കേരളത്തിലൊഴികെ ഇന്ത്യയിൽ മറ്റൊരിടത്തും സ്ഥാനാർഥിയുടെ വിദ്യാഭ്യാസ യോഗ്യത നോക്കി വോട്ട് ചെയ്യുന്നില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ഒരുപക്ഷേ കേരളത്തിലൊഴികെ ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും സ്ഥാനാർഥിയുടെ വിദ്യാഭ്യാസ യോഗ്യത പരിഗണിച്ച് വോട്ട് ചെയ്യുന്നില്ലെന്ന് സുപ്രീംകോടതി. ഏറെ പേരും വോട്ട് രേഖപ്പെടുത്തുന്നതിന് മുമ്പ് സ്ഥാനാർഥിയുടെ വിദ്യാഭ്യാസ യോഗ്യത നോക്കുന്നില്ലെന്നും ജസ്റ്റിസ് കെ.എം. ജോസഫ്, ജസ്റ്റിസ് ബി.വി. നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

2017ൽ യു.പി നിയമസഭയിലേക്ക് ബി.ജെ.പി സ്ഥാനാർഥി ഹർഷ് വർധൻ ബാജ്പേയീയെ തെരഞ്ഞെടുത്തത് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കവേയാണ് പരാമർശം.

രാജ്യത്ത് ആരും സ്ഥാനാർഥിയുടെ വിദ്യാഭ്യാസ യോഗ്യത നോക്കി വോട്ട് ചെയ്യുന്നില്ലെന്ന് ജസ്റ്റിസ് കെ.എം. ജോസഫ് അഭിപ്രായപ്പെടുകയായിരുന്നു. 'ഒരുപക്ഷേ കേരളത്തിൽ ഒഴികെ' എന്ന് ജസ്റ്റിസ് നാഗരത്ന ഇതിനോട് കൂട്ടിച്ചേർത്തു.

നാമനിർദേശ പത്രികയിൽ ഹർഷ് വർധൻ ബാജ്പേയീ വിദ്യാഭ്യാസ യോഗ്യതയും സ്വത്തുക്കളും തെറ്റായി നൽകിയെന്ന് കാട്ടി കോൺഗ്രസ് മുൻ എം.എൽ.എ അനുഗ്രഹ് നാരായൺ സിങ്ങാണ് സുപ്രീംകോടതിയിൽ ഹരജി നൽകിയത്. 2017ൽ തെരഞ്ഞെടുക്കപ്പെട്ട ഹർഷ് വർധൻ ബാജ്പേയീയുടെ കാലാവധി 2022ൽ പൂർത്തിയായതിനാൽ ഹരജി നേരത്തെ അലഹബാദ് ഹൈകോടതി തള്ളിയിരുന്നു. 

ഇംഗ്ലണ്ടിലെ സെഫേഡ് സർവകലാശാലയിൽ നിന്ന് ബി.ടെക് ബിരുദമുണ്ടെന്നാണ് 2017ലെ പത്രികയിൽ ഹർഷ് വർധൻ പറഞ്ഞതെന്നും ഇങ്ങനെയൊരു സർവകലാശാലയില്ലെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി. 2007ലെയും 2012ലെയും തെരഞ്ഞെടുപ്പിൽ ഇംഗ്ലണ്ടിലെ ഷെഫീൽഡ് സർവകലാശാലയിൽ നിന്ന് ബി.ടെക് ഉണ്ടെന്നാണ് കാണിച്ചത്. ഡെൽഹി സർവകലാശാലയിൽ നിന്ന് 2006ൽ എം.ബി.എ ഉണ്ടെന്നും ബാജ്പേയീ അവകാശപ്പെടുന്നുണ്ടെന്നും, ബി.ടെക് നേടിയതായി പറയുന്ന വർഷം ഒന്നുതന്നെയായതിനാൽ ഇത് സാധ്യമല്ലെന്നും ഹരജിയിൽ പറയുന്നു. 

Tags:    
News Summary - Nobody votes on the basis of candidate's educational qualifications except maybe in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.