മുംബൈ: മഹാരാഷ്ട്ര സഹകരണ ബാങ്ക് (എം.എസ്.സി.ബി) തട്ടിപ്പ് കേസിൽ ഉപമുഖ്യമന്ത്രിയും എൻ.സി.പി വിമത നേതാവുമായ അജിത് പവാറിന് വീണ്ടും ക്ലീൻ ചിറ്റ്. തെളിവുകളില്ലാത്തതിനാൽ മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കേസ് അവസാനിപ്പിക്കുന്നതായി കോടതിയെ അറിയിച്ചു. ഇത് രണ്ടാം തവണയാണ് ഈ കേസിൽ അജിത് പവാറടക്കം 70 ലേറെ പേർക്ക് ക്ലീൻ ചിറ്റ് നൽകുന്നത്.
2020ൽ മഹാവികാസ് അഗാഡി ഭരണത്തിൽ കേസ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അവസാനിപ്പിച്ചിരുന്നു. എന്നാൽ, ശിവസേനയിലെ പിളർപ്പിനെ തുടർന്ന് മഹാവികാസ് അഗാഡി സർക്കാർ വീഴുകയും ബി.ജെ.പി പിന്തുണയിൽ ഷിൻഡെ പക്ഷ ശിവസേന അധികാരത്തിൽ വരുകയും ചെയ്തതോടെ കേസ് പുനരാരംഭിച്ചു. കഴിഞ്ഞ ജൂണിൽ എൻ.സി.പിയിൽ വിമതനീക്കം നടത്തി അജിത് പവാർ ഷിൻഡെ സർക്കാറിന്റെ ഭാഗമായതോടെയാണ് കേസ് അവസാനിപ്പിക്കുന്നത്. അതേസമയം, സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ എൻ.സി.പി എം.എൽ.എയും ശരദ് പവാറിന്റെ സഹോദരന്റെ പേരമകനുമായ രോഹിത് പവാറിനെ വ്യാഴാഴ്ചയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ (ഇ.ഡി) ചോദ്യംചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.