ഹൈദരാബാദ്: രാജ്യവ്യാപക റെയ്ഡിന്‍റെ ഭാഗമായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ തെലങ്കാന ഓഫിസ് എൻ.ഐ.എ അടച്ചുപൂട്ടി സീൽ ചെയ്തു. ഹൈദരാബാദ് ചന്ദ്രയാങ്കുട്ടയിലെ ഓഫിസാണ് ഇന്ന് രാവിലെ സീൽ ചെയ്തത്.
അതിരാവിലെ ഓഫിസ് റെയ്ഡ് ചെയ്യാനെത്തിയ എൻ.ഐ.എ സംഘം വ്യാപക പരിശോധന നടത്തി. കമ്പ്യൂട്ടർ ഹാർഡ് ഡിസ്കുകൾ, പെൻഡ്രൈവുകൾ, മറ്റ് ഫയലുകൾ മുതലായവ പിടിച്ചെടുത്തതായാണ് റിപ്പോർട്ട്. ഹൈദരാബാദിൽ എൽ.ബി നഗർ, ഓട്ടോനഗർ, കരിംനഗർ തുടങ്ങിയ സ്ഥലങ്ങളിലെ പോപ്പുലർ ഫ്രണ്ട് ഓഫിസുകളിലും റെയ്ഡ് നടത്തി.
വിവിധ സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും എൻ.ഐ.എയും ഇ.ഡിയും റെയ്ഡ് തുടരുകയാണ്. ദേശീയ ചെയര്‍മാന്‍ ഒ.എം.എ. സലാം, മുൻ ചെയർമാൻ ഇ. അബൂബക്കർ, ദേശീയ ജനറൽ സെക്രട്ടറി നാസറുദ്ദീൻ എളമരം, സംസ്ഥാന പ്രസിഡന്റ് സി.പി. മുഹമ്മദ് ബഷീർ, സംസ്ഥാന സമിതി അംഗം യഹിയ തങ്ങള്‍ തുടങ്ങിയവർ ഉൾപ്പെടെ നൂറിലധികം നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്തതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
വ്യാഴാഴ്ച പുലർച്ചെ നാലുമണി മുതലാണ് 10 സംസ്ഥാനങ്ങളിൽ റെയ്ഡ് നടന്നത്. കേരളം, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ കേന്ദ്രസേനയുടെ അകമ്പടിയോടെ എത്തിയ സംഘമാണ് പരിശോധന നടത്തിയത്. പി.എഫ്.ഐയുടെ ദേശീയ, സംസ്ഥാന, പ്രാദേശിക നേതാക്കളുടെ വീടുകളിലാണ് റെയ്ഡ്. കഴിഞ്ഞ ദിവസം തെലങ്കാനയിലും ആന്ധ്രാപ്രദേശിലും 38 സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിൽ പിടികൂടിയ നാല് പിഎഫ്ഐ പ്രവർത്തകർക്കെതിരെ യു.എ.പി.എ ചുമത്തി കേസെടുത്തിരുന്നു.
കേരളത്തിൽ കോഴിക്കോട്ടെ സംസ്ഥാന ഓഫിസിലും കൊല്ലം മേഖലാ ഓഫിസിലും പത്തനംതിട്ട, മഞ്ചേരി, തിരുവനന്തപുരം, കണ്ണൂർ, പത്തനംതിട്ട, കാസർകോട്, കണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. വിവിധ ഓഫസുകളില്‍ നിന്ന് കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കുകളും മൊബൈല്‍ ഫോണുകളും ലഘുലേഖകളും പുസ്തകങ്ങളും എന്‍.ഐ.എ പിടിച്ചെടുത്തു. ഇവ പരിശോധനയ്ക്ക് കൊണ്ടുപോയി.
സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താർ (കരുനാഗപള്ളി), ദേശീയ ജനറൽ സെക്രട്ടറി നസറുദ്ധീൻ എളമരം, ചെയർമാൻ ഒ.എം.എ സലാം (മഞ്ചേരി), മുൻ നാഷണൽ കൗൺസിൽ അംഗം കരമന അശ്റഫ് മൗലവി, മുൻ ചെയർമാൻ ഇ. അബൂബക്കർ (കരുവൻപൊയിൽ), പത്തനംതിട്ട ജില്ല സെക്രട്ടറി സാദിഖ് അഹമ്മദ്, സംസ്ഥാന പ്രസിഡന്റ് സി.പി. മുഹമ്മദ് ബഷീർ തുടങ്ങിയവരുടെ വീട്ടിലും റെയ്ഡ് നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.