ചെന്നൈയിൽ താപവൈദ്യുത നിലയത്തിലെ കെട്ടിടം തകർന്ന് ഒമ്പത് മരണം; മരിച്ചത് അസമിൽ നിന്നുള്ള തൊഴിലാളികൾ

ചെന്നൈ: തമിഴ്നാട്ടിലെ എണ്ണൂരിലെ താപ വൈദ്യുത നിലയത്തിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് ഒമ്പത് മരണം. നിരവധി പേർക്ക് പരിക്ക്. അസമിൽ നിന്നുള്ള തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം.

സ്റ്റീൽ കമാനം സ്ഥാപിക്കുന്നതിനിടെ വൈകിട്ട് 5.30തോടെയാണ് അപകടം സംഭവിച്ചത്. നിർമാണ പ്രവർത്തനം പുരോഗമിക്കുന്നതിനിടെ യൂനിറ്റിന്‍റെ മുൻഭാഗം തകർന്നു വീഴുകയായിരുന്നു. 30 അടി ഉയരത്തിൽ നിന്ന് വീണ കമാനത്തിന്‍റെ അടിയിൽ തൊഴിലാളികൾ കുടുങ്ങുകയായിരുന്നു.

അപകടസമയത്ത് 10 പേരാണ് സ്ഥലത്തുണ്ടായിരുന്നത്. ഇവരിൽ ഒമ്പതു പേരും മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. മറ്റു ചിലർക്കും അപകടത്തിൽ പരിക്കേറ്റതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരെ ചെന്നൈയിലെ സ്റ്റാൻലി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ആവഡി പൊലീസ് അറിയിച്ചു.

ഈ വർഷം ഫെബ്രുവരിയിൽ മധുരയിലെ മാട്ടുതവാണി ബസ് സ്റ്റാൻഡിലെ കമാനം പൊളിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ മണ്ണുമാന്തിയന്ത്രം ഡ്രൈവർ കൊല്ലപ്പെടുകയും കരാറുകാരന് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു.

അഞ്ചാമത് ലോക തമിഴ് സമ്മേളനത്തിന്‍റെ സ്മരണക്കായി 1981ൽ എം.ജി. രാമചന്ദ്രന്‍റെ ഭരണകാലത്ത് നിർമിച്ച കമാനം, റോഡ് വികസനത്തിന് തടസമായപ്പോഴാണ് പൊളിച്ചുമാറ്റാൻ അധികൃതർ തീരുമാനിച്ചത്. പൊളിക്കൽ പുരോഗമിക്കുന്നതിനിടെ ഒരു തൂൺ തകർന്നു വീഴുകയായിരുന്നു.

Tags:    
News Summary - Nine dead, several injured as arch collapses at Chennai's thermal power station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.