ന്യൂഡൽഹി: ഇൻഡ്യ സഖ്യത്തിൽ നിന്ന് വിഭിന്നമായ നിലപാട് സ്വീകരിച്ച് എൻ.സി.പി ശരത് പവാർ വിഭാഗം. മൂന്ന് ബില്ലുകളുമായി ബന്ധപ്പെട്ട് സംയുക്ത പാർലമെന്ററി സമിതി ഉണ്ടാക്കുന്നതിലാണ് എൻ.സി.പി ഇൻഡ്യ സഖ്യത്തിൽ നിന്നും വിഭിന്ന നിലപാട് സ്വീകരിച്ചത്. പാർലമെന്ററി സമിതിക്കായി അംഗത്തെ നൽകുമെന്ന് എൻ.സി.പി അറിയിച്ചു.
മന്ത്രിമാർ 30 ദിവസം ജയിലിൽ കിടന്നാൽ അവരുടെ സ്ഥാനം പോകുമെന്നത് ഉൾപ്പടെയുള്ള ബില്ലുകളാണ് സംയുക്തപാർലമെന്ററി സമിതിക്ക് വിട്ടത്. ബില്ലുകളിൽ തങ്ങൾക്ക് എതിർപ്പുണ്ടെന്നും കേന്ദ്രമന്ത്രി കിരൺ റിജിജ്ജു വിളിച്ച് സംയുക്ത പാർലമെന്ററി സമിതിക്കായി അംഗത്തെ നൽകണമെന്നാവശ്യപ്പെട്ടപ്പോൾ തങ്ങൾ അതിന് തയാറാവുകയായിരുന്നുവെന്നും എൻ.സി.പി നേതാവ് സുപ്രിയ സുലെ പറഞ്ഞു. ഇക്കാര്യത്തിൽ കോൺഗ്രസ് ഇതുവരെ ചർച്ച നടത്തിയിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ഗവൺമെന്റ് യൂണിയൻ ടെറിറ്ററി ബിൽ, ഭരണഘടന ഭേദഗതി ബിൽ, ജമ്മുകശ്മീർ പുനഃസംഘടന ബിൽ എന്നിവയാണ് സംയുക്തപാർലമെന്ററി സമിതിക്ക് വിട്ടത്. തൃണമൂൽ കോൺഗ്രസാണ് ആദ്യം സംയുക്തപാർലമെന്ററി സമിതിയിൽ നിന്ന് വിട്ടുനിൽക്കുമെന്ന് അറിയിച്ചത്.
ഇതിന് പിന്നാലെ ശിവസേനയും ആം ആദ്മി പാർട്ടിയും സംയുക്തപാർലമെന്ററി സമിതിയിൽ നിന്നും വിട്ടുനിൽക്കുമെന്ന് അറിയിക്കുകയായിരുന്നു. ഇടതുപാർട്ടികൾ ആദ്യം സംയുക്ത പാർലമെന്ററി സമിതിയിൽ ചേരുന്നതിനെ അനുകൂലിച്ചിരുന്നു. കോൺഗ്രസ് ഇതുവരെ ഇക്കാര്യത്തിൽ നിലപാടെടുത്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.