ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിന് മുന്നോടിയായി ഡൽഹി സർവകലാശാലക്കു കീഴിലെ കോളജുകളിൽ കറുപ്പിന് വിലക്ക്. നിർബന്ധിത ഹാജർ ഉണ്ടാകണമെന്നും രണ്ടു മണിക്കൂറുകളോളം ക്ലാസുകൾ നിർത്തിവെക്കണമെന്നും നിർദേശം.
സംഭവം, വാർത്തയായതോടെ ഇതേക്കുറിച്ച് അന്വേഷിച്ചപ്പോൾ, ഹാജർ നിർബന്ധമാക്കിയിട്ടില്ലെന്നും നിർബന്ധിത ഹാജർ സംബന്ധിച്ച് സർവകലാശാല ഉത്തരവൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്ന് രജിസ്ട്രാർ വികാസ് ഗുപ്ത പറഞ്ഞു. ഒന്നും നിർബന്ധമാക്കിയിട്ടില്ലെന്നും വിദ്യാർഥികളോട് അഭ്യർത്ഥിക്കുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും വിവിധ കോളജ് അധികൃതരും പ്രതികരിച്ചു.
സർവകലാശാലയുടെ ശതാബ്ദി ആഘോഷങ്ങളുടെ തത്സമയ സംപ്രേക്ഷണമാണ് ഇന്ന് ഉണ്ടാകുക. ചടങ്ങിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രിയാണ് പങ്കെടുക്കുന്നത്. ഇതിന്‍റെ ലൈവ് സ്ട്രീമിങ്ങ് കോളജുകളിൽ പ്രദർശിപ്പിക്കും. ഈ സമയത്ത് പാലിക്കാനാണ് നിബന്ധനകൾ പുറപ്പെടുവിച്ചത്.
രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ ക്ലാസുകൾ നിർത്തിവെക്കണം, അധ്യാപകരുടെയും അധ്യാപകരല്ലാത്ത സ്റ്റാഫിന്‍റെയും വിദ്യാർഥികളുടെയും ഹാജർ നിർബന്ധമാണ്, കറുത്ത വസ്ത്രങ്ങൾ പാടില്ല തുടങ്ങിയവയാണ് നിബന്ധനകൾ.
ഹൻസ്‌രാജ് കോളേജ്, ഡോ. ഭീം റാവു അംബേദ്കർ കോളേജ്, സക്കീർ ഹുസൈൻ ഡൽഹി കോളേജ് എന്നിവിടങ്ങളിൽ വിദ്യാർത്ഥികളും അധ്യാപകരും പരിപാടിയുടെ തത്സമയ സംപ്രേക്ഷണത്തിൽ പങ്കെടുക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ട്. തത്സമയ സംപ്രേക്ഷണത്തിൽ പങ്കെടുത്താൽ അഞ്ച് ഹാജറുകൾ നൽകുമെന്നാണ് ഹിന്ദു കോളജ് ടീച്ചർ ഇൻ ചാർജ് അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.