നീറ്റ് ചോദ്യപേപ്പർ ചോർച്ച: പ്രതി ശുഭം ഖൈർനാർ ഉദ്യോഗാർത്ഥികൾക്ക് ഉറപ്പുനൽകിയത് 500-നും 600-നും ഇടയിൽ മാർക്ക്
ന്യൂഡൽഹി: നീറ്റ്-യുജി 2026 പരീക്ഷാ പേപ്പർ ചോർച്ചാ കേസിലെ പ്രധാന പ്രതികളിൽ ഒരാളായ ശുഭം ഖൈർനാർ വിദ്യാർഥി കൾക്ക് 500-നും 600-നും ഇടയിൽ മാർക്ക് ഉറപ്പുനൽകിയിരുന്നത് വെളിപ്പെടുത്തുന്ന വാട്‌സ്ആപ്പ് ചാറ്റ് വിവരങ്ങൾ സി.ബി.ഐ പുറത്തുവിട്ടു. ആകെ 720 മാർക്കിലാണ് നീറ്റ്-യുജി പരീക്ഷ നടക്കുന്നത്.
ചോദ്യപേപ്പർ ചോർച്ചയിൽ സി.ബി.ഐ നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്. ഏപ്രിലിൽ ചോദ്യപേപ്പറിന്റെ ഒരു പകർപ്പ് വേണമെന്ന് പുണെ സ്വദേശിയായ യഷ് യാദവിനോട് ശുഭം ആവശ്യപ്പെട്ടിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ചോർന്ന പേപ്പറിനായുള്ള ഇടപാട് ഏപ്രിൽ 29-ഓടെ ഉറപ്പിച്ചതായും, അതിനുശേഷം ശുഭവും മറ്റുള്ളവരും ഉയർന്ന മാർക്കും പ്രശസ്തമായ കോളജുകളിൽ പ്രവേശനവും വാഗ്ദാനം ചെയ്ത് നീറ്റ് പരീക്ഷ എഴുതുന്ന ഉദ്യോഗാർഥികളെ സമീപിക്കുകയായിരുന്നുവെന്നുമാണ് കണ്ടെത്തൽ. പ്രധാന പ്രതിയും മറ്റ് പ്രതികളും തമ്മിൽ വാട്‌സ്ആപ്പ് വഴി നടത്തിയ ആശയവിനിമയങ്ങളുടെ വിശദാംശങ്ങൾ പുറത്തുവന്നു. ശുഭത്തിന്റെ മൊബൈൽ ഫോണിൽ നിന്ന് ചാറ്റ് ലോഗുകൾ, ചോർന്ന ചോദ്യപേപ്പറിന്റെ പകർപ്പുകൾ, മറ്റ് നിർണായക ഡിജിറ്റൽ തെളിവുകൾ എന്നിവ സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്.
മഹാരാഷ്ട്രക്ക് പുറമെ ഹരിയാനയിലെ ഗുരുഗ്രാം, രാജസ്ഥാനിലെ ജയ്‌പൂർ, പ്രധാന കോച്ചിംഗ് ഹബ്ബായ സിക്കാർ, കൂടാതെ ജമ്മു കശ്മീർ, ബിഹാർ, കേരളം ഉൾപ്പെടെയുള്ള നിരവധി സംസ്ഥാനങ്ങളിലേക്ക് ചോദ്യ പേപ്പർ ചോർത്തി നൽകിയതായും റിപ്പോർട്ടുണ്ട്.
നാസിക്കിലെ ഇന്ദിരാനഗർ സ്വദേശിയായ 30-കാരൻ ശുഭം ഖൈർനാർ ബി.എ.എം.എസ് വിദ്യാർത്ഥിയാണ്. പുണെ സ്വദേശിയായ പ്രതിയിൽ നിന്ന് 10 ലക്ഷം രൂപക്ക് നീറ്റ്-യുജി ചോദ്യപേപ്പർ വാങ്ങിയ ഇയാൾ, ഹരിയാനയിൽ നിന്നുള്ള ആൾക്ക് 15 ലക്ഷം രൂപക്ക് വിൽക്കുകയും 5 ലക്ഷം രൂപ ലാഭം നേടുകയും ചെയ്തതായാണ് ആരോപണം. പിടിക്കപ്പെടാതിരിക്കാൻ ഇയാൾ മുടി മുറിച്ച് രൂപമാറ്റം വരുത്തിയിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ, പഴയ ചിത്രങ്ങളുമായി നിലവിലെ രൂപം ഒത്തുനോക്കിയും സാങ്കേതിക നിരീക്ഷണ വിവരങ്ങൾ ഉപയോഗിച്ചും ഉദ്യോഗസ്ഥർ ഇയാളെ തിരിച്ചറിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.