മുംബൈ: ഈദുൽ അദ്ഹയോടനുബന്ധിച്ച് ബലിമൃഗങ്ങളെ സൂക്ഷിക്കുന്നതിനായി നിർമ്മിച്ച താൽകാലിക കൂടാരത്തെച്ചൊല്ലി മുംബൈയിൽ സംഘർഷം. തിങ്കളാഴ്ച രാത്രി വൈകിയാണ് വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി), ബജ്റംഗദൾ പ്രവർത്തകരും മുസ്‍ലിം വിഭാഗവും തമ്മിൽ സംഘർഷമുണ്ടായത്. കാശിമീര പൊലീസ് സ്റ്റേഷൻ പരിധിയിലെ പൂനം ക്ലസ്റ്റർ സൊസൈറ്റി എന്ന പ്രമുഖ റസിഡൻഷ്യൽ സമുച്ചയത്തിന് പുറത്താണ് സംഭവം.
ബലിപെരുന്നാളിന് മുന്നോടിയായി മുസ്‍ലിം സമുദായംഗങ്ങൾ ആടുകളെ സൂക്ഷിക്കാൻ ഇവിടെ ഒരു കൂടാരം നിർമിച്ചിരുന്നു. എന്നാൽ, സൊസൈറ്റിക്കുള്ളിൽ നിയമവിരുദ്ധമായാണ് മൃഗങ്ങളെ സൂക്ഷിക്കുന്നതെന്ന് ആരോപിച്ച് തീവ്രവലതുപക്ഷ സംഘടനകൾ ഇതിനെതിരെ രംഗത്തുവരികയായിരുന്നു. പരാതികളെത്തുടർന്ന് ബൃഹന്മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബി.എം.സി) ഈ കൂടാരം പൊളിച്ചുനീക്കുകയും പ്രവർത്തനം തടയുകയും ചെയ്തു. കോർപ്പറേഷൻ നടപടിയെത്തുടർന്ന് മുസ്‍ലിം വിഭാഗം രാത്രിയോടെ കൂടാരം വീണ്ടും നിർമിക്കാൻ ശ്രമിച്ചതാണ് തർക്കത്തിന് കാരണമായത്.
വിവരമറിഞ്ഞ് വി.എച്ച്.പി, ബജ്രംഗദൾ പ്രവർത്തകർ സ്ഥലത്തെത്തി. ഇരുവിഭാഗവും തമ്മിലുള്ള തർക്കം പിന്നീട് അക്രമത്തിലേക്ക് വഴിമാറുകയായിരുന്നു. സംഘർഷത്തിൽ പരിക്കേറ്റ് ചോരയൊലിപ്പിച്ചു നിൽക്കുന്ന ആളുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തങ്ങളുടെ പ്രവർത്തകനെ മുസ്‍ലിം വിഭാഗം ആക്രമിച്ചതായി വലതുപക്ഷ സംഘടനകൾ ആരോപിച്ചു. മുസ്‍ലിം സമുദായത്തിന് നേരെ അത്യന്തം അധിക്ഷേപകരമായ വാക്കുകൾ ഉപയോഗിച്ച അക്രമികൾ, ‘ജയ് ശ്രീറാം’ വിളികളോടെയാണ് സ്ഥലത്ത് തടിച്ചുകൂടിയത്.
പൊലീസ് എത്തിയാണ് ഇരുവിഭാഗത്തെയും പിരിച്ചുവിട്ടതും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയതും. എന്നാൽ, സംഭവം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ കാശിമീര പോലീസ് തയ്യാറായിട്ടില്ല. വിവരങ്ങൾ പുറത്തുവിടാൻ അനുമതിയില്ലെന്നാണ് വിശദീകരണം.
ചൊവ്വാഴ്ച രാവിലെയും സൊസൈറ്റിയുടെ പ്രവേശന കവാടത്തിൽ വലതുപക്ഷ സംഘടനകൾ പ്രതിഷേധം തുടർന്നു. സൊസൈറ്റിക്കുള്ളിൽ അവശേഷിക്കുന്ന ആടുകളെ പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
ബലി അർപ്പിക്കുന്നതിനായി സർക്കാർ പ്രത്യേക സ്ഥലം അനുവദിച്ചിട്ടുണ്ടെന്നും, പിന്നെന്തിനാണ് ആടുകളെ സൊസൈറ്റിക്കുള്ളിലേക്ക് കൊണ്ടുവരുന്നതെന്നും പ്രതിഷേധക്കാർ ചോദിച്ചു. ആടുകളെ പുറത്താക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് ഇവരുടെ നിലപാട്. ക്രമസമാധാന നില പാലിക്കുന്നതിനായി പ്രദേശത്ത് വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.