മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ദ്വിദിന പ്രതിനിധി സമ്മേളനത്തിന്റെ ഭാഗമായി ഉത്തർ പ്രദേശിലെ ആഗ്ര നഗരത്തിൽ ഉയർന്ന പ്രചാരണ ബോർഡുകൾ

ആഗ്ര ഒരുങ്ങി; മുസ്‍ലിം യൂത്ത് ലീഗ് ‘ഷാൻ എ മില്ലത്തി’ന് ഇന്ന് തുടക്കം

ആഗ്ര (ഉത്തർ പ്രദേശ്): മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ദ്വിദിന പ്രതിനിധി സമ്മേളനം 'ഷാൻ എ മില്ലത്തി'ന് ഉത്തർ പ്രദേശിലെ ആഗ്ര നഗരിയിൽ ഇന്ന് തുടക്കം. നഗരത്തിൽ യൂത്ത് ലീഗ് സമ്മേളനത്തിന്റെ വിളംബരം അറിയിച്ചുകൊണ്ടുള്ള കമാനങ്ങളും ബോർഡുകളും ഉയർന്നുകഴിഞ്ഞു.

ഇന്ത്യയിലെ 16 സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം മുസ്‌ലിംലീഗ് ദേശീയ പൊളിറ്റിക്കൽ അഡ്വൈസറി കമ്മിറ്റി ചെയർമാൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. രാജ്യാന്തര പ്രശസ്തരായ വ്യക്തിത്വങ്ങൾ വിവിധ സെഷനുകളിൽ പ്രതിനിധികളുമായി സംവദിക്കും.

ആഗ്ര ബാംബു റിസോർട്ടിൽ ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ പ്രാർഥനയോടെ സമ്മേളനത്തിന് തുടക്കമാകും. യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് അഡ്വ. സർഫറാസ് അഹമ്മദ് പതാക ഉയർത്തും. ആദ്യദിനം മുസ്‌ലിംലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി, ആസിഫ് മുജ്തബ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും. സി.കെ. സുബൈർ, പി.കെ. ഫിറോസ്, ആസിഫ് അൻസാരി, അഡ്വ. ഫൈസൽ ബാബു എന്നിവർ അനുഭവങ്ങളും പ്രതീക്ഷകളും പങ്കുവെക്കും. നാള രാവിലെ മാധ്യമ മേഖലയിലെ സാമുദായിക പ്രാതിനിധ്യം സംബന്ധിച്ച സെഷനിൽ ആസാദ് അശ്‌റഫ്, ഗസാല മുഹമ്മദ് എന്നിവരും വഖഫ് ഭേദഗതി നിയമത്തെക്കുറിച്ചുള്ള ചർച്ചയിൽ ഡോ. അസ്മ സഹ്‌റയും പ്രതിനിധികളുമായി സംവദിക്കും.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രതിനിധി സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിക്കും. ഉദ്ഘാടന സെഷനിൽ മുസ്‌ലിംലീഗ് ദേശീയ ട്രഷറർ പി.വി. അബ്ദുൽ വഹാബ് എം.പി മുഖ്യാതിഥിയായിരിക്കും. ദേശീയ സെക്രട്ടറി അഡ്വ. ഹാരിസ് ബീരാൻ എം.പി മുഖ്യപ്രഭാഷണം നടത്തും. നിയമവും നീതിയും സംബന്ധിച്ച ബോധവത്കരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച സെഷൻ അഡ്വ. മുബീൻ ഫാറൂഖി നയിക്കും. മുസ്‌ലിം ലീഗ് ഉത്തരേന്ത്യയിൽ എന്ന വിഷയത്തിൽ കൗസർ ഹയാത്ത് ഖാൻ സംസാരിക്കും. സമാപന പരിപാടി മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.

ഫലസ്തീൻ ജനതക്ക് ഐക്യദാഢ്യം പ്രഖ്യാപിക്കുന്ന സമ്മേളനം ഉത്തരേന്ത്യയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും മുസ്‌ലിം യൂത്ത് ലീഗ് ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ കർമ്മ പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന് ദേശീയ പ്രസിഡന്റ് അഡ്വ. സർഫ്രാസ് അഹമ്മദും ദേശീയ ജനറൽ സെക്രട്ടറി ടി.പി. അഷ്‌റഫലിയും പറഞ്ഞു. ദേശീയ ഭാരവാഹികളും എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളും പ്രതിനിധി സമ്മേളനത്തിന്റെ വിവിധ സെഷനുകൾ നിയന്ത്രിക്കും. ആഗ്ര പ്രഖ്യാപനത്തോടെ സമ്മേളനം നാളെ സമാപിക്കും.


Tags:    
News Summary - muslim youth league ‘Shan e Millath’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.