ന്യൂഡൽഹി: വീട്ടിൽ പാകം ചെയ്ത ഭക്ഷണം നൽകാത്തതിന്റെ പേരിൽ മകളുടെ സംരക്ഷണാവകാശം പിതാവിന് നഷ്ടപ്പെട്ടു. ജസ്റ്റിസുമാരായ വിക്രം നാഥ്, സഞ്ജയ് കരോൾ, സന്ദീപ് മേത്ത എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചിന്റെതാണ് വിധി.
സിംഗപ്പൂരിൽ ബിസിനസ് ചെയ്യുന്ന മലയാളിയായ പിതാവിന്റെ സംരക്ഷണാവകാശമാണ് കോടതി റദ്ദ് ചെയ്തത്. വേർപിരിഞ്ഞ മലയാളി ദമ്പതികളുടെ മകൾ 15 ദിവസം പിതാവിനൊപ്പവും ബാക്കിയുള്ള ദിവസം മാതാവിനൊപ്പവുമാണ് കഴിയുന്നത്. നേരത്തെ ഹൈകോടതിയാണ് മാസത്തിൽ പകുതി ദിവസം മകളെ പിതാവിനൊപ്പം വിടാൻ ഉത്തരവിട്ടത്.
എല്ലാ മാസവും 15 ദിവസം മകൾക്കൊപ്പം താമസിക്കാൻ പിതാവ് സിംഗപ്പൂരിൽ നിന്നും തിരുവനന്തപുരത്തെത്തും. വാടക വീട്ടിലായിരുന്നു താമസം. തിരക്കേറിയ ബിസിനസുകാരനായതിനാൽ 15ദിവസവും ഹോട്ടലുകളിൽ നിന്ന് വാങ്ങിയ ഭക്ഷണമാണ് നൽകിയിരുന്നത്.
മകളോട് വാത്സല്യമുള്ള പിതാവാണെങ്കിലും വീട്ടിലെ അന്തരീക്ഷവും സാഹചര്യവും പെൺകുട്ടിയുടെ വളർച്ചക്ക് അനുകൂലമല്ലെന്ന് സുപ്രീം കോടതി വിലയിരുത്തി.
റസ്റ്റോറന്റുകളിൽ നിന്നും ഹോട്ടലുകളിൽ നിന്നും വാങ്ങുന്ന ഭക്ഷണം തുടർച്ചയായി കഴിക്കുന്നത് മുതിർന്ന ഒരാൾക്ക് പോലും ആരോഗ്യത്തിന് ഹാനികരമാണ്, അപ്പോൾ പിന്നെ എട്ടു വയസുകാരിയുടെ കാര്യം പറയേണ്ടതില്ലല്ലോയെന്നും ജസ്റ്റിസ് മേത്ത പറഞ്ഞു.
വീട്ടിലുണ്ടാക്കിയ ഭക്ഷണം നല്‍കാന്‍ പിതാവിനോട് ആവശ്യപ്പെടുന്നത് പരിഗണിക്കുമായിരുന്നു. എന്നാല്‍ 15 ദിവസത്തെ താല്‍ക്കാലിക കസ്റ്റഡി കാലയളവില്‍ പിതാവല്ലാതെ മറ്റാരുടെയും സഹവാസം കുട്ടിക്ക് ലഭിക്കുന്നില്ല എന്നതും കുട്ടിയുടെ വളര്‍ച്ചയെ ബാധിക്കുമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
എന്നാൽ, കുട്ടിയുടെ അമ്മ അവരുടെ മാതാപിതാക്കൾക്കൊപ്പം താമസിച്ച് വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരാണ്. കൂടാതെ ഇളയ സഹോദരനും വീട്ടിലുണ്ട്. ഇത് കുട്ടിക്ക് മികച്ച ജീവിതാന്തരീക്ഷം സൃഷ്ടിക്കുമെന്നും കോടതി വിലയിരുത്തി. സംരക്ഷണാവകാശം ഇല്ലെങ്കിലും മാസത്തിൽ ഒന്നിടവിട്ട ശനി,ഞായർ ദിവസങ്ങളിൽ മകളോട് വിഡിയോ കോളിൽ സംവദിക്കാനുള്ള അനുമതി സുപ്രീം കോടതി നൽകി.
അതേസമയം, മൂന്ന് വയസുള്ള മകനെ എല്ലാ മാസവും 15 ദിവസം കസ്റ്റഡിയിൽ എടുക്കാൻ പിതാവിന് അനുമതി നൽകിയ ഹൈകോടതി വിധിയിലും സുപ്രീംകോടതി നിരാശപ്രകടിപ്പിച്ചു.
ചെറിയ പ്രായത്തില്‍ അമ്മയില്‍ നിന്ന് വേര്‍പെടുത്തുന്നത് മകന്റെ വൈകാരികവും ശാരീരികവുമായ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്നതിനാല്‍ ഈ ഉത്തരവ് തികച്ചും അന്യായമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.