ചെന്നൈ: എം.എൽ.എമാര്‍ക്ക് നിയമസഭ സമ്മേളന കാലത്ത് വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും സമ്മാനപ്പൊതികളും നൽകുന്ന പതിവ് അവസാനിപ്പിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. സഭ ചേരുമ്പോള്‍ എം.എല്‍.എമാര്‍ ഭക്ഷണം സ്വന്തം നിലയില്‍ ഏര്‍പ്പാടാക്കുകയോ നിയമസഭാ കാന്‍റീനിൽ പോയി കഴിക്കുകയോ ചെയ്യണം. വിവിധ വകുപ്പ് മേധാവികള്‍ക്കും മന്ത്രിമാരുടെ ഓഫിസുകള്‍ക്കും മുഖ്യമന്ത്രി ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി.
പതിറ്റാണ്ടുകളായി ബജറ്റ് സമ്മേളന കാലത്ത് ഓരോ വകുപ്പുകളാണ് എം.എല്‍.എമാര്‍ക്ക് ഭക്ഷണം ഏര്‍പ്പെടുത്തിയിരുന്നത്. എം.എല്‍.എമാര്‍ക്കും അവരുടെ ജീവനക്കാര്‍ക്കും പൊലീസിനും നിയമസഭ-സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്കുമെല്ലാം ഭക്ഷണം നല്‍കിയിരുന്നു. പ്രതിദിനം 1000 പേര്‍ക്കാണ് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നിന്നുള്ള ഭക്ഷണം വിളമ്പിയിരുന്നത്. ഏകദേശം മൂന്ന് ലക്ഷം രൂപ ഇതിനായി പ്രതിദിനം വകുപ്പുകള്‍ ചെലവിട്ടിരുന്നു.
വിലകൂടിയ സ്യൂട്ട്കേസുകൾ, ട്രോളി ബാഗുകൾ, വാച്ചുകൾ, ഇലക്ട്രോണിക് സാധനങ്ങൾ, കരകൗശല വസ്തുക്കൾ, അലങ്കാര മത്സ്യങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, വന ഉൽപന്നങ്ങൾ തുടങ്ങി കൈനിറയെ സമ്മാനങ്ങളുമായാണ് എം.എല്‍.എമാര്‍ ബജറ്റ് സമ്മേളനം കഴിഞ്ഞ് തിരിച്ചുപോകാറുണ്ടായിരുന്നത്.
എ.ഐ.എ.ഡി.എം.കെ ഭരണകാലത്ത് ധൂര്‍ത്ത് വര്‍ധിച്ചു. വിലകൂടിയ സമ്മാനങ്ങള്‍ നല്‍കുന്നത് വിവിധ വകുപ്പുകള്‍ അഭിമാനപ്രശ്നമായി എടുത്തു. ഈ ധൂര്‍ത്ത് അവസാനിപ്പിക്കാനാണ് സ്റ്റാലിന്‍ സര്‍ക്കാരിന്‍റെ ഉറച്ച തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.