മുംബൈയിൽ അനധികൃത പരസ്യബോർഡ് തകർന്നുവീണ് 16 പേർ മരിച്ച സംഭവം: ഒളിവിൽ പോയ പരസ്യ കമ്പനി ഉടമ അറസ്റ്റിൽ

മുംബൈ: മുംബൈയിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണ് 16 പേർ മരിക്കുകയും 74 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പരസ്യ ഏജൻസി ഉടമ അറസ്റ്റിൽ. ഇഗോ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ഉടമ ഭവേഷ് ഭിണ്ഡെയെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. അപകടത്തെ തുടർന്ന് പൊലീസ് കേസെടുത്തതോടെ ഒളിവിൽ പോയ ഭവേഷിനെ കണ്ടെത്താനായി പത്തിലധികം പൊലീസ് സംഘങ്ങളെ നിയോഗിച്ചിരുന്നു.

ഭിണ്ഡെക്കെതിരെ ബലാത്സംഗം ഉൾപ്പടെ 23 കേസുകൾ നിലവിലുണ്ടെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ബലാത്സംഗ കേസിൽ മുലുന്ദ് പൊലീസാണ് ജനുവരിയിൽ ഇയാളെ അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയായിരുന്നു. അനധികൃതമായി പരസ്യബോർഡുകൾ സ്ഥാപിച്ചതിന് ഭിണ്ഡെക്കെതിരെ മുമ്പും പൊലീസ് കേസെടുത്തിരുന്നു. അനധികൃതമായി ബോർഡുകൾ സ്ഥാപിച്ചതിന് ഇയാളെ ഇന്ത്യൻ ​റെയിൽവേ കരിമ്പട്ടികയിൽ പെടുത്തിയിരുന്നു.

ഘട്ട്കോപ്പാറിലെ പന്ത് നഗറിൽ അനധികൃതമായി 100 അടി ഉയരത്തിൽ സ്ഥാപിച്ച ബോർഡ് മേയ് 13നുണ്ടായ കനത്ത കാറ്റിലും മഴയിലും പെട്രോൾ പമ്പിന് മുകളിലേക്ക് തകർന്നു വീഴുകയായിരുന്നു. 120 അടി വീതം നീളവും വീതിയുമുള്ള ബോർഡിന് തൂണുകളടക്കം 250 ടൺ ഭാരമുണ്ടായിരുന്നു. നൂറോളം പേരാണ് ബോർഡിനടിയിൽ കുടുങ്ങിയത്.

അനധികൃതമായാണ് ബോർഡ് സ്ഥാപിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ പരസ്യ ബോർഡെന്ന റെക്കോഡ് സ്വന്തമാക്കാൻ ലിംക ബുക്ക് ഓഫ് റെക്കോഡ്സിന് കമ്പനി അധികൃതർ അപേക്ഷ സമർപ്പിച്ചിരുന്നു.

Tags:    
News Summary - Mumbai Hoarding collapse: Absconding advertising company owner arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.