പിറന്നാള്‍ കേക്ക് കൊണ്ടൊരു 'അറ്റാക്ക്'; പുലിയുടെ വായില്‍ നിന്ന് സഹോദരങ്ങള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

ഭോപ്പാല്‍: പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സഹോദരങ്ങള്‍ക്ക് തുണയായത് പിറന്നാള്‍ കേക്ക്. അരക്കിലോമീറ്ററിലേറെ പുലി ഇരുവരെയും പിന്തുടര്‍ന്നെങ്കിലും കേക്ക് കൊണ്ടുള്ള ആക്രമണത്തില്‍ പതറുകയായിരുന്നു. മധ്യപ്രദേശിലെ നേപന്‍നഗറിലാണ് സംഭവം.

ഫിറോസ് മന്‍സൂരിയും സഹോദരന്‍ സാബിറും കഴിഞ്ഞ ദിവസം വൈകീട്ട് പിറന്നാള്‍ കേക്ക് വാങ്ങി നേപന്‍നഗറില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ബൈക്കിലായിരുന്നു യാത്ര. ഗൊറാദിയ ഗ്രാമത്തിലേക്കുള്ള വഴിയില്‍ എത്തിയതും കരിമ്പിന്‍പാടത്തു നിന്ന് ഒരു പുള്ളിപ്പുലി ഇവരുടെ നേര്‍ക്ക് ചാടി.

ഫിറോസായിരുന്നു ബൈക്ക് ഓടിച്ചത്. പരമാവധി വേഗത്തില്‍ ഓടിച്ചെങ്കിലും പുലി ഇവരുടെ പിന്നാലെ തന്നെയുണ്ടായിരുന്നു. ബൈക്കില്‍ നഖം കൊണ്ട് പുലി മാന്തുക വരെ ചെയ്തതായി ഇരുവരും പറയുന്നു.

പിന്നിലിരുന്ന സാബിറിന്റെ മടിയിലായിരുന്നു കേക്ക് ഉണ്ടായിരുന്നത്. പുലി ബൈക്കിന് തൊട്ടുപിന്നില്‍ എത്തിയതും സാബിര്‍ കേക്ക് പെട്ടിയോടെ പുലിയുടെ മുഖത്തേക്ക് എറിഞ്ഞു. കേക്ക് ചിതറിത്തെറിച്ചതോടെ അപ്രതീക്ഷിതമായുണ്ടായ തിരിച്ചടിയില്‍ പുലി പതറി. ഇവരുടെ പിറകെ ഓടാന്‍ നില്‍ക്കാതെ തിരികെ കരിമ്പിന്‍കാട്ടിലേക്ക് തന്നെ മറഞ്ഞു.

ഫോറസ്റ്റ് അധികൃതര്‍ എത്തി നടത്തിയ പരിശോധനയില്‍ പുലി തന്നെയാണ് ഇരുവരെയും പിന്തുടര്‍ന്നതെന്ന് കണ്ടെത്തി.

Tags:    
News Summary - MP brothers escape hungry leopard in spine-chilling chase

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.