ന്യൂഡൽഹി: ‘കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്’ സിനിമയുടെ റിലീസ് തടഞ്ഞ ഹൈകോടതി സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കിയ ഡിവിഷൻ ബെഞ്ചിനെ നയിച്ച ജസ്റ്റിസ് സുശ്രുത് എ. ധർമാധികാരിയെ മദ്രാസ് ഹൈകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി നിയമിക്കാൻ സുപ്രീംകോടതി കൊളീജിയം ശിപാർശചെയ്തു. നിലവിലെ മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവ മാർച്ച് അഞ്ചിന് വിരമിക്കുന്ന ഒഴിവിലേക്കുള്ള നിയമനത്തിന് 26ന് ചേർന്ന കൊളീജിയമാണ് ശിപാർശ ചെയ്തത്. 26ന് രാത്രി തന്നെ കേരള സ്റ്റോറി പ്രദർശനം സ്റ്റേ ചെയ്തതിനെതിരായ അപ്പീൽ പരിഗണിച്ച ജസ്റ്റിസ് സുശ്രുത് എ. ധർമാധികാരിയും ജസ്റ്റിസ് പി.വി. ബാലകൃഷ്ണനും അടങ്ങുന്ന ബെഞ്ച് സ്റ്റേ റദ്ദാക്കി 27ന് റിലീസിന് അനുമതി നൽകുകയുംചെയ്തു.
രാത്രി അപ്പീൽ പരിഗണിച്ച ജസ്റ്റിസ് സുശ്രുത് എ. ധർമാധികാരിയും അടങ്ങിയ ബെഞ്ച് രണ്ടു മണിക്കൂറോളം വാദം കേട്ട് ഉത്തരവ് പറയാനായി മാറ്റിവെച്ച ശേഷം അനുമതി നൽകുന്നതിന് മുമ്പ് തന്നെ വെള്ളിയാഴ്ചത്തെ പ്രദർശനത്തിന് ടിക്കറ്റ് വിൽപന തുടങ്ങിയിരുന്നു.
1966 ജൂലൈ 8ന് റായ്പൂരിൽ ജനിച്ച ജസ്റ്റിസ് സുശ്രുത് എ. ധർമാധികാരി 1992ൽ അഭിഭാഷകവൃത്തി തുടങ്ങി. 24 വർഷത്തിലേറെ മധ്യപ്രദേശ് ഹൈകോടതിയിൽ പ്രാക്ടീസ് ചെയ്തു. മോദിസർക്കാർ അധികാരമേറ്റ ശേഷം 2016 ഏപ്രിൽ 7ന് മധ്യപ്രദേശ് ഹൈകോടതിയുടെ അഡീഷനൽ ജഡ്ജിയായും 2018 മാർച്ച് 17ന് സ്ഥിരം ജഡ്ജിയായും നിയമിതനായി. 2025 ഏപ്രിൽ 23നാണ് അദ്ദേഹം കേരള ഹൈകോടതിയിലേക്ക് എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.