ന്യൂഡൽഹി: ദേശീയപാത 66ൽ കൂരിയാട് ഭാഗത്ത് റോഡ് തകർന്നതിൽ കടുത്ത നടപടിയുമായി കേന്ദ്ര സർക്കാർ. എൻ.എച്ച്.എ.ഐ (നാഷണൽ ഹൈവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ) സൈറ്റ് എൻജിനീയറെ പിരിച്ചുവിടുകയും പ്രൊജക്ട് ഡയറക്ടറെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റേതാണ് നടപടി.
സുരക്ഷാ കൺസൾട്ടന്റ്, ഡിസൈൻ കൺസൾട്ടന്റ് കമ്പനികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാനും തീരുമാനിച്ചു. കരാറുകാരൻ സ്വന്തം ചെലവിൽ മേൽപ്പാലം നിർമിക്കണം.
റോഡ് സുരക്ഷാ അവലോകനത്തിനായി വിദഗ്ധ സമിതി രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. എംബാങ്മെന്റ് നിർമാണം വിദഗ്ധസമിതി പഠിക്കും.
ന്യൂഡൽഹി: മലപ്പുറം കൂരിയാട് ദേശീയപാത 66 നിർമാണത്തിലും രൂപരേഖയിലും പാളിച്ചയുണ്ടായെന്ന് തുറന്നുസമ്മതിച്ച് ദേശീയപാത അതോറിറ്റി (എൻ.എച്ച്.എ.ഐ). പാത നിർമാണത്തിന് കരാറെടുത്ത കമ്പനികൾ 40 ശതമാനം വരെ തുക കുറച്ചാണ് ഉപകരാറുകൾ നല്‍കിയതെന്നും എൻ.എച്ച്.എ.ഐ അധികൃതർ പാർലമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്ക് (പി.എ.സി) മുമ്പാകെ അറിയിച്ചു.
ഒരു കിലോമീറ്റർ പാത പൂർണമായും പുനർനിർമിക്കേണ്ടിവരും. നിർമാണത്തിന് മുന്നോടിയായി സ്ഥലത്തെ മണ്ണ് പരിശോധന ഫലപ്രദമായി നടന്നില്ല. കരാർ ഏറ്റെടുത്ത കെ.എൻ.ആർ കൺസ്ട്രക്ഷൻസിന് വൻ വീഴ്ച സംഭവിച്ചു.
ദേശീയപാത നിർമാണത്തിലെ കരാർ, രൂപരേഖ എന്നിവ സംബന്ധിച്ച് ഓഡിറ്റ് നടത്താൻ കംട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന് (സി.എ.ജി) പി.എ.സി നിർദേശം നൽകി.
അടുത്ത ദിവസങ്ങളിൽ എൻ.എച്ച്.എ.ഐ ചെയർമാൻ കേരളത്തിലെത്തി നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തും.
പാലക്കാട് ഐ.ഐ.ടിയിൽ നിന്നുൾപ്പെടെ മൂന്നംഗ സാങ്കേതിക വിദഗ്ധരും പരിശോധന നടത്തും. അവരുടെ നിര്‍ദേശമനുസരിച്ച് നടപടി സ്വീകരിക്കുമെന്നും എൻ.എച്ച്.എ.ഐ പി.എ.സിയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.