മോദി പ്രധാനമന്ത്രിയല്ല, സർവാധിപതി; മുൻകാലങ്ങളിൽ കോൺഗ്രസിന് വീഴ്ച പറ്റിയെന്നും രാഹുൽ

ലഖ്‌നോ: മുൻകാലങ്ങളിൽ കോൺഗ്രസിന് വീഴ്ച പറ്റിയെന്നും അത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഭാവിയില്‍ പാർട്ടി അതിന്റെ രാഷ്ട്രീയത്തില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നും രാഹുല്‍ ഗാന്ധി. നരേന്ദ്ര മോദി പ്രധാനമന്ത്രിയല്ലെന്നും രാജാവാണെന്നും രാഹുൽ പറഞ്ഞു. ലഖ്‌നോവില്‍ പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍.

‘വരുംകാലത്ത് കോണ്‍ഗ്രസ് പാര്‍ട്ടി അതിന്റെ രാഷ്ട്രീയത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്. മുന്‍കാലത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയും വീഴ്ചകള്‍ വരുത്തിയിരുന്നു, കോൺഗ്രസിൽ നിന്നുകൊണ്ടാണ് ഇക്കാര്യം പറയുന്നത്’ -രാഹുല്‍ പറഞ്ഞു. പ്രധാനമന്ത്രി മോദി ഒരു ഏകാധിപതിയാണെന്ന് കുറ്റപ്പെടുത്തിയ രാഹുൽ, അദ്ദേഹം ഏതാനും നിക്ഷേപകരുടെ മറയായി പ്രവര്‍ത്തിക്കുയാണെന്നും ആരോപിച്ചു.

അദ്ദേഹം ഒരു പ്രധാനമന്ത്രിയല്ല, ഒരു സര്‍വാധിപതിയാണ്. അദ്ദേഹത്തിന് മന്ത്രിസഭയുമായോ, പാർലമെന്‍റുമായോ, ഭരണഘടനയുമായോ യാതൊരു ബന്ധവുമില്ല. 21ാം നൂറ്റാണ്ടിലെ രാജാവാണ് അദ്ദേഹം, യഥാർഥത്തിൽ അധികാരം കൈയാളുന്ന രണ്ടോ മൂന്നോ സമ്പന്നരുടെ മറയായി പ്രവർത്തിക്കുകയാണെന്നും രാഹുൽ കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയെ രാഹുൽ സംവാദത്തിന് വെല്ലുവിളിക്കുയും ചെയ്തു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 180 സീറ്റുകളിലധികം നേടില്ലെന്നും നരേന്ദ്ര മോദി വീണ്ടും ഇന്ത്യയുടെ പ്രധാനമന്ത്രിയാകില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

അധികാര രാഷ്ട്രത്തിൽ തനിക്ക് താൽപര്യമില്ലെന്നും രാഹുൽ വ്യക്തമാക്കി. അധികാരത്തിലേക്കാണ് താൻ പിറന്നുവീണത്, അതിനാല്‍ത്തന്നെ അതിൽ തനിക്ക് താല്‍പര്യവുമില്ല. അധികാരമെന്നാല്‍ പൊതുജനങ്ങളെ സഹായിക്കാനുള്ള ഒരുപാധി മാത്രമാണ് തനിക്ക്. ഇൻഡ്യ സഖ്യം അധികാരത്തിലെത്തിയാൽ ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് നടത്താൻ ഉത്തരവിടുമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

Tags:    
News Summary - 'Narendra Modi is a king, not prime minister': Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.