പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) നീറ്റ് യു.ജി 2026 പരീക്ഷ റദ്ദാക്കിയതായി പ്രഖ്യാപിച്ചതിന് പിന്നാലെ ദേശീയ തലസ്ഥാനത്ത് വിദ്യാർഥി പ്രതിഷേധം ശക്തമായി. ചോദ്യപേപ്പർ ചോർച്ച ആരോപണങ്ങളെ തുടർന്ന് നടത്തിയ ഈ തീരുമാനത്തിനെതിരെ നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ (എൻ.എസ്.യു.ഐ) പ്രവർത്തകർ ചൊവ്വാഴ്ച ശാസ്ത്രി ഭവന് മുമ്പിൽ പ്രതിഷേധം നടത്തി.
ബാനറുകളും മുദ്രാവാക്യങ്ങളുമായി എത്തിയ വിദ്യാർഥികൾ, രാജ്യത്തെ ഏറ്റവും വലിയ പ്രവേശന പരീക്ഷകളിലൊന്നായ നീറ്റിന്റെ വിശ്വാസ്യതയും നിഷ്പക്ഷതയും ഉറപ്പാക്കുന്നതിൽ എൻ.ടി.എ പരാജയപ്പെട്ടുവെന്ന് ആരോപിച്ചു. മേയ് 3-ന് നടന്ന നീറ്റ് യു.ജി 2026 പരീക്ഷ റദ്ദാക്കിയതായി എൻ.ടി.എ ഔദ്യോഗികമായി അറിയിച്ചതിന് പിന്നാലെയായിരുന്നു പ്രതിഷേധം. പരീക്ഷാ പ്രക്രിയയിലെ പിഴവുകൾക്ക് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ മുദ്രാവാക്യം വിളിച്ചതോടെ ശാസ്ത്രി ഭവന് പുറത്ത് സുരക്ഷ ശക്തമാക്കി.
ദേശീയതല പ്രവേശന പരീക്ഷകളുമായി ബന്ധപ്പെട്ട വിവാദങ്ങൾ വിദ്യാർഥികളുടെ വിദ്യാഭ്യാസ സംവിധാനത്തിലുള്ള വിശ്വാസം തകർക്കുകയാണെന്ന് എൻ.എസ്.യു.ഐ നേതാക്കൾ ആരോപിച്ചു. പരീക്ഷ നടത്തിപ്പിൽ കൂടുതൽ സുതാര്യത വേണമെന്നും എൻ.ടി.എയുടെ ഉത്തരവാദിത്തം ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു. മാസങ്ങളോളം കഠിനാധ്വാനം ചെയ്ത് പരീക്ഷക്ക് തയ്യാറായ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ ഭരണപരമായ വീഴ്ചകളുടെ പേരിൽ വീണ്ടും ബുദ്ധിമുട്ടിലായിരിക്കുകയാണെന്നും പ്രതിഷേധക്കാർ പറഞ്ഞു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മത്സരപരീക്ഷകളിൽ ആവർത്തിച്ച് ഉയരുന്ന ചോദ്യപേപ്പർ ചോർച്ച ആരോപണങ്ങൾ വിദ്യാർഥികളിൽ ആശങ്കയും അനിശ്ചിതത്വവും സൃഷ്ടിക്കുകയാണെന്നും അവർ വിമർശിച്ചു.
മെയ് 3-ന് നടന്ന പരീക്ഷയുടെ ചോദ്യങ്ങൾ നേരത്തെ പ്രചരിച്ച ഒരു 'ഗസ് പേപ്പറുമായി' സാമ്യമുള്ളതാണെന്ന ആരോപണങ്ങൾ ഉയർന്നതിനെ തുടർന്നാണ് നീറ്റ് യുജി 2026 പരീഷ റദ്ദാക്കിയത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികളിൽ നിന്ന് ലഭിച്ച വിവരങ്ങളും അന്വേഷണ റിപ്പോർട്ടുകളും പരിഗണിച്ചാണ് പരീക്ഷ റദ്ദാക്കാൻ തീരുമാനിച്ചതെന്ന് എൻ.ടി.എ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. പരീക്ഷ ക്രമത്തിൽ ഗുരുതര വീഴ്ചകൾ ഉണ്ടായിരിക്കാമെന്ന സൂചനകൾ ലഭിച്ചതായും ഏജൻസി പറഞ്ഞു. കഴിഞ്ഞ പരീഷ പരിഗണിക്കാൻ പറ്റില്ലെന്ന് വ്യക്തമാക്കിയ ഏജൻസി, പുതിയ തീയതികളിൽ പരീക്ഷ വീണ്ടും നടത്തുമെന്നും തീയതികൾ പിന്നീട് പ്രഖ്യാപിക്കുമെന്നും അറിയിച്ചു. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം നടത്തുന്നതിനായി ഇന്ത്യാ ഗവൺമെന്റ് കേസ് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന് (CBI) കൈമാറുകയും ചെയ്തു.
രാജ്യത്തെ മെഡിക്കൽ ബിരുദ പ്രവേശനത്തിനായുള്ള ഏറ്റവും വലിയ പ്രവേശന പരീക്ഷയായ നീറ്റ് യു.ജിയിൽ ഇത്തവണ ഏകദേശം 22 ലക്ഷം വിദ്യാർത്ഥികളാണ് പങ്കെടുത്തത്. പരീക്ഷ റദ്ദാക്കിയതോടെ, പുതുക്കിയ പരീക്ഷ തീയതികൾ, വീണ്ടുമുള്ള തയ്യാറെടുപ്പുകൾ, പ്രവേശന നടപടികൾ, സമയക്രമം എന്നിവയെക്കുറിച്ച് രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികൾ ഇപ്പോൾ അനിശ്ചിതത്വത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.