താഹിർ ഹുസൈൻ
ന്യൂഡൽഹി: പൗരത്വസമരത്തിൽ പങ്കെടുത്തതിന് പിന്നാലെ ഡൽഹി കലാപക്കേസിൽ പ്രതിചേർക്കപ്പെട്ട ആം ആദ്മി പാർട്ടി മുൻ കൗൺസിലർ താഹിർ ഹുസൈൻ ഉൾപ്പെടെ അഞ്ചുപേർക്കെതിരെ വിചാരണ കോടതി വെള്ളിയാഴ്ച വിധി പറയും. ഇന്റലിജൻസ് ബ്യൂറോ (ഐ.ബി) ഉദ്യോഗസ്ഥനായ അങ്കിത് ശർമയെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിലാണ് വാദം കേൾക്കൽ പൂർത്തിയായി വിധി പറയാൻ മാറ്റിയത്.
കേസിൽ താഹിർ ഉൾപ്പെടെ അഞ്ചു പേർക്കും വധശിക്ഷ നൽകണമെന്ന് പൊലീസ് കോടതിയോട് ആവശ്യപ്പെട്ടു. അങ്കിത് ശർമയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചു കൊലപ്പെടുത്തുകയാണുണ്ടായതെന്നും മരണശേഷവും ഉപദ്രവിച്ചുവെന്നും പൊലീസിന് വേണ്ടി പ്രോസിക്യൂട്ടർ വാദിച്ചു. ശരീരത്തിൽ 51 പരിക്കുകളാണ് കണ്ടെത്തിയത്. 18 എണ്ണം മൂർച്ചയേറിയ ആയുധങ്ങൾ കൊണ്ടുള്ളതാണ്. ഇത് കൊടും ക്രൂരതയാണെന്നും അതിനാൽ കുറ്റവാളികൾക്ക് വധശിക്ഷ നൽകണമെന്നും പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടു.
അപൂർവങ്ങളിൽ അപൂർവ്വമായ കേസുകളിൽ മാത്രമേ വധശിക്ഷ നൽകാവൂ എന്നും ഗൂഢാലോചനക്ക് തെളിവില്ലെന്നും താഹിർ ഹുസൈന്റെയും നസീർ, അസിം, ജാവേദ്, അനസ് എന്നീ മറ്റ് നാല് കുറ്റക്കാരുടെയും അഭിഭാഷകൻ വാദിച്ചു.കൊലപാതകം, വിവിധ വിഭാഗങ്ങൾ തമ്മിൽ ശത്രുത വളർത്തൽ, മാരകായുധങ്ങളേന്തി കലാപം നടത്തൽ, നിയമവിരുദ്ധമായി സംഘം ചേരൽ, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങൾ ജൂലൈ 13ന് ഇവർക്കെതിരെ കോടതി ചുമത്തിയിരുന്നു. ഗൂഢാലോചനാ കുറ്റത്തിൽനിന്ന് എല്ലാവരെയും ഒഴിവാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.