ന്യൂഡൽഹി: ഗ്രാമീണതൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്രസർക്കാർ അവതരിപ്പിച്ച വിബി ജി റാം ജി ബിൽ മഹാത്മാ ഗാന്ധിയുടെ ആദർശങ്ങളോടുള്ള അവഹേളനമെന്ന് കോൺഗ്രസ് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കടുത്ത തൊഴിലില്ലായ്മയിലൂടെ ഇന്ത്യയിലെ യുവാക്കളുടെ ഭാവി നശിപ്പിച്ചതിന് ശേഷം ഇപ്പോൾ ഗ്രാമങ്ങളിലെ ദരിദ്രരുടെ ഉപജീവനമാർഗം ഇല്ലാതാക്കാനാണ് നരേന്ദ്രമോദി സർക്കാറിന്റെ ശ്രമമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
മഹാത്മാ ഗാന്ധിയുടെ ആശയങ്ങളെ എല്ലാക്കാലവും പ്രധാനമന്ത്രി എതിർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പേരിലുള്ള പദ്ധതിയെ ദുർബലപ്പെടുത്താൻ 2014 മുതൽ മോദി ശ്രമിച്ചുവരികയാണ്. ഇത്തരം നീക്കങ്ങളെ കോൺഗ്രസ് ചെറുക്കുമെന്നും രാഹുൽ ഗാന്ധി എക്സിലെ കുറിപ്പിൽ പറഞ്ഞു.
മഹാത്മാ ഗാന്ധിയുടെ ആശയത്തോടും ദരിദ്രരുടെ അവകാശങ്ങളോടും മോദിക്ക് ആഴത്തിലുള്ള വെറുപ്പുണ്ടെന്ന് രാഹുൽ ഗാന്ധി കുറിപ്പിൽ പറഞ്ഞു. ഗ്രാമങ്ങളെക്കുറിച്ച് മഹാത്മാ ഗാന്ധിയുടെ കാഴ്ചപ്പാടിന്റെ ജീവനുള്ള രൂപമാണ് തൊഴിലുറപ്പ് പദ്ധതി. ദശലക്ഷക്കണക്കിന് ഗ്രാമീണ ഇന്ത്യക്കാർക്ക് ഇത് ഒരു ജീവിതമാർഗമാണ്, കോവിഡ് മഹാമാരിയുടെ സമയത്ത് ഇത് നിർണായക സാമ്പത്തിക സുരക്ഷാ വലയാണെന്ന് തെളിയിക്കപ്പെട്ടു.
പദ്ധതിയിൽ മോദി എല്ലായ്പോഴും അസ്വസ്ഥനായിരുന്നു. കഴിഞ്ഞ പത്തുവർഷമായി ആസൂത്രിതമായി അതിനെ തകർക്കാനാണ് അദ്ദേഹത്തിന്റെ സർക്കാർ ശ്രമിക്കുന്നത്. ഇപ്പോൾ തൊഴിലുറപ്പ് പദ്ധതിയെ ഉന്മൂലനം ചെയ്യാൻ അദ്ദേഹം ദൃഢനിശ്ചയമെടുത്തിരിക്കുകയാണെന്നും രാഹുൽ കുറിച്ചു.
ആവശ്യപ്പെടുന്ന എല്ലാവർക്കും തൊഴിൽ നൽകുന്ന ‘തൊഴിലവകാശം’, ഗ്രാമങ്ങൾ സ്വന്തം വികസന പ്രവർത്തനങ്ങൾ തീരുമാനിക്കുന്ന ‘സ്വയംഭരണം’, കേന്ദ്ര സർക്കാറിന്റെ മുഴുവൻ വേതന പിന്തുണയും 75 ശതമാനം ഭൌതിക ചെലവുകളും വഹിക്കൽ, എന്നിങ്ങനെ മൂന്ന് അടിസ്ഥാന തത്വങ്ങളിലാണ് പദ്ധതി പടുത്തുയർത്തിയിരിക്കുന്നതെന്ന് രാഹുൽ വ്യക്തമാക്കി.
നിലവിൽ പദ്ധതിയെ കേന്ദ്രത്തിൽ നിന്ന് നിയന്ത്രണത്തിനുള്ള ഉപകരണമാക്കി മാറ്റാനാണ് മോദി ആഗ്രഹിക്കുന്നത്. പദ്ധതിക്കായുള്ള ബജറ്റ് നീക്കിയിരുപ്പ്, പദ്ധതികൾ, നിയമങ്ങൾ എന്നിവ കേന്ദ്ര സർക്കാർ തീരുമാനിക്കുന്ന തരത്തിലാണ് പുതിയ ബില്ലിലുള്ളത്. പദ്ധതിയുടെ ചെലവിൽ 40 ശതമാനം വഹിക്കാൻ സംസ്ഥാനങ്ങൾ നിർബന്ധിതരാകും, ഫണ്ട് തീരുകയാണെങ്കിലോ വിളവെടുപ്പ് സീസണിലോ തൊഴിലാളികൾക്ക് മാസങ്ങളോളം തൊഴിൽ നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് ഉണ്ടാവുന്നതെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ബിൽ മഹാത്മാഗാന്ധിയുടെ ആദർശങ്ങളെ നേരിട്ട് അപമാനിക്കുന്നതാണ്. രൂക്ഷമായ തൊഴിലില്ലായ്മയിലൂടെ രാജ്യത്തെ യുവാക്കളുടെ ഭാവി നശിപ്പിച്ചതിന് ശേഷം, ദരിദ്ര ഗ്രാമീണ കുടുംബങ്ങളുടെ ഉപജീവനമാർഗത്തെയാണ് മോദി സർക്കാർ ലക്ഷ്യമിടുന്നത്. പാത മുതൽ പാർലമെന്റ് വരെ ജനവിരുദ്ധ ബില്ലിനെ എതിർക്കുമെന്നും രാഹുൽ ഗാന്ധി കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.