‘മിസ്റ്റർ മോദി, കുടിവെള്ളത്തെ യുദ്ധോപകരണമാക്കുന്ന തെമ്മാടി രാഷ്ട്രമായി ഇന്ത്യയെ മാറ്റരുത്’

കോഴിക്കോട്: കുടിവെള്ളത്തെ യുദ്ധോപകരണമാക്കരുതെന്ന പ്രാഥമിക യുദ്ധമര്യാദപോലും ലംഘിച്ച, ഒരു തെമ്മാടി രാഷ്ട്രത്തിന്റെ നിലയിലേക്ക് ഇന്ത്യയെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നു മോദി സര്‍ക്കാര്‍ എന്ന് പ്രമുഖ മനുഷ്യാവകാശ-പരിസ്ഥിതി പ്രവർത്തകൻ കെ.സഹദേവൻ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് കാര്യമാത്ര പ്രസക്തമായ വിഷയം ​സഹദേവൻ പങ്കുവെച്ചത്. ​പോസ്റ്റിന്റെ പൂർണരൂപം വായിക്കാം.

‘‘ഓപ്പറേഷന്‍ സിന്ദൂറിന്റെ രണ്ടാം ഘട്ടം റോക്കറ്റുകള്‍ കൊണ്ടല്ല നദികളെ ഉപയോഗിച്ചുകൊണ്ടായിരിക്കും പാകിസ്താനെ ഇന്ത്യ പ്രതിരോധിക്കുന്നതെന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ മാധ്യമ തലക്കെട്ടുകളാണ്. സിന്ധു നദീ ജല കരാര്‍ ഏകപക്ഷീയമായി റദ്ദു ചെയ്തുകൊണ്ട് പഹല്‍ഗാം ആക്രമണത്തിന് പകരം വീട്ടാമെന്ന് ഇന്ത്യാ ഗവണ്‍മെന്റ് തീരുമാനിച്ചിരിക്കുന്നു.

സിന്ധു നദീ തടത്തിലെ പാകിസ്താനിലേക്ക് ഒഴുകുന്ന അഞ്ചോളം നദികള്‍ ഇതോടെ വറ്റിവരണ്ടിരിക്കുന്നു. കോടിക്കണക്കായ കര്‍ഷകരാണ് ഇന്ത്യാ ഗവണ്‍മെന്റിന്റെ ഹൃദയശൂന്യമായ ഈ നടപടിയിലൂടെ കടുത്ത ദുരിതത്തെ നേരിടുന്നത്.

വിശ്വഗുരുവെന്ന് സ്വയം അഭിമാനിക്കുന്ന നരേന്ദ്ര മോദിക്ക് പഹല്‍ഗാം ആക്രമണത്തിനു ശേഷം പാകിസ്താനു നേരെ നടത്തിയ മൂന്നു ദിന യുദ്ധത്തില്‍ അന്താരാഷ്ട്ര പിന്തുണ നേടിയെടുക്കാന്‍ സാധിച്ചില്ലെന്ന വസ്തുത കൂടുതല്‍ കൂടുതല്‍ വെളിവാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. 

കഴിഞ്ഞ കഴിഞ്ഞ മൂന്ന് വര്‍ഷക്കാലയളവില്‍ (2022 മെയ് മുതല്‍ 2024 ഡിസംബര്‍ വരെയുള്ള) 38 രാജ്യങ്ങളാണ് നരേന്ദ്ര മോദി സന്ദര്‍ശിച്ചത്. ഏതാണ്ട് 238 കോടി രൂപ ഈ വിദേശ സന്ദര്‍ശനങ്ങള്‍ക്കായി ചെലവഴിക്കപ്പെട്ടുവെന്ന് കണക്കുകള്‍ പറയുന്നു. മോദി സന്ദര്‍ശനം നടത്തിയ ഈ 38 രാജ്യങ്ങളില്‍ ഒരെണ്ണം പോലും പാകിസ്താനെതിരായ യുദ്ധത്തില്‍ ഇന്ത്യക്കനുകൂലമായ നിലപാടെടുക്കാന്‍ തയ്യാറായില്ലെന്നത് ആഗോള നയതന്ത്ര തലത്തില്‍ വിശ്വഗുരുവിന്റെ സ്ഥാനം വ്യക്തമാക്കുന്നുണ്ട്. 

2025 ഏപ്രില്‍ 19 മുതല്‍ 25 വരെയുള്ള തിയതികളില്‍ ഇന്ത്യന്‍ ധനകാര്യ മന്ത്രി നിർമലാ സീതാരാമന്‍ എ.ഡി.ബി, എ.ഐ.ഐ.ബി, ഐ.എം.എഫ് എന്നീ അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളുമായി കൂടിക്കാഴ്ച നടത്തുകയുണ്ടായെങ്കിലും ഇന്ത്യയുടെ പാകിസ്താന്‍ ആക്രമണത്തിനു തൊട്ടടുത്ത ദിവസങ്ങളില്‍ പാകിസ്താന് ഒരു ബില്യണ്‍ ഡോളറിന്റെ വായ്പ അനുവദിക്കുകയാണ് അന്താരാഷ്ട്ര നാണയ നിധി ചെയ്തിരിക്കുന്നത്. 

57 പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സര്‍വ്വകക്ഷി പ്രതിനിധി സംഘം അന്താരാഷ്ട്ര സന്ദര്‍ശനങ്ങള്‍ നടത്തിയിട്ടും പാകിസ്താനെതിരായ ഇന്ത്യയുടെ ആക്രമണത്തിന് പിന്നിലെ യുക്തി ബോധ്യപ്പെടുത്താന്‍ സാധിച്ചില്ലെന്ന് മാത്രമല്ല, തന്റെ ഇടപെടലാണ് ആണവ യുദ്ധത്തിലേക്ക് നീങ്ങുമായിരുന്ന ഇന്ത്യ-പാക് സംഘര്‍ഷത്തെ ലഘൂകരിച്ചതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നതിലേക്ക് എത്തിക്കുകയും ചെയ്തു.

സൈനികതന്ത്രം, നയതന്ത്രം, പ്രചാരണം എന്നിവയിലെല്ലാം സ്വയം പരാജയപ്പെട്ട മോദി സര്‍ക്കാര്‍, 1960ല്‍ സ്ഥാപിതമായ സിന്ധു നദീതട കരാര്‍ ഏകപക്ഷീയമായി റദ്ദു ചെയ്തുകൊണ്ട് നെറികെട്ട രാഷ്ട്രീയക്കളിയിലേക്ക് നീങ്ങിയിരിക്കുകയാണ്. കുടിവെള്ളത്തെ യുദ്ധോപകരണമാക്കരുതെന്ന പ്രാഥമിക യുദ്ധമര്യാദപോലും ലംഘിച്ച, ഒരു തെമ്മാടി രാഷ്ട്രത്തിന്റെ നിലയിലേക്ക് ഇന്ത്യയെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നു മോദി സര്‍ക്കാര്‍. ഒരു കീഴ് നദീതട (lower riparian) രാജ്യത്തോട് ചെയ്യാവുന്ന ഏറ്റവും ലജ്ജാഹീനവും മനുഷ്യത്വ രഹിതവുമായ നടപടി മാത്രമാണിത്. യുദ്ധവേളയില്‍ സാധാരണ മനുഷ്യര്‍ക്ക് നേരെ ആയുധങ്ങള്‍ പ്രയോഗിക്കില്ലെന്ന സാമാന്യ യുദ്ധമര്യാദകളെപ്പോലും ലംഘിക്കുന്ന ഒന്നായി മാറി, കോടിക്കണക്കായ മനുഷ്യരുടെ കുടിവെള്ളം മുട്ടിച്ചുകൊണ്ടുള്ള മോദി സര്‍ക്കാറിന്റെ ഈ നടപടി. 

സിന്ധു നദീതടത്തിലെ വെള്ളം തടഞ്ഞുകൊണ്ട് ഇന്ത്യ നടത്തുന്ന ജലയുദ്ധം തികച്ചും തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുക മാത്രമാണ് ചെയ്യുന്നത്. ഹിമാലയന്‍ മലനിരകളില്‍ നിന്നൊഴുകുന്ന ബ്രഹ്‌മപുത്ര നദിയിലെ ജലം ഇതേ രീതിയില്‍ അണകെട്ടിത്തടയാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ചൈനീസ് സര്‍ക്കാരിന് ധാർമിക ബലം നല്‍കുവാന്‍ മാത്രമേ ഇത് ഉപകരിക്കുകയുള്ളൂ’’.

Tags:    
News Summary - 'Mr. Modi, don't turn India into a rogue state that uses drinking water as a weapon of war'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.