‘മതം പിന്തുടരുന്നില്ലെങ്കിൽ അതിലെ പേരുകളും വെക്കരുത്’; കൻവർ യാത്ര വഴിയിലെ കടകൾക്കും ഭക്ഷണശാലകൾക്കും എതിരെ യു.പി മന്ത്രി

ലഖ്നോ: മതം വിശ്വസിക്കുന്നില്ലെങ്കിൽ പിന്നെ അതുമായി ബന്ധപ്പെട്ട പേരുകൾ കടകൾക്കോ ഭക്ഷണശാലക​ൾക്കോ നൽകരുതെന്ന മുന്നറിയിപ്പുമായി യു.പി മന്ത്രി. മുസഫർ നഗറിലെ ഭക്ഷണശാലക്ക് ‘പണ്ഡിറ്റ് ജി കാ വൈഷ്‍ണോ ധാബ​’യെന്ന് മുസ്‍ലിം കച്ചവടക്കാരൻ പേരിട്ടതിനെ കുറിച്ചായിരുന്നു ഉത്തർപ്രദേശ് മന്ത്രി രഘുരാജ് സിങ്ങിന്റെ പ്രതികരണം.

വൈഷ്‍ണോ ധാബയെന്ന് വെജിറ്റേറിയൻ കടകൾക്ക് പേരിടുന്നത് ഇവിടെ പതിവാണ്. കൻവർ യാത്ര അടുത്തെത്തി നിൽക്കെ മുസ്‍ലിം കച്ചവടക്കാർ അവരുടെ പേരുകൾ വെക്കണമെന്ന യു.പി സർക്കാർ ആവശ്യം സുപ്രീം കോടതി വിലക്കിയതിനെ തുടർന്ന് കടകൾക്ക് മുന്നിൽ ക്യു.ആർ കോഡ് പ്രദർശിപ്പിക്കണമെന്ന് സർക്കാർ നിർദേശിച്ചിരുന്നു.

തീർത്ഥാടന പാതയിലുള്ള ഭക്ഷണശാലകളിൽ രജിസ്റ്റർ ചെയ്ത പേരുകളും ക്യു.ആർ കോഡുകളും കാണിക്കുന്ന ബോർഡുകൾ സ്ഥാപിക്കണമെന്നായിരുന്നു നിർദേശം. ഇതിന്റെ തുടർച്ചയായാണ് പുതിയ ആവശ്യം.

കഴിഞ്ഞ വർഷം ഐഡന്റിറ്റി വെളിപ്പെടുത്തലുകൾ നിർബന്ധിക്കാൻ ശ്രമിച്ചതിന് യോഗി ആദിത്യനാഥ് സർക്കാരിനെ സുപ്രിം കോടതി വിമർശിച്ചിരുന്നു. ശൈവ തീർത്ഥാടന പാതയിലെ കടകളിലും ധാബകളിലും ഉടമയുടെ പേരുകൾ പ്രദർശിപ്പിക്കുന്നത് നിർബന്ധമാക്കിയ സംസ്ഥാന ഉത്തരവ് കോടതി സ്റ്റേ ചെയ്തു. അക്രമവും സാമ്പത്തിക ബഹിഷ്‌കരണവും ഭയന്ന് നിരവധി മുസ്‌ലിം വ്യാപാരികൾ കോടതിയെ സമീപിച്ചിരുന്നു.

എല്ലാ വർഷവും ഒരു മാസം നീണ്ടുനിൽക്കുന്ന കൻവാർ യാത്ര, തീർത്ഥാടകർ വളരെ ദൂരം നടന്ന് ഗംഗാ ജലം ശേഖരിച്ച് ഒരു ശിവക്ഷേത്രത്തിൽ സമർപ്പിക്കുന്ന ചടങ്ങാണ്. ഉത്തർപ്രദേശിലെയും ഉത്തരാഖണ്ഡിലെയും വലിയ ഭാഗങ്ങൾ കടന്നാണ് ഈ പാതകൾ പോകുന്നത്.

കഴിഞ്ഞ വർഷം, ഈ രണ്ട് സംസ്ഥാനങ്ങളിലെയും സർക്കാറുകൾ വഴികളിലുള്ള എല്ലാ കടകളുടെയും ധാബകളുടെയും ഉടമകൾക്ക് കടകളുടെ സൈൻബോർഡുകളിൽ അവരുടെ പേരും മറ്റ് വിശദാംശങ്ങളും സ്ഥാപിക്കാൻ ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.



Tags:    
News Summary - No one should use names of religions they don't follow for shops or eateries UP minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.