മുംബൈ: ആരെയ് കോളനിയിൽ മെട്രോയുടെ കാർ ഷെഡ് നിർമിക്കുന്നതിനായി മരം മുറിക്കുന്ന നടപടിയിൽ സുപ്രീംകോടതിയുടെ ഇടപെടൽ. ഈ വിഷയവുമായി ബന്ധപ്പെട്ട കേസിൽ അടുത്ത വാദം കേൾക്കുന്ന ഇൗ മാസം 21 വരെ മരം മുറിക്കരുതെന്ന് കോടതി നിർദേശം നൽകി. മരം മുറിക്കുന്നതിനെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റ് ചെയ്ത പ്രതിഷേധക്കാരെ ഉടൻ വിട്ടയക്കണമെന്നും കോടതി ഉത്തരവിട്ടു. കേസിൽ ആരെങ്കിലും വിട്ടയക്കപ്പെടാതെ കഴിയുന്നുണ്ടെങ്കിൽ അവരെ ഉടൻ വിട്ടയക്കുമെന്ന് മഹാരാഷ്ട്ര സർക്കാറിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.
ഒരു കൂട്ടം നിയമ വിദ്യാർഥികൾ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കയച്ച കത്ത് പൊതുതാത്പര്യ ഹരജിയായി പരിഗണിച്ചാണ് കോടതി കേസ് ഏറ്റെടുത്തത്. കേസിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തോട് കക്ഷി ചേരാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ആരെയിൽ മുറിച്ചു മാറ്റേണ്ടതായ മരങ്ങൾ മുറിച്ചു കഴിഞ്ഞെന്നും ഇനി ഒരു മരം പോലും മുറിക്കേണ്ടതില്ലെന്നും തുഷാർ മേത്ത കോടതിയിൽ വ്യക്തമാക്കി. കേസ് പരിസ്ഥിതി ബഞ്ചിലേക്ക് കൈമാറിയ കോടതി ആരെയിൽ തൽസ്ഥിതി തുടരാൻ ഉത്തരവിട്ടു.
പൊലീസ് പിടികൂടിയ 84 പ്രതിഷേധക്കാരിൽ 29 പേർ ജാമ്യത്തിൽ ഇറങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.