മുംബൈയിൽ നിന്ന് ദുബൈയിലേക്ക് സർവിസ് നടത്തിയ ഇൻഡിഗോയുടെ യാത്രാവിമാനം കാർഗോ ഹോൾഡിൽ പുക കണ്ടെത്തിയതിനെ തുടർന്ന് ഗുജറാത്തിലെ രാജ്കോട്ട് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. വിമാനത്തിലുണ്ടായിരുന്ന 194 യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കിയതായി അധികൃതർ അറിയിച്ചു.
6E 1452 എന്ന ഇൻഡിഗോ വിമാനത്തിലെ ജീവനക്കാരാണ് യാത്രക്കിടെ കാർഗോ ഹോൾഡ് ഭാഗത്ത് പുക ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഉടൻ പൈലറ്റുമാരെ വിവരമറിയിച്ചത്. സ്ഥിതിഗതികളുടെ ഗൗരവം കണക്കിലെടുത്ത് പൈലറ്റുമാർ രാജ്കോട്ട് വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെടുകയും അടിയന്തര ലാൻഡിങ്ങിന് അനുമതി തേടുകയും ചെയ്തു.
വിവരം ലഭിച്ചതോടെ രാജ്കോട്ട് വിമാനത്താവളത്തിൽ 'ഫുൾ എമർജൻസി' പ്രഖ്യാപിച്ചു. വിമാനം ലാൻഡ് ചെയ്ത ഉടൻ യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി. യാത്രക്കാരിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും പരിഭ്രാന്തി ഒഴികെ മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും വിമാനത്താവള അധികൃതർ അറിയിച്ചു. കാർഗോ ഹോൾഡ് ഭാഗത്ത് പുക കണ്ടെത്തിയതിനെ തുടർന്നാണ് വിമാനം അടിയന്തരമായി രാജ്കോട്ടിൽ ഇറക്കിയത്. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായും എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് രാജ്കോട്ട് വിമാനത്താവള ഡയറക്ടർ ദിഗന്ത് ബോറ വ്യക്തമാക്കി.
പുക ഉയരാൻ കാരണമായ സാഹചര്യം എന്താണെന്നത് വ്യക്തമല്ല. സാങ്കേതിക തകരാറാണോ മറ്റേതെങ്കിലും കാരണമാണോ എന്നത് കണ്ടെത്തുന്നതിനായി വിമാനം വിശദമായി പരിശോധിച്ചുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.