ബംഗളൂരു: ബന്ദിപ്പൂരിലെ രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ട വിഷയത്തിൽ കർണാടക വനംവകുപ്പും പൊതുമരാമത്ത് വകുപ്പും രണ്ടു തട്ടിൽ. കോഴിക്കോട്-കൊല്ലഗൽ ദേശീയപാത 766 കടന്നുപോകുന്ന ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിൽ ഏർപ്പെടുത്തിയ രാത്രിയാത്ര നിരോധനം പിൻവലിക്കണമെന്ന നിർദേശം കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം മുന്നോട്ടുവെച്ചതിന് പിന്നാലെയാണ് ഇൗ വിഷയത്തിൽ സർക്കാറിലെ അഭിപ്രായഭിന്നത മറനീക്കിയത്. രാത്രിയാത്ര നിരോധനം പിൻവലിക്കണമെന്ന കേന്ദ്ര നിർദേശം തള്ളുന്നതായും വനസംരക്ഷണത്തിനാണ് കർണാടക മുഖ്യപരിഗണന നൽകുന്നതെന്നും കഴിഞ്ഞ ദിവസം വനംമന്ത്രി ആർ. ശങ്കർ വ്യക്തമാക്കിയിരുന്നു.
എന്നാൽ, കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിെൻറ നിർദേശങ്ങൾ പരിഗണിക്കേണ്ടിവരുമെന്ന നിലപാടുമായി പൊതുമരാമത്ത് മന്ത്രിയും മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ സഹോദരനുമായ എച്ച്.ഡി. രേവണ്ണ രംഗത്തെത്തി. ഇതുസംബന്ധിച്ച് വനംവകുപ്പുമായും കേരളവുമായും ചർച്ച നടത്തി തീരുമാനമെടുക്കാനാണ് ചീഫ് സെക്രട്ടറി ടി.എം. വിജയഭാസ്കറിന് നൽകിയ നിർദേശമെന്ന് അദ്ദേഹം വ്യക്തമാക്കി. മേൽപാലങ്ങളും സ്റ്റീൽ വേലിയും നിർമിച്ച് ബന്ദിപ്പൂരിലൂടെയുള്ള ദേശീയപാത രാത്രിയിൽ ഗതാഗതത്തിനായി തുറന്നുകൊടുക്കണമെന്ന കേന്ദ്ര നിർദേശം വനസംരക്ഷണം ഉറപ്പുവരുത്തുന്നതാണ്.
ഇത് പരിഗണിക്കേണ്ടിവരും. വന്യമൃഗങ്ങൾക്കോ പരിസ്ഥിതിക്കോ ഒരുവിധ ശല്യവുമില്ലാതെയാവും മേൽപാലങ്ങൾ നിർമിക്കുക. 460 കോടിയാണ് പദ്ധതിച്ചെലവ്. താനും കൂടി പെങ്കടുത്ത യോഗത്തിലാണ് ഇൗ നിർദേശം കേന്ദ്രം മുന്നോട്ടുവെച്ചത്. രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ട് കേരള സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.
ഇതുംകൂടി മനസ്സിൽ കണ്ടാണ് കർണാടക തീരുമാനം കൈക്കൊള്ളേണ്ടതെന്നും എച്ച്.ഡി. രേവണ്ണ പറഞ്ഞു. എച്ച്.ഡി. കുമാരസ്വാമിയും എച്ച്.ഡി. രേവണ്ണയും കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിധിൻ ഗഡ്കരിയുമായി ജൂലൈ 17ന് നടത്തിയ കൂടിക്കാഴ്ചയിലാണ് രാത്രിയാത്ര നിരോധനം നീക്കി ദേശീയപാതയിലെ ഗതാഗതം സുഗമമാക്കാനുള്ള പുതിയ പദ്ധതി നിർദേശം ചർച്ചചെയ്തത്. എന്നാൽ, കേന്ദ്ര നിർദേശത്തിനെതിരെ കർണാടകയിൽ പരിസ്ഥിതി പ്രവർത്തകരുടെ പ്രതിഷേധം കനക്കുകയാണ്. നിരോധനം നീക്കേണ്ടതില്ലെന്ന കടുത്ത നിലപാടിലാണ് വനംവകുപ്പ്.
രാത്രിയാത്ര നിരോധനത്തിന് ശേഷം ബന്ദിപ്പൂരിൽ വന്യജീവികൾ അപകടത്തിൽപ്പെടുന്നത് ഗണ്യമായി കുറഞ്ഞെന്ന കണക്കുകൾ ഇൗയിടെ വനംവകുപ്പ് പുറത്തുവിട്ടിരുന്നു. മുഖ്യമന്ത്രിയെ ഇക്കാര്യം ബോധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം നിരോധനം പിൻവലിക്കില്ലെന്ന് ഉറപ്പുനൽകിയതായും വനംവകുപ്പ് വൃത്തങ്ങളും ചൂണ്ടിക്കാട്ടുന്നു. കർണാടകയിലെ ജനതാദൾ എസ്- കോൺഗ്രസ് സഖ്യസർക്കാറിൽ വനംവകുപ്പ് കോൺഗ്രസും പൊതുമരാമത്ത് വകുപ്പ് ജനതാദൾ-എസുമാണ് കൈയാളുന്നത്. ഇരുമന്ത്രിമാരും വ്യത്യസ്ത അഭിപ്രായപ്രകടനം നടത്തിയെങ്കിലും രാത്രിയാത്ര നിരോധനം പിൻവലിക്കുന്നത് സംബന്ധിച്ച് സർക്കാർ തീരുമാനമൊന്നുമെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ‘ഇന്ത്യ ടുഡേ’യോട് പ്രതികരിച്ചു.
വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും ഇപ്പോൾ ഇത് ചർച്ചയാക്കുന്നതെന്തിനാണ് എന്നറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞയാഴ്ച കേരള സന്ദർശനത്തിനിടെ, രാത്രിയാത്ര നിരോധന വിഷയത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തുമെന്ന് കുമാരസ്വാമി പറഞ്ഞിരുന്നു.
ബന്ദിപ്പൂരിലെ രാത്രിയാത്ര നിരോധനം സംബന്ധിച്ച കേസ് ആഗസ്റ്റ് എട്ടിന് സുപ്രീംകോടതി പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.