ന്യൂഡൽഹി: ഏകീകരണ അജണ്ടയുടെ ഭാഗമായി പൊലീസ് സേനക്ക് 'ഒരു രാജ്യം, ഒരേ യൂനിഫോം' എന്ന ആശയം മുന്നോട്ടുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ സംസ്ഥാനങ്ങളിലെ പൊലീസിന്റെ യൂനിഫോം ഏകീകരിച്ചാൽ സേനക്ക് ഒരേ തനിമ ലഭിക്കും. പൊലീസും ക്രമസമാധാനവും സംസ്ഥാന സർക്കാറുകളുടെ അധികാര പരിധിയിൽ വരുന്ന വിഷയമാണ്. അതുകൊണ്ട് ഇത്തരമൊരു നിർദേശം അടിച്ചേൽപിക്കുകയല്ല, പരിഗണനക്ക് വെക്കുക മാത്രമാണ് ചെയ്യുന്നതെന്നും മോദി വിശദീകരിച്ചു.
സംസ്ഥാന ആഭ്യന്തരമന്ത്രിമാരുടെ സമ്മേളനത്തെ വിദൂര ദൃശ്യ സംവിധാനത്തിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. പൊലീസ് സേനക്ക് ഏകമുഖം നൽകുമ്പോൾ ഒരേ ഉൽപന്നം വൻതോതിൽ നിർമിക്കുക വഴി മെച്ചപ്പെട്ട ഉൽപന്നങ്ങൾ ലഭ്യമാകും. നിയമപാലകർക്ക് പൊതുരൂപം കിട്ടും. രാജ്യത്ത് എവിടെയും പൊലീസിനെ ജനങ്ങൾക്ക് വേഗം തിരിച്ചറിയാനാവും. ഓരോ സംസ്ഥാനങ്ങൾക്കും വെവ്വേറെ നമ്പറോ ചിഹ്നമോ നൽകുകയുമാകാം.
യുവാക്കളെ തീവ്രവാദത്തിലേക്ക് തള്ളിവിടുന്ന വഴിപിഴച്ച മനസ്സുകളുടെ സ്വാധീനത്തിനെതിരെ ജാഗ്രത പാലിക്കാൻ ആഭ്യന്തര മന്ത്രിമാരോട് മോദി നിർദേശിച്ചു. പേനയേന്തിയതോ തോക്കേന്തിയതോ ആകട്ടെ, നക്സലിസത്തിന്റെ എല്ലാ രൂപങ്ങളും തുടച്ചു നീക്കണം. ഐക്യവും അഖണ്ഡതയും കണക്കിലെടുത്ത് അത്തരം ശക്തികൾക്ക് രാജ്യത്ത് പച്ചപിടിക്കാൻ അവസരം നൽകരുത്. അക്കൂട്ടർക്ക് ഗണ്യമായ സഹായം വിദേശത്തുനിന്ന് കിട്ടുന്നുണ്ട്.
കാലം മാറിയതിനൊത്ത് പഴഞ്ചൻ നിയമങ്ങൾ സംസ്ഥാന സർക്കാറുകൾ പുനഃപരിശോധിക്കണം. ക്രമസമാധാനം ആഭ്യന്തര സുരക്ഷ എന്നിവയിലെ പുതിയ വെല്ലുവിളികൾ നേരിടാൻ എല്ലാ ഏജൻസികളുടെയും ഏകോപിത പ്രവർത്തനം നടക്കണം. ക്രമസമാധാനം സംസ്ഥാന വിഷയമാണെങ്കിലും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയുമായി തുല്യബന്ധം അതിനുണ്ട്. ആഭ്യന്തര സുരക്ഷക്ക് സംസ്ഥാനങ്ങൾ കൈകോർത്ത് നീങ്ങണം. ക്രമസമാധാനവും സുരക്ഷയും മുൻനിർത്തി എല്ലാ സംസ്ഥാനങ്ങളും വിവരം പങ്കുവെക്കുന്ന സാങ്കേതികവിദ്യയുടെ പൊതുവേദി ഉണ്ടാകണം. വ്യാജവാർത്തകൾ പ്രചരിക്കുന്നത് തടയാൻ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തണം. ദേശീയ തലത്തിൽ തന്നെ ഉത്കണ്ഠ പരത്താൻ വ്യാജ വാർത്തകൾക്ക് കെൽപ്പുണ്ട്.
സമൂഹമാധ്യമങ്ങളിലെ വിവരങ്ങൾ അന്ധമായി പങ്കുവെക്കുന്നതിനു മുമ്പ് പരിശോധിക്കാൻ ജനങ്ങളെ ബോധവത്കരിക്കണം. കുറ്റകൃത്യങ്ങൾ ഇന്ന് പ്രാദേശികമല്ല. അതിന് അന്തർ സംസ്ഥാന, അന്താരാഷ്ട്ര ബന്ധവും ഉണ്ടാകാം. അതുകൊണ്ടു തന്നെ സംസ്ഥാന ഏജൻസികൾ തമ്മിൽ കൂടുതൽ സഹകരിക്കേണ്ടതുണ്ട്. ഭീകരതക്കെതിരായ പോരാട്ടങ്ങൾക്ക് യു.എ.പി.എ പോലുള്ള നിയമങ്ങൾ ശക്തി പകർന്നിട്ടുണ്ടെന്നും നരേന്ദ്ര മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.