representational image
ചെന്നൈ: ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗിന്റെ 75ാം വാർഷികാഘോഷത്തിനു തുടക്കമിട്ട് മാർച്ച് ഒമ്പത്, 10 തീയതികളിൽ പ്ലാറ്റിനം ജൂബിലി സമ്മേളനം ചെന്നൈയിൽ നടക്കും. സൂം പ്ലാറ്റ് ഫോമിൽ ചേർന്ന മുസ്ലിം ലീഗ് ദേശീയ നേതൃ യോഗം ഇതിന് അന്തിമ രൂപം നൽകി. ദേശീയ പ്രസിഡന്റ് പ്രഫ. ഖാദർ മൊയ്തീൻ അധ്യക്ഷത വഹിച്ചു. പൊളിറ്റിക്കൽ അഡ്വൈസറി കമ്മിറ്റി ചെയർമാൻ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു . ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പ്ലാറ്റിനം ജൂബിലി പദ്ധതികൾ വിശദീകരിച്ചു.
മാർച്ച് ഒമ്പതിന് രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെ ചെന്നൈ നഗരത്തിൽ ബനാത് വാല നഗരിയിൽ പ്രതിനിധി സമ്മേളനം നടക്കും. മാർച്ച് 10 ന് രാവിലെ 10 മണിക്ക് 1948 മാർച്ച് 10 ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗിന്റെ രാഷ്ട്രീയ പിറവിക്ക് വേദിയായ മദ്രാസ് രാജാജി ഹാളിൽ ദേശീയ കൗൺസിൽ ചേരും. വൈകിട്ട് നാലു മുതൽ രാത്രി ഒമ്പതുവരെ ചെന്നൈ ഖാഇദെ മില്ലത്ത് നഗരിയിൽ മഹാ റാലിയും പൊതു സമ്മേളനവും നടക്കും. മഹാ റാലിയിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മുഖ്യാതിഥിയാകും. നേതൃയോഗത്തിൽ ദേശീയ ഭാരവാഹികളായ ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ്, എം.പി അബ്ദുസ്സമദ് സമദാനി , ഖുർറം അനീസ് ഉമർ, അബ്ദുൽ റഹ്മാൻ, അബൂബക്കർ, അബ്ദുൽ ബാസിത്ത്, സി.കെ. സുബൈർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.