ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിൽ സമരം ചെയ്ത വിദ്യാർഥികൾക്ക് ഭക്ഷണവും വെള്ളവും വിതരണം ചെയ്ത് ശ്രദ്ധേയനായ സന്നദ്ധപ്രവർത്തകൻ മുഹമ്മദ് ജുനൈദ് മാലിക്കിനെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത് അജ്ഞാത കേന്ദ്രത്തിൽ ചോദ്യം ചെയ്തതായി പരാതി. ആർ.എം.എൽ ആശുപത്രിയിൽ നിന്ന് മടങ്ങുന്നതിനിടെ കസ്റ്റഡിയിലെടുത്ത തന്റെ കണ്ണ് കെട്ടുകയും രാത്രി മുഴുവൻ ചോദ്യം ചെയ്യലിന് വിധേയനാക്കുകയും ചെയ്തതായി ജുനൈദ് പറഞ്ഞു.
സമരക്കാർക്ക് ഭക്ഷണം നൽകാനുള്ള പണം ആരാണ് നൽകിയതെന്ന് പൊലീസ് നിരന്തരം ചോദിച്ചതായും, പിന്നീട് ഉത്തരാഖണ്ഡിലെ മസൂറിയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നും ജുനൈദ് വ്യക്തമാക്കുന്നു. ഇതിനിടെ ഗാസിയാബാദിലെ വീട്ടിലെത്തിയ പൊലീസ് സംഘം തന്റെ പ്രായമായ പിതാവിനെയും ബന്ധുക്കളെയും ചോദ്യം ചെയ്യുകയും വ്യക്തിഗത രേഖകൾ ആവശ്യപ്പെടുകയും ചെയ്തതായി കുടുംബം ആരോപിച്ചു. എന്നാൽ ഈ ആരോപണങ്ങൾ ഡൽഹി പൊലീസ് നിഷേധിക്കുകയാണ് ഉണ്ടായത്. ഉയർന്ന പരാതികളെക്കുറിച്ച് അന്വേഷണം നടത്തി വരികയാണെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.
തന്റെ പിതാവിനെയും പ്രായപൂർത്തിയാകാത്ത സഹോദരനെയും കഴിഞ്ഞ ദിവസും പൊലീസ് കസ്റ്റഡിയിലെടുത്തതായി ജുനൈദ് വെളിപ്പെടുത്തിയിരുന്നു. മീററ്റിലുള്ള ജുനൈദിന്റെ സഹോദരിയുടെ ഭർതൃപിതാവിനെയും ഭർതൃസഹോദരനെയും സമാനമായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റെയ്ഡിനിടെ കുടുംബാംഗങ്ങളുടെ ആധാർ കാർഡുകളും ബാങ്ക് പാസ് ബുക്കുകളും ഉൾപ്പെടെയുള്ള പ്രധാന രേഖകൾ പൊലീസ് പിടിച്ചെടുത്തതായും ജുനൈദ് കുറ്റപ്പെടുത്തി. സമരങ്ങളിൽ സജീവമായി ഇടപെടുന്നതിനുള്ള പ്രതികാര നടപടിയായാണ് പൊലീസ് ഈ നീക്കം നടത്തിയതെന്നും, തന്നെയും കുടുംബാംഗങ്ങളെയും ഭയപ്പെടുത്തി സമരത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചതായും ജുനൈദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.