മിന്നലാക്രമണം പാകിസ്താനും കഴിയും –ശരീഫ്

ഇസ് ലാമാബാദ്: ‘സര്‍ജിക്കല്‍ സ്ട്രൈക്’ നടത്താന്‍ പാകിസ്താനും കഴിവുണ്ടെന്ന് പ്രധാനമന്ത്രി നവാസ് ശരീഫ്. ഇന്ത്യന്‍ കടന്നാക്രമണം മേഖലക്കുതന്നെ ഭീഷണിയാണെന്ന് പ്രത്യേക കാബിനറ്റ് യോഗത്തില്‍ അധ്യക്ഷത വഹിച്ച് അദ്ദേഹം പറഞ്ഞു. നിയന്ത്രണരേഖയില്‍നിന്നുള്ള ഏത് ആക്രമണത്തില്‍നിന്നും തങ്ങളുടെ ജനങ്ങളെയും അതിര്‍ത്തിയും സംരക്ഷിക്കാന്‍ എല്ലാ നടപടിയുമെടുത്തിട്ടുണ്ട്. മാതൃരാജ്യം സംരക്ഷിക്കാന്‍ ജനതയും നേതൃത്വവും തോളോടുതോള്‍ ചേര്‍ന്നുനില്‍ക്കുകയാണ്; സുശക്തമായ സൈനിക സന്നാഹവും ഇതോടൊപ്പമുണ്ട്. സമാധാനത്തിനോടുള്ള തങ്ങളുടെ പ്രതിബദ്ധതയെ ദൗര്‍ബല്യമായി കാണരുതെന്ന് അദ്ദേഹം മുന്നറിയിപ്പുനല്‍കി. ദുഷ്ടലാക്കോടെ പാകിസ്താനെ നോക്കാന്‍ ആരെയും അനുവദിക്കില്ല. കശ്മീര്‍ പ്രശ്നം വിഭജനത്തിന്‍െറ ഇനിയും പരിഹരിക്കപ്പെടാത്ത അജണ്ടയാണ്. സ്വയം നിര്‍ണയാവകാശത്തിനുള്ള ആ ജനതയുടെ പോരാട്ടത്തെ അടിച്ചമര്‍ത്താനാകില്ല. ഉറിയില്‍ നടന്ന ആക്രമണത്തെക്കുറിച്ച് അന്വേഷണം നടത്തണം. പാകിസ്താനാണ് ആക്രമണത്തിനു പിന്നിലെന്ന ആരോപണം വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.

മിന്നലാക്രമണം നടത്തിയെന്ന ഇന്ത്യയുടെ അവകാശവാദം കാബിനറ്റും ഒന്നടങ്കം തള്ളിക്കളഞ്ഞു. ഇന്ത്യന്‍ ആക്രമണത്തിന്‍െറ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നവാസ് ശരീഫ് പ്രത്യേക കാബിനറ്റ് യോഗം വിളിച്ചത്. നിയന്ത്രണരേഖയിലെ സാഹചര്യം യോഗം ചര്‍ച്ചചെയ്തു.
കശ്മീരി ജനതയുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം പാകിസ്താന്‍െറ പ്രധാന പരിഗണനാവിഷയമായി തുടരുമെന്നും ഇന്ത്യയുടെ മിന്നലാക്രമണത്തിന്‍െറ വെളിച്ചത്തില്‍ ഇതില്‍നിന്ന് പിറകോട്ടുപോകില്ളെന്നും പാകിസ്താന്‍ വിദേശകാര്യ വക്താവ് സര്‍താജ് അസീസ് പറഞ്ഞു. കശ്മീരി ജനതക്കെതിരായ ക്രൂരത അന്താരാഷ്ട്ര സമൂഹത്തിന്‍െറ ശ്രദ്ധയില്‍നിന്ന് മറച്ചുപിടിക്കാനുള്ള ഇന്ത്യയുടെ തന്ത്രമാണ് ആക്രമണം. പാകിസ്താന്‍, ഇന്ത്യയെ നയതന്ത്രപരമായി നേരിടുമെന്നും അതേസമയം, രാജ്യത്തെ സംരക്ഷിക്കാന്‍ സൈന്യം പൂര്‍ണ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. സംഘര്‍ഷം മൂര്‍ച്ഛിപ്പിക്കാന്‍ പാകിസ്താന്‍ ആഗ്രഹിക്കുന്നില്ളെന്നും അതേസമയം, ഏതു അടിയന്തര സാഹചര്യവും നേരിടാന്‍ തയാറാണെന്നും പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് പറഞ്ഞു.  

യു.എന്‍ പ്രമേയത്തിന്‍െറ അടിസ്ഥാനത്തില്‍ കശ്മീരി ജനതക്ക് സ്വയംനിര്‍ണയാവകാശം അനുവദിക്കണമെന്ന് ദശാബ്ദങ്ങള്‍ക്കുമുമ്പേ ലോകം ആവശ്യപ്പെട്ടിരുന്നതാണെന്ന് കശ്മീരികാര്യ മന്ത്രി ചൗധരി ബര്‍ജീസ് ചൂണ്ടിക്കാട്ടി. ഇപ്പോള്‍ കശ്മീരി ജനതയുടെ അഞ്ചാമത്തെ തലമുറയാണ് ഈ അവകാശത്തിനായി പൊരുതുന്നത്. ഈ പോരാട്ടത്തെ അടിച്ചമര്‍ത്തുകയെന്ന ഇന്ത്യന്‍ നയം ഇന്ത്യക്കോ മേഖലക്കോ ഗുണംചെയ്യില്ളെന്ന് അദ്ദേഹം പറഞ്ഞു. സംഘര്‍ഷത്തെ തുടര്‍ന്ന് പാക് ചീഫ് ജസ്റ്റിസ് അന്‍വര്‍ സഹീര്‍ ജമാലി അടുത്തമാസം നടത്താനിരുന്ന ഇന്ത്യന്‍ സന്ദര്‍ശനം മാറ്റിവെച്ചു. ഒക്ടോബര്‍ 21 മുതല്‍ 23 വരെ നടക്കുന്ന ആഗോള സമ്മേളനത്തില്‍ പങ്കെടുക്കാനായിരുന്നു ജമാലിയുടെ സന്ദര്‍ശനം.

നിയന്ത്രണം പാലിക്കാനും തര്‍ക്കം സമാധാനപരമായി പരിഹരിക്കാനും ഇന്ത്യ, പാകിസ്താന്‍ സര്‍ക്കാറുകളോട് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു. സംഘര്‍ഷം വര്‍ധിച്ചുവരുന്നതിനെ കടുത്ത ആശങ്കയോടെയാണ് യു.എന്‍ നിരീക്ഷിക്കുന്നതെന്ന് സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്‍െറ വക്താവ് സ്റ്റീഫന്‍ ദുജ്ജാറിക് പറഞ്ഞു. ഇന്ത്യയും പാകിസ്താനുമായി ബന്ധപ്പെട്ട യു.എന്‍ സൈനിക നിരീക്ഷണസംഘം, ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചുവരുകയാണെന്ന് അദ്ദേഹം പറഞ്ഞു.

സംഘര്‍ഷാവസ്ഥയിലും അട്ടാരി-വാഗ വഴി കടന്നുപോയത് 180ഓളം ട്രക്കുകള്‍

 നിയന്ത്രണരേഖ കടന്ന് പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുമ്പോഴും ചരക്കുകളുമായി അട്ടാരി-വാഗ വഴി കടന്നുപോയത് 180ഓളം ട്രക്കുകള്‍. രാജ്യങ്ങള്‍ തമ്മിലുള്ള കച്ചവട സാമഗ്രികളുടെ നീക്കം പതിവുപോലെ തുടരുകയാണ്. കടന്നുപോകുന്ന ട്രക്കുകളുടെ എണ്ണത്തില്‍പോലും കുറവൊന്നും കാണാനായില്ളെന്ന് പഞ്ചാബ് കസ്റ്റംസ് കമീഷണര്‍ പറഞ്ഞു.

ഇന്ത്യയില്‍നിന്ന് തക്കാളി കയറ്റി 63 ട്രക്കുകള്‍ പാകിസ്താനിലേക്ക് കടന്നുപോയപ്പോള്‍ സിമന്‍റ്, ഈത്തപ്പഴം, ജിപ്സം, ഉപ്പ് എന്നിവ കയറ്റിയ 123 ട്രക്കുകളാണ് ഇതുവഴി ഇന്ത്യയിലേക്ക് നീങ്ങിയത്. തക്കാളി, ഇഞ്ചി, വെളുത്തുള്ളി, സുഗന്ധവ്യഞ്ജനങ്ങള്‍ ഉള്‍പ്പെടെ പച്ചക്കറികള്‍ പ്രധാനമായും ഇന്ത്യയില്‍നിന്ന് പാകിസ്താന്‍ ഇറക്കുമതി ചെയ്യുമ്പോള്‍, പാകിസ്താനില്‍നിന്ന് സിമന്‍റ്, ജിപ്സം, ഉണക്കപ്പഴങ്ങള്‍ എന്നിവയാണ് ഇന്ത്യ വാങ്ങുന്നത്.

കശ്മീരില്‍ സുരക്ഷാസേനക്ക്നേരെ ആക്രമണം

 ഭീകരര്‍ കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാസേനക്കുനേരെ വെള്ളിയാഴ്ച ആക്രമണം നടത്തിയതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. യരിപൊരയിലെ പൊലീസിന്‍െറയും സി.ആര്‍.പി.എഫിന്‍െറയും സംയുക്ത സേനക്കുനേരെയാണ് ആക്രമണമുണ്ടായത്. ആക്രമികള്‍ രക്ഷപ്പെട്ടു. സംഭവസ്ഥലത്ത് പ്രതിരോധം ശക്തിപ്പെടുത്തുകയും ആക്രമികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കുകയും ചെയ്തു.

മോദിയെ അഭിനന്ദിച്ച് രാഹുല്‍

പാക് അധീന കശ്മീരില്‍ മിന്നലാക്രമണം നടത്തിയ സംഭവത്തില്‍ താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നില്‍ക്കുന്നുവെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രണ്ടര വര്‍ഷത്തിനിടയില്‍ ഇതാദ്യമായി നരേന്ദ്ര മോദിയെ അഭിനന്ദിക്കാന്‍ ആഗ്രഹിക്കുന്നു. പ്രധാനമന്ത്രിയുടെ പദവിക്കു ചേര്‍ന്ന പ്രവൃത്തിയാണ് മോദി ചെയ്തത് -രാഹുല്‍ പറഞ്ഞു.

Tags:    
News Summary - nawaz sharif

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.