നേതാജിയെപ്പറ്റി പ്രചരിപ്പിക്കുന്നത് കള്ളക്കഥകൾ; വ്യാജപ്രചരണം കുടുംബത്തെ വേദനിപ്പിക്കുന്നു -സുഗത ബോസ്

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജനപ്രീതി മുതലെടുത്ത് അവസരവാദികൾ അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് കള്ളക്കഥകൾ പ്രചരിപ്പിക്കുന്നതായി ചെറുമകൻ സുഗത ബോസ്. നേതാജിയുടെ ചെറുമകനും പ്രശസ്ത ചരിത്രകാരനുമാണ് സുഗത ബോസ്. ഇത്തരം പ്രചരണങ്ങൾ ബോസിന്റെ കുടുംബത്തെ വളരെയധികം വേദനിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

1945ലെ നേതാജിയുടെ 'തിരോധാനം', 1945-ന് ശേഷമുള്ള 'മരണാനന്തര ജീവിതം' എന്നിവയെക്കുറിച്ചുള്ള കള്ളക്കഥകളാണ് പ്രചരിപ്പിക്കപ്പെടുന്നത്. വിമാനാപകടത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന കാര്യത്തിൽ സംശയമില്ലെന്നും ഹാർവാർഡ് സർവകലാശാലയിലെ ഗാർഡിനർ ചെയറും മുൻ എം.പിയുമായ ബോസ് പി.ടി.ഐയോട് പറഞ്ഞു. തന്റെ അന്തരിച്ച അമ്മ കൃഷ്ണ ബോസ് അടുത്തിടെ പുറത്തിറക്കിയ 'നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ജീവിതവും പോരാട്ടവും' എന്ന പുസ്തകത്തിൽ എല്ലാ കാര്യങ്ങളും സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. നേതാജിയുടെ ബാല്യകാലം മുതൽ 1945 ഓഗസ്റ്റ് 18ന് അദ്ദേഹം മരിക്കുന്നതുവരെയുള്ള സത്യങ്ങൾ പുസ്തകം വ്യക്തമായി വെളിപ്പെടുത്തുന്നുണ്ട്. ആ ധീര ദേശാഭിമാനിയുടെ നിഗൂഢമായ തിരോധാനത്തെക്കുറിച്ചുള്ള സിദ്ധാന്തങ്ങൾ ചവറ്റുകുട്ടയിൽ എറിയണമെന്നും സുഗത ബോസ് പറഞ്ഞു.

'1945 ഓഗസ്റ്റ് 17ന് ബാങ്കോക്കിൽ നിന്ന് സൈഗോണിലേക്കുള്ള തന്റെ അവസാന യാത്രയിൽ നേതാജിയെ അനുഗമിച്ചിരുന്നത് ആബിദ് ഹസൻ ആയിരുന്നു. അവിടെ നിന്ന് നേതാജി തന്റെ ചീഫ് ഓഫ് സ്റ്റാഫ് ഹബീബുർ റഹ്മാനോടൊപ്പം തായ്‌പേയിലേക്ക് പറന്നു. ഇന്ത്യയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം തൊട്ടുപിന്നാലെ സംഭവിച്ചു. 1945 ഓഗസ്റ്റ് 18 ന് തായ്‌പേയിൽ നിന്ന് പറന്നുയർന്ന വിമാനം ആകാശത്ത് കുലുങ്ങുകയും പിന്നീട് തകർന്നുവീഴുകയും ചെയ്തു'-സുഗത ബോസ് പറഞ്ഞു.

'പിന്നിൽ ഇരുന്ന റഹ്മാനെപ്പോലെ നേതാജിക്കും പൊള്ളലേറ്റു. നേതാജിയുടെ നില കൂടുതൽ ഗുരുതരമായിരുന്നു. അടുത്തുള്ള സൈനിക ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹത്തെ രക്ഷിക്കാനുള്ള ശ്രമങ്ങൾ വിജയിച്ചില്ല. വൈകുന്നേരം അദ്ദേഹം മരിച്ചു'-ബോസ് പിടിഐയോട് പറയുന്നു.

1976-ൽ തന്റെ അമ്മ കൃഷ്ണ ബോസ് ആബിദ് ഹസനുമായി ദിവസങ്ങളോളം നീണ്ടുനിന്ന ഒരു മാരത്തൺ അഭിമുഖം നടത്തിയതായും അതിൽ എല്ലാ കാര്യങ്ങളും അദ്ദേഹം വ്യക്തമായി വിവരിച്ചിരുന്നതായും സ​ുഗത ബോസ് വെളിപ്പെടുത്തി. 1941-ന്റെ മധ്യത്തിൽ ജർമ്മനിയിൽ നേതാജിയോടൊപ്പം രാജ്യത്തിന്റെ സ്വാതന്ത്യ പോരാട്ടത്തിൽ താൻ പങ്കുചേർന്നത് എങ്ങനെയെന്നും 1943ന്റെ ആദ്യ പകുതിയിൽ വടക്കൻ യൂറോപ്പിൽ നിന്ന് കിഴക്കൻ ഏഷ്യയിലേക്കുള്ള സുപ്രധാനമായ 93 ദിവസത്തെ അന്തർവാഹിനി യാത്രയെക്കുറിച്ചും ആബിദ് ഹസൻ കൃഷ്ണ ബോസിനോട് വിവരിച്ചിരുന്നു. സ്വാതന്ത്ര്യാനന്തരം അദ്ദേഹം നയതന്ത്രജ്ഞനായി മാറുകയായിരുന്നെന്നും സുഗത ബോസ് പറഞ്ഞു.


നേതാജിയും ഗുംനാമി ബാബയും

നേതാജി ഉത്തർപ്രദേശിലെ പല സ്ഥലങ്ങളിലും തന്റെ വ്യക്തിത്വം മാറ്റിയതിന് ശേഷം താമസിച്ചിരുന്നതായാണ് പലരും വിശ്വസിക്കുന്നത്. അയോധ്യ, ഫൈസാബാദ് തുടങ്ങി നിരവധി സ്ഥലങ്ങളിൽ ഒരു സാധുവിന്റെ വേഷത്തിൽ ഗുംനാമി ബാബ എന്ന പേരിൽ അദ്ദേഹം ജീവിച്ചിരുന്നതായി വിശ്വസിച്ചിരുന്നവരും ഉണ്ട്. ഹിന്ദിയിൽ "ഗുംനാമി" എന്നാൽ അജ്ഞാതത്വം എന്നാണ് അർത്ഥമാക്കുന്നത്.

ബാബ ഏകാകിയായി തുടരുകയും സ്ഥിരമായി തന്നെ സന്ദർശിക്കുന്ന വിരലിലെണ്ണാവുന്ന 'വിശ്വാസികളുമായി' സംവദിക്കുകയും ചെയ്തിരുന്നു. 1983ൽ ഫൈസാബാദിലെ രാംഭവനിലെ ഔട്ട്-ഹൗസിൽ ഗുംനാമി ബാബ സ്ഥിരതാമസമാക്കി. അദ്ദേഹം അവിശടവച്ച് 1985 സെപ്തംബർ 16-ന് അന്തരിച്ചു.


Tags:    
News Summary - Netaji died in air crash, tales of non-existent afterlife are attempts to exploit his popularity: Sugata Bose

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.