ന്യൂഡൽഹി: ഇന്ത്യൻ വിദ്യാർഥികളെ മനുഷ്യകവചമാക്കുന്നുവെന്ന ആരോപണം തള്ളി വിദേശകാര്യമന്ത്രാലയം. യുക്രെയ്നിലുള്ള ഇന്ത്യക്കാരുമായി നിരന്തരമായി ബന്ധപ്പെട്ട് വരികയാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. ഇന്ത്യക്കാരെ ബന്ദികളാക്കിയെന്ന വിവരം ഇതുവരെ എവിടെ നിന്നും ലഭിച്ചിട്ടില്ലെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
വിദ്യാർഥികളെ ബന്ദികളാക്കിയെന്ന റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല. ഖാർക്കീവിൽ നിന്നും സമീപപ്രദേശങ്ങളിലും നിന്നും ഇന്ത്യൻ വിദ്യാർഥികൾക്ക് യാത്ര ചെയ്യുന്നതിനായി പ്രത്യേക ട്രെയിനുകൾ ഏർപ്പെടുത്തണമെന്ന് യുക്രെയ്ൻ സർക്കാറിനോട് അഭ്യർഥിച്ചിട്ടുണ്ട്. യുക്രെയ്നിന്റെ കിഴക്കൻ മേഖലകളിൽ കുടുങ്ങിക്കിടക്കുന്നവരെ പടിഞ്ഞാറൻ പ്രദേശങ്ങളിലെത്തിക്കുന്നതിനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നതെന്ന് വിദശേകാര്യമന്ത്രാലയം വക്താവ് അരിന്ദം ബാച്ചി പറഞ്ഞു.
നേരത്തെ തങ്ങൾക്ക് ലഭിച്ച വിവരമനുസരിച്ച് ഇന്ത്യൻ വിദ്യാർഥികളെ ഖാർക്കീവ് വിടാൻ യുക്രെയ്ൻ അനുവദിക്കുന്നില്ലെന്ന് മനസിലാക്കിയെന്ന് റഷ്യ അറിയിച്ചിരുന്നു. അവരെ മനുഷ്യകവചമാക്കുകയാണ് യുക്രെയ്ൻ ചെയ്യുന്നത്. ഇന്ത്യൻ പൗരൻമാരെ സുരക്ഷിതമായി യുക്രെയ്നിൽ നിന്നും പുറത്തെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ റഷ്യ തയാറാണ്. പിന്നീട് റഷ്യയിൽ നിന്നും ഇന്ത്യയുടെ വിമാനങ്ങളിലോ തങ്ങളുടെ വിമാനത്തിലോ ഇവരെ നാട്ടിലെത്തിക്കാൻ തയാറാണെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.