ന്യൂഡൽഹി: നീറ്റ് ക്രമക്കേടിൽ വിദ്യാഭ്യാസ മന്ത്രിയുടെ രാജിവാശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി) നടത്തിയ പ്രതിഷേധങ്ങൾ ഫലം കണ്ടതോടെ മറ്റൊരു സമരത്തിന് കൂടി സാക്ഷ്യം വഹിക്കാനൊരുങ്ങി രാജ്യ തലസ്ഥാനം. എഥനോൾ കലർത്തിയ പെട്രോൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിലെ ട്രാൻസ്പോർട്ട് യൂനിയനുകൾ ആഗസ്റ്റ് നാലിന് പാലർമെന്റ് മാർച്ച് പ്രഖ്യാപിച്ചു. ഡൽഹി ടാക്സി, ടൂറിസ്റ്റ് ആൻഡ് ടൂർ ഓപ്പറേറ്റേഴ്സ് അസോസിയേഷനുകളാണ് പാലർമെന്റിലേക്ക് പ്രതിഷേധ മാർച്ചിനൊരുങ്ങുന്നത്.
എഥനോൾ കലർന്ന പെട്രോൾ ഉപയോഗിക്കുന്നത് മൂലം വാഹനങ്ങളിലുണ്ടാകുന്ന പ്രശ്നങ്ങൾ രാജ്യത്തുടനീളം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും ഇതുവരെയും ഉണർന്നു പ്രവർത്തിക്കാത്ത പാർലമെന്റ് അംഗങ്ങൾക്കുള്ള മുന്നറിയിപ്പായിരിക്കും മാർച്ചെന്ന് അസോസിയേഷൻ പ്രസിഡന്റ് സഞ്ജയ് സാമ്രാട്ട് പറഞ്ഞു. ഇതൊരു രാഷ്ട്രീയ വിഷയമാക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ല. ഇ20 ജനത പാർട്ടിയുമായോ സി.ജെ.പിയുമായോ മറ്റ് രാഷ്ട്രീയ പാർട്ടികളുമായോ ഈ വിഷയത്തിന് ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഉപഭോക്താക്കൾക്ക് ഇ20 ഇന്ധനം മാത്രമേ ലഭ്യമാകൂവെന്ന സർക്കാർ തീരുമാനെത്തിനെതിരെയാണ് പ്രതിഷേധമെന്ന് ആൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഹരിഷ് സബർവാളും വ്യക്തമാക്കി. ഇ20 പെട്രോൾ ഉപഭോക്താക്കളിൽ അടിച്ചേൽപ്പിക്കരുതെന്നാണ് തങ്ങളുടെ ആവശ്യം. ഏത് വേണമെന്ന് തെരഞ്ഞെടുക്കാനുള്ള അവസരം അവർക്ക് നൽകണം. നിലവിൽ അത്തരമൊരു ഓപ്ഷനില്ലെന്നും അതു കൊണ്ടു തന്നെ ആഗസ്റ്റ് നാലിന് നടക്കുന്ന പാലർമെന്റ് മാർച്ചിനെ പിന്തുണക്കാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സി.ജെ.പി സമരവിജയത്തിന് പിന്നാലെ, കേന്ദ്ര സർക്കാരിനെയും ബി.ജെ.പിയെയും പ്രതിരോധത്തിലാക്കി ‘ഇ20 ജനതാ പാർട്ടി’ (ഇ.ജെ.പി) എന്ന പേരിൽ പുതിയ സോഷ്യൽ മീഡിയ കാമ്പയിൻ ജനകീയമാവുകയാണ്. പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തുന്ന കേന്ദ്ര നയത്തിനെതിരെയാണ് ‘ഇ20 ജനതാ പാർട്ടി’ എന്ന പേരിൽ എക്സ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ പുതിയ മുന്നേറ്റം രൂപംകൊണ്ടത്. 100% ശുദ്ധമായ പെട്രോൾ തിരഞ്ഞെടുക്കാനുള്ള അവകാശം ഉപഭോക്താക്കൾക്ക് നൽകണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.
‘തങ്ങളുടെ വാഹനങ്ങളുടെ ഫ്യുവൽ ടാങ്കിൽ എന്ത് ഒഴിക്കണമെന്ന് തീരുമാനിക്കാനുള്ള പൂർണ അവകാശം ഉപഭോക്താവിനായിരിക്കണം’ എന്ന് വ്യക്തമാക്കുന്ന ഈ കാമ്പയിന് ചുരുങ്ങിയ സമയംകൊണ്ട് വലിയ ജനശ്രദ്ധയാണ് ലഭിക്കുന്നത്. വരും ദിവസങ്ങളിൽ കാമ്പയിൻ കൂടുതൽ ശക്തമാകുമെന്നാണ് സോഷ്യൽ മീഡിയ ട്രെൻഡുകൾ നൽകുന്ന സൂചന.
ഇ20 പെട്രോളോ സബ്‌സിഡിയോ പിൻവലിക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നില്ല. പകരം, എഥനോൾ കലർത്താത്ത 100% ശുദ്ധമായ പെട്രോളും ലഭ്യമാക്കണമെന്നും, ഉപഭോക്താക്കൾക്ക് ഇതിൽ ഏത് വേണമെന്ന് സ്വയം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. പമ്പുകളിൽ ഇത് വ്യക്തമായി പ്രദർശിപ്പിക്കണമെന്നും ഇ20 ജനതാ പാർട്ടി ആവശ്യപ്പെടുന്നു. ഇന്ധനങ്ങളുടെ നേട്ടങ്ങൾ, പ്രത്യാഘാതങ്ങൾ എന്നിവ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ സർക്കാർ പൊതുജനങ്ങൾക്ക് ലഭ്യമാക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു. മൈലേജ്, എൻജിൻ പ്രകടനം, അറ്റകുറ്റപ്പണി ചെലവ് എന്നിവ സംബന്ധിച്ച് സ്വതന്ത്ര പഠനങ്ങൾ നടത്തി ഫലം പുറത്തുവിടണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്. തങ്ങൾ രാഷ്ട്രീയേതരമായ ഒരു ഉപഭോക്തൃ അവകാശ പ്രസ്ഥാനമാണെന്നാണ് സംഘടനയുടെ വിശദീകരണം.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സി.ജെ.പി നടത്തിയ ശക്തമായ പ്രക്ഷോഭങ്ങളെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ കഴിഞ്ഞ ദിവസം രാജി വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയെയും അദ്ദേഹത്തിന്റെ നയങ്ങളെയും ലക്ഷ്യമിട്ട് പുതിയ നീക്കം ഉണ്ടായിരിക്കുന്നത്. എഥനോൾ വിവാദത്തിൽ ഉൾപ്പെട്ട ‘സിയാൻ അഗ്രോ’ എന്ന കമ്പനിയുടെ നേതൃത്വത്തിലുള്ളത് നിതിൻ ഗഡ്കരിയുടെ മകൻ നിഖിൽ ഗഡ്കരിയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. പെട്രോളിൽ എഥനോൾ ചേർക്കാനുള്ള നയം നടപ്പിലാക്കുമ്പോൾ 40 രൂപയായിരുന്ന കമ്പനിയുടെ ഓഹരി വില ഒന്നര വർഷം കൊണ്ട് 3600 രൂപയിലേക്ക് കുതിച്ചുയർന്നതും വലിയ ചർച്ചയായിട്ടുണ്ട്.
എഥനോൾ ചേർത്ത ഇ20 പെട്രോൾ വാഹനങ്ങൾക്ക് ദോഷം ചെയ്യുമെന്നതിന് ശാസ്ത്രീയമായ തെളിവില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക വിശദീകരണം. അതേസമയം, രാജ്യസഭയിൽ ജൂലൈ 22ന് നൽകിയ മറുപടിയിൽ, ഇ10 ഇന്ധനത്തിനായി രൂപകൽപ്പന ചെയ്ത പഴയ വാഹനങ്ങളിൽ 3 മുതൽ 5 ശതമാനം വരെ മൈലേജ് കുറയാൻ സാധ്യതയുണ്ടെന്ന് പെട്രോളിയം-പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.