നോയ്ഡ: മുത്തൂറ്റ് ഫിൻകോർപ്പിന്‍റെ ഗാസിയാബാദ് മാനേജർ ആസാദ് വെടിയേറ്റ് മരിച്ച സംഭവത്തിൽ മാതൃസഹോദര പുത്രൻ ഉൾപ്പടെ രണ്ട് പേർ അറസ്റ്റിൽ. കമ്പനിയുടെ ഓഫീസിൽ നിന്ന് സ്വർണം കവരാനുള്ള ഗുഢാലോചന പരാജയപ്പെട്ടതിനെ തുടർന്നായിരുന്നു കൊലയെന്ന് പൊലീസ് പറഞ്ഞു.
വെടിയേറ്റ പാടുകളുമായി ജൂൺ 20ന് ബദൽപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു കലുങ്കിനടുത്തു നിന്നാണ് ആസാദിൻെറ മൃതദേഹം കിട്ടിയത്. ഇതേതുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആസാദിൻെറ മാതൃസഹോദര പുത്രൻ പർവീന്ദർ, സുഹൃത്ത് ചമൻലാൽ കശ്യപ് എന്നീ പ്രതികൾ അറസ്റ്റിലായത്. ഇവരോടൊപ്പം ഗൂഢാലോചന നടത്തിയ സുനിൽ, ദീപക് എന്നീ പ്രതികൾ ഒളിവിലാണ്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെയാണ്; ആസാദിൻെറ പക്കൽ നിന്ന് പർവീന്ദർ 10000 രൂപ കടം വാങ്ങിയിരുന്നു. ഇൗ തുക തിരിച്ച് കിട്ടാൻ ആസാദ് നിരന്തരമായി ആവശ്യപ്പെട്ടു തുടങ്ങി. ജൂൺ 20ന് രാത്രി പർവീന്ദർ ആസാദിനെ കാണുകയും അയാളുടെ കൂടെ കൽവ ഗ്രാമത്തിലേക്ക് വന്നാൽ പണം തരാമെന്ന് പറയുകയും ചെയ്തു. തുടർന്ന് ഇരുവരും കൂടി ആസാദിൻെറ ഇരുചക്ര വാഹനത്തിൽ യാത്ര തിരിച്ചു. യാത്രാ മധ്യേ മദ്യപിക്കാൻ വാഹനം നിർത്തി. മറ്റ് മൂന്ന് പ്രതികളും ഇവരോടൊപ്പം ചേർന്നു.
ഈ സമയം പർവീന്ദർ ആസാദിൻെറ പോക്കറ്റിൽ നിന്ന് ധനകാര്യ സ്ഥാപനത്തിൻെറ താക്കോൽ കൈക്കലാക്കി, സുനിൽ, ചമൻലാൽ, ദീപക്ക് എന്നിവർക്ക് കൈമാറുകയും അവർ അതുമായി സ്ഥലം വിടുകയും ചെയ്തു. എന്നാൽ സ്വർണ്ണമിരിക്കുന്ന ലോക്കർ തുറക്കാൻ സാധിക്കാതെ രണ്ട് മണിക്കൂറിനുള്ളിൽ ഇവർക്ക് മടങ്ങേണ്ടി വന്നു.
താക്കോലുമായി കടന്നു കളഞ്ഞതിൽ കോപാകുലനായ ആസാദ് താൻ ഇക്കാര്യം പൊലീസിൽ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ ഇവർ ആസാദിന് നേരെ നിറയൊഴിക്കുകയായിരുന്നു. തുടർന്ന് മൃതദേഹം കലുങ്കിൽ തള്ളുകയും ചെയ്തു. തിങ്കളാഴ്ച രാത്രിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരു പ്രതികളും അറസ്റ്റിലായത്. ആസാദിൻെറ വോട്ടർ തിരിച്ചറിയൽ കാർഡും മറ്റ് ചില രേഖകളും പ്രതികളിൽ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കൂട്ടു പ്രതികൾക്കായി പൊലീസ് അന്വേഷണം ഉൗർജ്ജിതമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.