹരജി; കേന്ദ്ര-സംസ്ഥാന സർക്കാറുകളോട് ഡൽഹി ഹൈകോടതി വിശദീകരണം തേടി

ന്യൂഡൽഹി: ഡൽഹി സർവകലാശാലയിലെ എല്ലാ കോളജുകളിലും വിദ്യാർഥികൾക്ക് ഹോസ്റ്റൽ സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയിൽ കേന്ദ്ര സർക്കാർ, ഡൽഹി സർക്കാർ, ഡൽഹി സർവകലാശാല എന്നിവരോട് വിശദീകരണം തേടി ഡൽഹി ഹൈകോടതി. നാഷനൽ സ്റ്റുഡന്റ്സ് യൂനിയൻ ഓഫ് ഇന്ത്യ (എൻ.എസ്.യു.ഐ) പ്രസിഡന്റ് വിനോദ് ഝാഖർ സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ, ജസ്റ്റിസ് തേജ് കറിയ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.

സെപ്റ്റംബർ ആറിന് സത്യ നികേതനിൽ വിദ്യാർഥികളുടെ പി.ജി താമസകേന്ദ്രം തകർന്നുവീണ് ഏഴുപേർ മരിച്ച സാഹചര്യത്തിലാണ് ഹരജി. ഹരജിയിൽ ഉന്നയിച്ച വിഷയങ്ങൾ ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച കോടതി, സെപ്റ്റംബർ 25ന് ഹരജി വീണ്ടും പരിഗണിക്കാനും തീരുമാനിച്ചു.

ഡൽഹി സർവകലാശാലയിൽ വിദ്യാർഥികൾക്ക് ആവശ്യമായ സുരക്ഷിതവും താങ്ങാനാകുന്നതുമായ സ്ഥാപനതല താമസസൗകര്യം വർഷങ്ങളായി അപര്യാപ്തമാണെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. സർവകലാശാല സ്ഥാപിതമായിട്ട് 104 വർഷത്തിലേറെ പിന്നിട്ടിട്ടും വിദ്യാർഥികളുടെ എണ്ണത്തിലുണ്ടായ വൻ വർധനക്കും സർവകലാശാലയുടെ വ്യാപനത്തിനും അനുസൃതമായി താമസസൗകര്യങ്ങൾ വികസിച്ചിട്ടില്ലെന്നാണ് ആരോപണം. നിരവധി കോളജുകളിൽ ഹോസ്റ്റൽ സൗകര്യം പോലുമില്ല. ഹോസ്റ്റലുകളുള്ള കോളജുകളിലാകട്ടെ, ലഭ്യമായ സീറ്റുകളുടെ എണ്ണം ആവശ്യത്തിന് ആനുപാതികമായി വളരെ കുറവാണെന്നും ഹരജിയിൽ പറയുന്നു.

ഇതുമൂലം മറ്റു സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നും ഡി.യുവിലെത്തുന്ന ആയിരക്കണക്കിന് വിദ്യാർഥികൾ സ്വകാര്യ പി.ജി താമസസൗകര്യങ്ങൾ, സ്വകാര്യ ഹോസ്റ്റലുകൾ, വാടക വീടുകൾ, ഫ്ലാറ്റുകൾ തുടങ്ങിയവയെ ആണ് ആശ്രയിക്കുന്നത്. സുരക്ഷിതത്വവും സാമ്പത്തിക ബാധ്യതയും ഉൾപ്പെടെ വിദ്യാർഥികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് ഇതു കാരണമാകുന്നതായും ഹരജിക്കാർ ചൂണ്ടിക്കാട്ടി. ഹോസ്റ്റൽ ക്ഷാമം ഡൽഹിയിലുടനീളം വ്യാപിച്ചുകിടക്കുന്ന സർവകലാശാല തലത്തിലുള്ള പ്രശ്നമാണെന്നും എല്ലാ കോളജുകളെയും ഉൾപ്പെടുത്തി ഏകീകൃത നയപരമായ പരിഹാരം ആവശ്യമാണെന്നും ഹരജിക്കാർ ആവശ്യപ്പെട്ടു.

കനത്ത മഴയെ തുടർന്നാണ് സത്യ നികേതനിൽ വിദ്യാർഥികളുടെ പി.ജി താമസകേന്ദ്രം തകർന്നുവീണത്. സെപ്റ്റംബർ ആറിന് നടന്ന സംഭവത്തിൽ ഏഴുപേർ മരിച്ചിരുന്നു.

Tags:    
News Summary - Delhi High Court Seeks Response from Centre, State, and DU on Plea for Hostel Facilities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.