പട്ന: ബിഹാറിൽ മന്ത്രിസഭ രൂപവത്കരണ ചർച്ചകൾ അന്തിമഘട്ടത്തിലേക്ക്. ജെ.ഡി(യു)നേതാവ് നിതീഷ് കുമാർ മുഖ്യമന്ത്രിയായി തുടരുമെങ്കിലും പുതിയ സർക്കാറിൽ ബി.ജെ.പിക്കായിരിക്കും കൂടുതൽ പ്രാതിനിധ്യം ലഭിക്കുക. മന്ത്രിസഭ രൂപവത്കരണവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചനയും ഇതാണ്. കേന്ദ്ര ആഭ്യന്തരമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ അമിത് ഷായുടെ നേതൃത്വത്തിലാണ് ചർച്ചകൾ നടന്നത്.
ബി.ജെ.പിക്ക് 15മുതൽ 16വരെ മന്ത്രിമാരെ ലഭിക്കാൻ സാധ്യതയുണ്ട്. ജെ.ഡി(യു)വിന് 14 മന്ത്രിമാരെയും. 19 സീറ്റുകൾ നേടിയ എൻ.ഡി.എയിലെ ഘടകകക്ഷിയായ എൽ.ജെ.പിക്ക് (ലോക് ജൻ ശക്തി-രാം വികാസ്) മൂന്ന് മന്ത്രിസ്ഥാനങ്ങൾ ലഭിച്ചേക്കാം. അഞ്ച് സീറ്റുകൾ നേടിയ ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ച(സെക്കുലർ)ക്കും നാലു സീറ്റുകൾ നേടിയ ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് മോർച്ചക്കും ഓരോ മന്ത്രിസ്ഥാനവും വീതം ലഭിക്കുമെന്നാണ് കരുതുന്നത്. ആറ് എം.എൽ.എമാർക്ക് ഒരു മന്ത്രിസ്ഥാനം എന്നതാണ് ഫോർമുല.
നവംബർ ആറിനും 11നുമായി നടന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ 202 സീറ്റുകളാണ് എൻ.ഡി.എക്ക് ലഭിച്ചത്. ബി.ജെ.പി 89ഉം ജെ.ഡി(യു)85 സീറ്റുകളുമാണ് നേടിയത്. ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി.
രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി), കോൺഗ്രസ്, മൂന്ന് ഇടതുപക്ഷ പാർട്ടികൾ എന്നിവ ഉൾപ്പെടുന്ന മഹാസഖ്യത്തിന് 35 സീറ്റുകളാണ് ലഭിച്ചത്. മുൻ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിക്ക് ബിഹാറിൽ അക്കൗണ്ട് തുറക്കാൻ സാധിച്ചില്ല. 238 സീറ്റുകളിലാണ് ജൻ സുരാജ് മത്സരിച്ചത്. അസദുദ്ദീൻ ഉവൈസിയുടെ ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീൻഅഞ്ച് സീറ്റുകൾ നേടി. തെരഞ്ഞെടുപ്പിലെ വൻ തിരിച്ചടിക്ക് എസ്.ഐ.ആറിനെയും തെരഞ്ഞെടുപ്പ് കമീഷനെയുമാണ് ഇൻഡ്യ സഖ്യം പഴിചാരിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.