പനാജി: 2027 നിയമസഭ തെരഞ്ഞെടുപ്പിൽ ഗോവയിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി എ.എ.പി കൺവീനർ അരവിന്ദ് കെജ്രിവാൾ. ഏത് സാഹചര്യത്തിലും കോൺഗ്രസുമായി സഖ്യമില്ലെന്ന് കെജ്രിവാൾ പറഞ്ഞു. ഗോവയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് കെജ്രിവാളിന്റെ പരാമർശം.
ഗോവയിൽ കോൺഗ്രസ് ബി.ജെ.പിക്ക് എം.എൽ.എമാരെ വിതരണം ചെയ്യുന്ന മൊത്തക്കച്ചവടക്കാരായി മാറി. ഒരു പാർട്ടി എം.എൽ.എയും ബി.ജെ.പിയിലെത്തുന്നില്ലെന്ന് ഗോവയിലെ കോൺഗ്രസിന് ഉറപ്പുകൊടുക്കാനാവുമോയെന്നും അദ്ദേഹം ചോദിച്ചു. 2017നും 2019നും ഇടയിൽ 13 കോൺഗ്രസ് എം.എൽ.എമാരാണ് കൂറുമാറി കോൺഗ്രസ് പാളയത്തിലെത്തിയത്.
എ.എ.പി കോൺഗ്രസുമായി സഖ്യത്തിൽ ഏർപ്പെട്ടാൽ അത് ബി.ജെ.പിക്ക് എം.എൽ.എമാരെ സംഭാവന ചെയ്യുന്നതിന് തുല്യമാകും. ബി.ജെ.പിക്ക് സർക്കാറുണ്ടാക്കാൻ സഹായം നൽകുന്ന പാർട്ടിയുമായി സഖ്യമുണ്ടാക്കാനില്ലെന്നും അരവിന്ദ് കെജ്രിവാൾ പറഞ്ഞു. ബി.ജെ.പിയും കോൺഗ്രസും മാറി മാറി ഭരണം നടത്തുന്ന സ്ഥിതിക്ക് ഗോവയിൽ മാറ്റം വരണമെന്നും അദ്ദേഹം പറഞ്ഞു.
ഗോവയിൽ നിലവിലുള്ള സർക്കാർ ജനങ്ങൾക്ക് വേണ്ട പദ്ധതികളല്ല നടപ്പിലാക്കുന്നത്. അവർക്ക് വേണ്ട കാര്യങ്ങൾ ഉന്നയിക്കാൻ ഗോവയിൽ അവകാശമില്ലെന്നും കെജ്രിവാൾ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.