‘രാഷ്ട്രത്തിന് വേണ്ടി ജീവിതം സമർപ്പിച്ചൊരാൾ...; നെഹ്റുവിനെ മോദിയുമായി താരതമ്യം ചെയ്യുന്നത് തെറ്റെന്നും ശരത് പവാർ

മുംബൈ: രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവുമായി നരേന്ദ്ര മോദിയെ താരതമ്യം ചെയ്യാനാകില്ലെന്ന് എൻ.സി.പി (എസ്.പി) അധ്യക്ഷൻ ശരദ് പവാർ. രാഷ്ട്രനിർമാണത്തിലും സ്വാതന്ത്ര്യസമരത്തിലും നെഹ്റു നൽകിയ സംഭാവനകളും അദ്ദേഹത്തിന്റെ ത്യാഗങ്ങളും ഇന്ത്യൻ ജനതയ്ക്ക് ഒരിക്കലും മറക്കാനാകില്ലെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. പാർട്ടിയുടെ 27ാമത് സ്ഥാപക ദിനാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുൻ കേന്ദ്രമന്ത്രി കൂടിയായ ശരദ് പവാർ.

നരേന്ദ്ര മോദി ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രിമാരിൽ ഒരാളായി മാറിയെന്നും അദ്ദേഹത്തെപ്പോലെ മറ്റൊരു നേതാവില്ലെന്ന തരത്തിലാണ് നിലവിൽ ചിത്രീകരണങ്ങൾ നടക്കുന്നതെന്നും പവാർ ചൂണ്ടിക്കാട്ടി. പാർലമെന്ററി ജനാധിപത്യത്തിൽ പ്രധാനമന്ത്രി എന്നത് ഭരണഘടനാപരമായ പദവിയാണ്, അതിനെ ബഹുമാനിക്കണം. എന്നാൽ നെഹ്റു നെഹ്റുവാണ്, അദ്ദേഹം നടത്തിയ ത്യാഗങ്ങൾ ഒരിക്കലും വിസ്മരിക്കാൻ കഴിയില്ല. മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യസമരത്തിനിടെ വർഷങ്ങളോളമാണ് നെഹ്റു ജയിലിൽ കഴിഞ്ഞത്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ മറ്റാരുമായും താരതമ്യം ചെയ്യാനാകില്ലെന്നും പവാർ വ്യക്തമാക്കി.

ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും സിഖ് ജനതയോട് ക്രൂരത കാണിച്ചെന്ന മഹാരാഷ്ട്ര മന്ത്രിയും ബി.ജെ.പി നേതാവുമായ ഗിരീഷ് മഹാജന്റെ പ്രസ്താവനയെയും ശരദ് പവാർ രൂക്ഷമായി വിമർശിച്ചു. ഇത്തരം പ്രസ്താവനകൾ ഒരുതരത്തിലും അംഗീകരിക്കാനാകില്ല. ഓപ്പറേഷൻ ബ്ലൂ സ്റ്റാർ ഇന്ദിരാഗാന്ധിയുടെ ഒരു ത്യാഗമായിരുന്നു. രാജ്യത്തിന്റെ അതിർത്തി സുരക്ഷയ്ക്കും ഭക്ഷ്യഭദ്രതയ്ക്കുമായി നിലകൊണ്ടവരാണ് സിഖ് സമൂഹം. ചില ആളുകൾ തെറ്റായ വഴി തിരഞ്ഞെടുത്തതിനെ തുടർന്ന് ചില സംഭവങ്ങൾ ഉണ്ടായിട്ടുണ്ടാകാം, അത് മറക്കാനാകില്ല. എന്നാൽ രാജ്യത്തിന്റെ അന്തസ്സിലും സുരക്ഷയിലും ഇന്ദിരാഗാന്ധി വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്നും പവാർ ഓർമിപ്പിച്ചു.

Tags:    
News Summary - 'Nehru sacrificed his life for nation building'; Comparing him with Narendra Modi is wrong - Sharad Pawar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.