ന്യൂഡൽഹി: നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കെമിസ്ട്രി ചോദ്യപേപ്പർ തയാറാക്കിയവരും വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയവരും സി.ബി.ഐ നിരീക്ഷണത്തിൽ. പരീക്ഷക്ക് മുമ്പ് പ്രചരിച്ച മാതൃകാ ചോദ്യപേപ്പറും യഥാർഥ ചോദ്യപേപ്പറും തമ്മിൽ കെമിസ്ട്രി വിഭാഗത്തിലെ ചോദ്യങ്ങൾ 100 ശതമാനം ഒത്തുവന്നതാണ് അന്വേഷണം ഇവരിലേക്ക് വ്യാപിപ്പിക്കാൻ സി.ബി.ഐ തീരുമാനിച്ചത്. ചോദ്യപേപ്പർ തയാറാക്കിയവരുടെയും വിവർത്തനം ചെയ്തവരുടെയും വിവരങ്ങൾ നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) സി.ബി.ഐക്ക് കൈമാറി.
മേയ് മൂന്നിന് നടന്ന പരീക്ഷക്ക് ശേഷം മേയ് ഏഴിനാണ് രാജസ്ഥാനിലെ സിക്കറിലുള്ള വ്യക്തി മാതൃകാ ചോദ്യപേപ്പറിന്റെ പി.ഡി.എഫ് സഹിതം എൻ.ടി.എക്ക് ഇ-മെയിൽ അയച്ചത്. ഈ ചോദ്യങ്ങൾ യഥാർഥ പേപ്പറുമായി ഒത്തുനോക്കിയപ്പോൾ കെമിസ്ട്രി ചോദ്യങ്ങൾ പൂർണമായും ബയോളജി ചോദ്യങ്ങൾ ഭാഗികമായും ചോർന്നതായി കണ്ടെത്തി.
കെമിസ്ട്രി ചോദ്യപേപ്പറുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച 27 പേരുടെ പട്ടികയാണ് സി.ബി.ഐക്ക് കൈമാറിയിട്ടുള്ളത്. ഇതിൽ 24 പേർ പരിഭാഷകരും ബാക്കിയുള്ളവർ ചോദ്യം തയാറാക്കിയവരുമാണ്. പുണെയിൽനിന്ന് സി.ബി.ഐ അറസ്റ്റ് ചെയ്ത റിട്ട. പ്രഫസർ പി.വി. കുൽക്കർണി കെമിസ്ട്രി ചോദ്യങ്ങൾ തയാറാക്കുന്നതിലും അത് മറാഠി ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുന്നതിലും പങ്കാളിയായിരുന്നു.
ചോർച്ചയുടെ പശ്ചാത്തലത്തിൽ ജൂൺ 21ന് നടക്കാനിരിക്കുന്ന പുനഃപരീക്ഷക്കായി കെമിസ്ട്രിക്ക് പുറമെ ഫിസിക്സ്, ബയോളജി വിഷയങ്ങളിലെയും ചോദ്യകർത്താക്കളെയും പരിഭാഷകരെയും എൻ.ടി.എ പൂർണമായി മാറ്റിയിട്ടുണ്ട്. അതിനിടെ, പുനഃപരീക്ഷയുടെ സുരക്ഷ വിലയിരുത്തുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ സുരക്ഷ-രഹസ്യാന്വേഷണ ഏജൻസികളുടെ യോഗം വിളിച്ചുചേർത്തു.
പരീക്ഷ പൂർണമായും സുതാര്യവും സുരക്ഷിതവുമായി നടത്തുന്നതിന് കർശന ജാഗ്രതയും പഴുതടച്ച സുരക്ഷാ സംവിധാനങ്ങളും ഉറപ്പാക്കണമെന്ന് യോഗത്തിൽ മന്ത്രി നിർദേശിച്ചു. പരീക്ഷകളെക്കുറിച്ച് വ്യാജവാർത്തകളും പരിഭ്രാന്തിയും പരത്തുന്ന സമൂഹ മാധ്യമ നെറ്റ്‌വർക്കുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. ഇതിന്റെ ഭാഗമായി മെറ്റാ, ഗൂഗ്ൾ, ടെലിഗ്രാം തുടങ്ങിയ പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ പ്രതിനിധികളുമായി മന്ത്രാലയം പ്രത്യേക കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.