അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ്; അന്വേഷണ സംഘത്തിൽ ചാർട്ടേഡ് അക്കൗണ്ടന്റിനെ ഉൾപ്പെടുത്താൻ സുപ്രീംകോടതി നിർദ്ദേശം

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിൽ (എസ്.ഐ.ടി) ചാർട്ടേഡ് അക്കൗണ്ടന്റിനെയും ഉൾപ്പെടുത്താൻ ഉത്തർപ്രദേശ് സർക്കാരിന് സുപ്രീംകോടതിയുടെ നിർദ്ദേശം നൽകി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് അന്വേഷണം കൂടുതൽ ശക്തമാക്കാൻ ഉത്തരവിട്ടത്. കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഐ.പി.എസ് ഉദ്യോഗസ്ഥനായ കിരൺ. എസിന്റെ നേതൃത്വത്തിലാണ് പുതിയ എസ്‌.ഐ.ടി സംഘത്തെ രൂപീകരിച്ചിരിക്കുന്നത്. അയോധ്യ ഡി.ഐ.ജി സോമൻ വർമ്മ, എസ്‌.എസ്.പി ഗൗരവ് ഗ്രോവർ എന്നിവരും പുതിയ സംഘത്തിലുണ്ട്. അന്വേഷണം വേഗത്തിലുള്ളതും സുതാര്യവും പക്ഷപാതപരമല്ലാത്തുമായിരിക്കണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. കേസ് അവസാനിപ്പിച്ചിട്ടില്ലെന്നും കൂടുതൽ നടപടികൾ ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. രണ്ടാഴ്ചയ്ക്കകം അന്വേഷണത്തിന്റെ പുരോഗതി സംബന്ധിച്ച സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കാനാണ് ബെഞ്ച് അന്വേഷണ സംഘത്തിന് നൽകിയിരിക്കുന്ന നിർദ്ദേശം.

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തുക എണ്ണുന്നതിനിടയിൽ വൻ തട്ടിപ്പുകൾ നടന്നുവെന്ന ആരോപണങ്ങളെത്തുടർന്നാണ് കേസ് കോടതിയുടെ പരിഗണനയിൽ എത്തിയത്. ഭക്തർ നൽകിയ സംഭാവനകളിൽ വലിയ തോതിൽ കൃത്രിമം കാണിച്ചെന്ന പരാതിയെ തുടർന്ന് പണമെണ്ണൽ ജോലികളിൽ ഏർപ്പെട്ടിരുന്ന എട്ട് പേരെ പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭാവന തട്ടിപ്പ് വിവാദം ഉയർന്നതിനെത്തുടർന്ന്, ക്ഷേത്ര ട്രസ്റ്റായ ശ്രീരാമജന്മഭൂമി തീർത്ഥ് ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറി ചമ്പത് റായ് കഴിഞ്ഞ മാസം ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വെച്ചിരുന്നു.

ഇതിനിടയിൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) അയോധ്യ ശാഖയുടെ ഭാഗത്തുനിന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ചയുണ്ടായെന്നും ചെസ്റ്റ് റൂം നിയമങ്ങൾ ലംഘിക്കപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടി ചമ്പത് റായ് എസ്‌.ഐ.ടിക്ക് കുറിപ്പ് നൽകിയിരുന്നു. ക്ഷേത്രത്തിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന കോടിക്കണക്കിന് രൂപയുടെ സംഭാവനകളുടെ കണക്കുകളിൽ പൂർണ്ണ സുതാര്യത ഉറപ്പാക്കാനാണ് സുപ്രീം കോടതിയുടെ ഇപ്പോഴത്തെ ഇടപെടൽ. അന്വേഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനാണ് മുൻഗണനയെന്ന് കോടതി ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. 

Tags:    
News Summary - Ayodhya Ram temple donation scam Supreme Court directs to include chartered accountant in investigation team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.