സാൻഫ്രാൻസിസ്കോ ഇന്ത്യൻ കോൺസുലേറ്റ് ആക്രമണം; എൻ.ഐ.എ 10 പ്രതികളുടെ ചിത്രങ്ങൾ പുറത്തുവിട്ടു

ന്യൂഡൽഹി: അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിൽ ഇന്ത്യൻ കോൺസുലേറ്റിനുനേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) 10 പ്രതികളുടെ ചിത്രങ്ങൾ പുറത്തുവിട്ടു. ഇവരെക്കുറിച്ച് വിവരങ്ങൾ അറിയുന്നവർ കൈമാറണമെന്ന് എൻ.​ഐ.എ അഭ്യർഥിച്ചു.

മാർച്ച് 18ന് രാത്രിയാണ് ചില ഖലിസ്ഥാൻ അനുകൂലികൾ കോൺസുലേറ്റ് വളപ്പിൽ അതിക്രമിച്ച് കയറി തീയിടാൻ ​ശ്രമിച്ചത്. ഇതേ ദിവസം തന്നെ ഇവിടെ രണ്ടു ഖലിസ്ഥാൻ പതാകകകൾ ഉയർത്തുകയും കെട്ടിടത്തിന് നാശനഷ്ടമുണ്ടാക്കുകയും ഉദ്യോഗസ്ഥരെ അക്രമിക്കുകയുംചെയ്തു.

ജുലൈ ഒന്നിന് രാത്രി ചിലർ കോൺസുലേറ്റിലേക്ക് അതിക്രമിച്ച് കടന്ന് തീയിടാൻ ശ്രമിച്ചു. ഈ സമയത്ത് കോൺസുലേറ്റിൽ ഉദ്യോഗസ്ഥരുണ്ടായിരുന്നു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ (യു.എ.പി.എ) ഉൾപ്പെടെയുള്ള വിവിധവകുപ്പുകൾപ്രകാരം ജൂൺ 16നാണ് കേസെടുത്തത്. അന്വേഷണത്തിന്റെ ഭാഗമായി ഒരു സംഘം എൻ.ഐ.എ ഉദ്യോഗസ്ഥർ ആഗസ്റ്റിൽ സാഫ്രാൻസിസ്കോ സന്ദ​ർശിച്ചിരുന്നു.

ഖലിസ്താൻ വിഘടനവാദികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം പ്രഖ്യാപിച്ച് എൻ.ഐ.എ

ന്യൂഡൽഹി: വിവാദങ്ങൾക്കിടെ ഖലിസ്താൻ വിഘടനവാദി നേതാക്കളെ കുറിച്ച് വിവരം നൽകുന്നവർക്ക് ഇനാം പ്രഖ്യാപിച്ച് എൻ.ഐ.എ. ഹർവീന്ദർ സിങ് സന്ദു, ലക്ബീർ സിങ് സന്ദു എന്നിവരെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപയാണ് ഇനാം പ്രഖ്യാപിച്ചത്. പരമിന്ദർ സിങ് കെയ്റ, സത്നാം സിങ്, യാദ്‍വീന്ദർ സിങ് എന്നിവരെ കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ച് ലക്ഷം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.

പഞ്ചാബിൽ ഇവർ ഭീകരപ്രവർത്തനം നടത്തിയിട്ടുണ്ടെന്നാണ് എൻ.ഐ.എ കണ്ടെത്തൽ. നിരോധിത സംഘടനയായ ബാബർ ഖൽസ ഇന്റർനാഷണലിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുകയും പണം സ്വരൂപിക്കുകയും ചെയ്തുവെന്ന കുറ്റവും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇന്ത്യയും കാനഡയും തമ്മിൽ ഖലിസ്താൻ വിഘടനവാദത്തിന്റെ പേരിൽ ബന്ധം വഷളാവുന്നതിനിടെയാണ് എൻ.ഐ.എ നടപടി.

Tags:    
News Summary - NIA releases images of 10 suspects in San Francisco Consulate attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.