ബെംളൂരു: നാടൻ കോഴിക്കറി, ഇഡലിയും ദോശയും ഉപ്പുമാവും ഒപ്പം ആവിപറക്കുന്ന കാപ്പിയും, അധികാരത്തോടുള്ള വിശപ്പ് മറികടക്കാൻ വീണ്ടും ഒന്നിച്ചിരുന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും. ചൊവ്വാഴ്ച രാവിലെയോടെയാണ് സിദ്ധരാമയ്യ, ഡി.കെ ശിവകുമാറിന്റെ വസതിയിൽ പ്രാതലിനെത്തിയത്.
ആദ്യം ബെംഗളൂരു റൂറൽ എം.പിയായ ഡി.കെ. സുരേഷിന്റെ നേതൃത്വത്തിൽ പൂക്കൂട കൈമാറിയും ഷാളണിയിച്ചും സ്വീകരണം. പിന്നാലെ, പ്രാതലിലേക്ക്, വീട്ടിലുണ്ടാക്കിയ വിഭസമൃദ്ധമായ ഭക്ഷണത്തിനൊപ്പം ചൂടേറിയ ചർച്ചയും കാപ്പിയും.
കഴിഞ്ഞ ദിവസമാണ് കൂടിക്കാഴ്ച സംബന്ധിച്ച് വിവരങ്ങൾ വെളിപ്പെടുത്തി ഡി.കെ സമൂഹമാധ്യമമായ എക്സിൽ കുറിപ്പ് പങ്കുവെച്ചത്. മുഖ്യമന്ത്രിയെ വീട്ടിലേക്ക് പ്രാതലിന് ക്ഷണിച്ചിട്ടുണ്ടെന്നും ഇരുവരും ഒരുമിച്ച് ഒറ്റക്കെട്ടായി നീങ്ങുന്നത് ചർച്ചചെയ്യാനും കർണാടകയിലെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ യോജിച്ചുള്ള ശ്രമങ്ങൾ അരക്കിട്ടുറപ്പിക്കാനുമാണ് ചർച്ചയെന്നും ഡി.കെ വ്യക്തമാക്കിയിരുന്നു.
ശനിയാഴ്ച സിദ്ധരാമയ്യയുടെ ക്ഷണം സ്വീകരിച്ച് ഡി.കെ അദ്ദേഹത്തിന്റെ വസതിയിൽ പ്രാതലിനെത്തിയിരുന്നു. തുടർന്ന്, അധികാരത്തർക്കത്തിൽ വിട്ടുവീഴ്ചയുണ്ടാവുന്നുവെന്ന സന്ദേശം നൽകി ഇരുവരും ഒന്നിച്ച് വാർത്തസമ്മേളനം നടത്തുകയും ചെയ്തു. തങ്ങൾക്കിടയിൽ ഭിന്നതയില്ലെന്നും കർണാടകയുടെ ക്ഷേമമാണ് ലക്ഷ്യമെന്നുമായിരുന്നു പ്രതികരണം.അധികാരമാറ്റമടക്കം വിഷയങ്ങളിൽ ഹൈകമാൻഡിന്റെ നിർദേശങ്ങൾ അംഗീകരിക്കുമെന്നും ഇരുവരും വ്യക്തമാക്കി.
ചൊവ്വാഴ്ച പ്രാതൽ ചർച്ചക്ക് ശേഷവും ഇതേ വാക്കുകൾ സിദ്ധരാമയ്യ ആവർത്തിച്ചു. തങ്ങൾ ഇരുവർക്കുമിടയിൽ ഭിന്നതയില്ലെന്നും ഹൈകമാൻഡ് തീരുമാനിച്ച് നിർദേശിക്കുന്നത് അനുസരിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു.
കഴിഞ്ഞ ദിവസം സിദ്ധരാമയ്യയുടെ ക്ഷണം സ്വീകരിച്ച ഡി.കെ. ശിവകുമാർ അദ്ദേഹത്തിന്റെ വസതിയിൽ പ്രാതലിനെത്തിയിരുന്നു. തുടർന്ന് മാധ്യമങ്ങളെ കണ്ട ഇരുവരും നേതൃമാറ്റമടക്കം വിഷയങ്ങളിൽ ഹൈകമാൻഡ് തീരുമാനം അംഗീകരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
മുഖ്യമന്ത്രി പദത്തിനായി ഡി.കെ. ശിവകുമാറും സിദ്ധരാമയ്യയും തമ്മിൽ വടംവലി കനക്കുന്നതിനിടെ സംസ്ഥാന ഭരണം അടിമുടി താളംതെറ്റിയതായി ആരോപിച്ച് ബി.ജെ.പിയടക്കം പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തിയിരുന്നു. എന്നാൽ, തിങ്കളാഴ്ച മാധ്യമങ്ങളോട് സംസാരിച്ച ഡി.കെ.ശിവകുമാർ ഈ ആരോപണങ്ങളെ തള്ളി. സംസ്ഥാനത്ത് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും തമ്മിൽ സ്വരച്ചേർച്ചയില്ലെന്നും പ്രതിപക്ഷത്തിന്റേത് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്നും ഡി.കെ വ്യക്തമാക്കി.
ഇരുവരും തമ്മിലുള്ള അധികാരവടംവലി തലവേദനയായതോടെയാണ് വിഷയത്തിൽ ദേശീയ നേതൃത്വം ഇടപെട്ടത്. തുടർന്ന്, ഹൈകമാൻഡ് നിർദേശമനുസരിച്ചായിരുന്നു ശനിയാഴ്ച സിദ്ധരാമയ്യയുടെ വസതിയിലെ പ്രാതൽ ചർച്ച. 2028 തെരഞ്ഞെടുപ്പാണ് അജണ്ടയായതെന്നായിരുന്നു കൂടിക്കാഴ്ചക്ക് പിന്നാലെ സിദ്ധരാമയ്യയുടെ വിശദീകരണം. ‘2028 തെരഞ്ഞെടുപ്പായിരുന്ന ഞങ്ങളുടെ അജണ്ട. തദ്ദേശ തെരഞ്ഞെടുപ്പുകൾക്കും വലിയ പ്രാധാന്യമുണ്ട്. വരുന്ന തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനെ ഭരണത്തിലേക്ക് തിരിച്ചെത്തിക്കുന്നതാണ് ചർച്ചയായത്. ഒന്നിച്ച് മുന്നോട്ടുപോകാൻ ഞങ്ങൾ തമ്മിൽ ധാരണയിലായി. ഞങ്ങൾക്കടിയിൽ അഭിപ്രായ വ്യത്യാസങ്ങളൊന്നും നിലവിലില്ല, ഭാവിയിൽ ഉണ്ടാവുകയുമില്ല’- സിദ്ധരാമയ്യ പറഞ്ഞു. വിഷയത്തിൽ അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേത് ആണെന്നും താനായാലും ശിവകുമാറായാലും ഹൈക്കമാന്‍റ് തീരുമാനം അംഗീകരിക്കുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു. പിന്നീട് സമൂഹമാധ്യമത്തിൽ ഡി.കെ ശിവകുമാറും സമാന നിലപാടുകൾ ആവർത്തിച്ചു.
2023ലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം രണ്ടര വർഷം വീതം മുഖ്യമന്ത്രി സ്ഥാനം വീതംവെക്കാമെന്ന് തീരുമാനിച്ചിരുന്നു എന്നാണ് ശിവകുമാർ പക്ഷത്തിന്‍റെ വാദം. ഇക്കാര്യം സ്ഥിരീകരിക്കാൻ നേതൃത്വം തയാറായിരുന്നില്ല. നിലവിൽ സിദ്ധരാമയ്യ രണ്ടര വർഷം പൂർത്തിയായ സാഹചര്യത്തിൽ മാറി തനിക്ക് മുഖ്യമന്ത്രി പദം നൽകണം എന്നാണ് ശിവകുമാർ ആവശ്യപ്പെട്ടിരുന്നത്.
എന്നാൽ, ഇരുവർക്കുമിടയിൽ അധികാരകൈമാറ്റമടക്കം വിഷയങ്ങളിൽ ഒത്തുതീർപ്പ് ഫോർമുലകൾ ഇനിയും അന്തിമമായിട്ടില്ലെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നത്. പടിപടിയായി ഡി.കെ ശിവകുമാറിനെ ഉയർന്ന പദവികളിൽ എത്തിക്കാൻ ധാരണയായി എന്നാണ് നിലവിൽ ഇതുസംബന്ധിച്ച് പുറത്തുവരുന്ന വിവരങ്ങൾ. ചൊവ്വാഴ്ച പ്രാതൽ ചർച്ചയിലും ഇരുവിഭാഗത്തിന്റെയും നിർണായക ആവശ്യങ്ങൾ ചർച്ചയായതായാണ് റിപ്പോർട്ടുകൾ. വരുംദിവസങ്ങളിൽ കൂടുതൽ ചർച്ചകളിലൂടെ പ്രശ്നം രമ്യമായി പരിഹരിക്കാനുള്ള ശ്രമം തുടരാനാണ് ഇരുവരോടും ഹൈകമാൻഡ് ആവശ്യപ്പെട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.