ബംഗളൂരു: 2021ൽ കോവിഡിന്റെ രണ്ടാം തരംഗത്തിൽ ചാമരാജനഗർ ജില്ല ആശുപത്രിയിൽ ഓക്സിജൻ ക്ഷാമംമൂലമുണ്ടായ മരണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ രൂപവത്കരിച്ച റിട്ട. ജസ്റ്റിസ് ജോൺ മൈക്കൾ കുഞ്ഞ കമീഷൻ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് റിപ്പോർട്ട് സമർപ്പിച്ചു. 2021 മേയ് രണ്ടിന് രാത്രിക്കും മേയ് മൂന്നിന് പുലർച്ചക്കും ഇടയിൽ 32 പേരാണ് ഓക്സിജൻ കിട്ടാതെ മരിച്ചത്. ആ സമയത്ത് സംസ്ഥാനത്ത് ബി.എസ്. യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാറായിരുന്നു അധികാരത്തിലിരുന്നത്. ഡോ. കെ. സുധാകർ ആരോഗ്യമന്ത്രിയായിരിക്കെയാണ് സംഭവം.
ഭരണപരമായ പരാജയമാണ് മരണത്തിന് കാരണമെന്ന് കുടുംബങ്ങൾ ആരോപിച്ചിരുന്നു. ജില്ല ഭരണകൂടത്തിന്റെയും ആശുപത്രി പ്രവർത്തനങ്ങളുടെയും മേൽനോട്ടം വഹിച്ചവർ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് അന്ന് ഒട്ടേറെ ആക്ടിവിസ്റ്റുകളും രംഗത്തെത്തിയിരുന്നു. സംഭവം വൻ വിവാദമായതിനെത്തുടർന്ന് 2020 മാർച്ച് മുതൽ 2022 ഡിസംബർ വരെ കോവിഡ് സമയത്ത് മരുന്നുകളുടെയും ഉപകരണങ്ങളുടെയും സംഭരണത്തിലും വിതരണത്തിലും ആരോഗ്യം, മെഡിക്കൽ വിദ്യാഭ്യാസം, മറ്റു സർക്കാർ വകുപ്പുകൾ എന്നിവക്ക് സംഭവിച്ച വീഴ്ചകൾ പരിശോധിക്കാനാണ് 2023 ആഗസ്റ്റ് 25ന് കുഞ്ഞ കമീഷൻ രൂപവത്കരിച്ചത്.
മുഖ്യമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിലെ ഉള്ളടക്കം പൂർണമായി പരസ്യമാക്കിയിട്ടില്ല. മുഖ്യമന്ത്രിയുടെ ബംഗളൂരുവിലെ കാവേരി വസതിയിൽ അദ്ദേഹത്തിന്റെ നിയമ ഉപദേഷ്ടാവ് എ.എസ്. പൊന്നണ്ണ എം.എൽ.എയുടെയും രാഷ്ട്രീയ സെക്രട്ടറി നാസിർ അഹമ്മദിന്റെയും സാന്നിധ്യത്തിലാണ് റിട്ട. ജസ്റ്റിസ് ജോൺ മൈക്കൾ കുഞ്ഞ റിപ്പോർട്ട് കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.