ഹാസനിൽ കുരങ്ങുകളെ കൂട്ടത്തോടെ വിഷം നൽകി കൊന്നു

ബംഗളൂരു: കർണാടകയിലെ ഹാസനിൽ അജ്ഞാതർ കുരങ്ങുകളെ കൂട്ടത്തോടെ വിഷം നൽകി കൊന്നു. ഹാസൻ ജില്ലയിലെ ബേലൂർ താലൂക്കിലെ അരെഹള്ളി െഹാബ്ലിയിലെ ചൗഡനഹള്ളി ഗ്രാമത്തിലാണ് 38 കുരങ്ങുകളെ വിഷം കഴിച്ച് ചത്ത നിലയിൽ കണ്ടെത്തിയത്. വിഷം അകത്തുചെന്ന് ഗുരുതരാവസ്ഥയിലായ ഒരു കുരങ്ങ് ചികിത്സയിലാണ്.

ദക്ഷിണേന്ത്യയിൽ കാണപ്പെടുന്ന നാടൻ കുരങ്ങുകളെയാണ് സാമൂഹികദ്രോഹികൾ വിഷം നൽകി കൊന്നത്. വിഷം നൽകിയതിന് പുറമെ കുരങ്ങുകളെ ചാക്കിൽ കെട്ടി വടികൊണ്ട് ക്രൂരമായി അടിച്ചിട്ടുമുണ്ട്. മുറിവേറ്റാണ് കൂടുതൽ കുരങ്ങുകളും ചത്തത്. ബുധനാഴ്ച രാത്രി 10.30ഒാടെയാണ് കുരങ്ങുകളുെട ജഡം ചൗഡെഹള്ളി റോഡ് ജങ്ഷനിൽനിന്നും കണ്ടെത്തിയത്.

15ലധികം ചാക്കുകളിലായി 50ലധികം കുരങ്ങുകളൊണ് പ്രദേശത്ത് കൊണ്ടുവന്നിട്ടത്. ചാക്കിന് സമീപം കുരങ്ങ് ഇരിക്കുന്നത് കണ്ട ഗ്രാമ പഞ്ചായത്ത് അംഗം തേജസ് മറ്റുള്ളവരെ വിവരം അറിയിച്ച് ചാക്കുകൾ അഴിച്ചുനോക്കിയപ്പോഴാണ് കുരങ്ങുകളെ ചത്ത നിലയിൽ കണ്ടത്. ചാക്കുകൾ തുറന്ന സമയത്ത് 15ലധികം കുരങ്ങുകൾ രക്ഷപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞു.

അഖില കർണാടക പ്രാണി ദയ സംഘ എന്ന മൃഗ ക്ഷേമ സംഘടന അറിയിച്ചത് അനുസരിച്ച് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തുകയായിരുന്നു. വിഷം നൽകിയതിനൊപ്പം ക്രൂരമായി ആക്രമിച്ചിട്ടുണ്ടെന്നും ഇതാണ് കുരങ്ങുകൾ ചാകാൻ കാരണമെന്നും ഹാസൻ ഡെപ്യൂട്ടി ഫോറസ്​റ്റ് കൺസർവേറ്റർ ബസവരാജ് പറഞ്ഞു. ബേലൂരിൽ കുരങ്ങുശല്യം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഇതിനാൽ തന്നെ പുറത്തുനിന്നുള്ളവർ കുരങ്ങുകളെ കൊന്നശേഷം ഇവിടെ കൊണ്ടുവന്നിട്ടതായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ െപാലീസുമായി സഹകരിച്ച് അസി. ഫോറസ്​റ്റ് കൺസർവേറ്റർ അന്വേഷണം ആരംഭിച്ചു. പ്രതികളെ പിടികൂടാൻ സഹായിക്കുന്നവർക്ക് 20,000രൂപ പാരിതോഷികവും അഖില കർണാടക പ്രാണി ദയ സംഘ സെക്രട്ടറി സുനിൽ ദുഗരെ പ്രഖ്യാപിച്ചു. ചത്ത കുരങ്ങുകളിൽ കുഞ്ഞുങ്ങൾ വരെയുണ്ട്. പ്രദേശവാസികൾ ചേർന്നാണ് കുരങ്ങുകളെ കുഴിച്ചിട്ടത്. പൂക്കളും മറ്റും അർപ്പിച്ചാണ് പ്രദേശവാസികൾ കുരങ്ങുകളുടെ അന്ത്യകർമം നടത്തിയത്.

Tags:    
News Summary - monkeys poisoned in Hassan karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.