മുംബൈ: മുംബൈ നഗരസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാർക്ക് ശക്തമായ മുന്നറിയിപ്പ് നൽകി എം.എൻ.എസ് മേധാവി രാജ് താക്കറെ. വരാനിരിക്കുന്ന ബി.എം.സി (ബൃഹാൻ മുംബൈ കോർപറേഷൻ) തെരഞ്ഞെടുപ്പിൽ അശ്രദ്ധമായി വോട്ട് ചെയ്താൽ മുംബൈ നഷ്ടപ്പെടുമെന്നും ഇത് മറാത്തികൾക്ക് അവസാനത്തെ നിർണായക തെരഞ്ഞെടുപ്പാണെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിൽ മറാത്തികളല്ലാത്തവരെ വിജയിപ്പിക്കരുതെന്ന് എം.എൻ.എസ് മേധാവി ആഹ്വാനം ചെയ്തു. നഗരത്തിലെ മറാത്തി സാംസ്കാരിക, രാഷ്ട്രീയ താൽപര്യങ്ങൾക്ക് ഈ തെരഞ്ഞെടുപ്പ് നിർണായകമാണെന്ന് തിരിച്ചറിഞ്ഞ് പാർട്ടി പ്രവർത്തകരോടും വോട്ടർമാരോടും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. കൊങ്കണ്‍ മഹോത്സവത്തിന്റെ ഉദ്ഘാടനത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വോട്ടർപട്ടികയിലെ ക്രമക്കേടുകളിലും രാജ് താക്കറെ ആശങ്ക പ്രകടിപ്പിച്ചു. മഹാരാഷ്ട്രയിലെ വോട്ടര്‍പട്ടികയില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന ആരോപണങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണ്. വോട്ടര്‍മാര്‍ യഥാര്‍ഥ വോട്ടര്‍മാരാണോ അതോ വ്യാജന്മാരാണോ എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണെന്നും താക്കറെ പറഞ്ഞു.
മറാത്ത വികാരത്തെ ആളിക്കത്തിച്ച് വോട്ട് നേടാനുള്ള രാജ് താക്കറെയുടെയും എം.എന്‍.എസിന്റെയും നീക്കത്തെ ഹിന്ദുത്വ വാദമുന്നയിച്ചാണ് ബി.ജെ.പി പ്രതിരോധിക്കുന്നത്.
.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.