ന്യൂഡൽഹി: കോവിഡ് ബാധിച്ച ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിന്‍റെ നില ഗുരുതരമായി തുടരുന്നു. ന്യൂമോണിയ ബാധിച്ചതോടെ ശ്വാസമെടുക്കാൻ ഏറെ പ്രയാസം നേരിടുന്നതായി ഇദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു. ഓക്സിജൻ സഹായം നൽകിത്തുടങ്ങിയിട്ടുണ്ട്. രണ്ട് ദിവസം മുമ്പാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.
കടുത്ത പനിയും ശ്വാസംമുട്ടും അനുഭവപ്പെട്ടതോടെയാണ് 55കാരനായ സത്യേന്ദ്ര ജെയിനെ ചൊവ്വാഴ്ച ഡൽഹി രാജീവ് ഗാന്ധി സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മന്ത്രിയുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
കോവിഡ് ടെസ്റ്റിൽ പോസിറ്റീവ് ഫലം ലഭിച്ചത് ബുധനാഴ്ച മന്ത്രി തന്നെയാണ് ട്വീറ്റിലൂടെ അറിയിച്ചത്.
കഴിഞ്ഞ ഞായറാഴ്ചത്തെ ഉന്നതതല യോഗത്തിൽ സത്യേന്ദ്ര ജെയിൻ പങ്കെടുത്തിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഡൽഹി ലെഫ്. ഗവർണർ അനിൽ ബാലാജി, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, കേന്ദ്ര മന്ത്രി ഹർഷവർധൻ തുടങ്ങിയവരും ഈ യോഗത്തിൽ പങ്കെടുത്തിട്ടുണ്ട്.
സത്യേന്ദ്ര ജെയിൻ ചികിത്സയിൽ തുടരുന്ന സാഹചര്യത്തിൽ മനീഷ് സിസോദിയക്കാണ് ഇദ്ദേഹത്തിന്‍റെ വകുപ്പിന്‍റെ ചുമതലകൾ നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.