????????????? ???????? ????? ????????????

പ്രധാനമന്ത്രി വന്നിട്ടും രാജ്യസഭ നടന്നില്ല

ന്യൂഡല്‍ഹി: പ്രധാനമന്ത്രി വന്നിട്ടും കറന്‍സി നിരോധന വിഷയത്തില്‍ ചര്‍ച്ച തുടരാനാകാതെ രാജ്യസഭ വ്യാഴാഴ്ചയും ബഹളംമൂലം നിര്‍ത്തിവെച്ചു. പാര്‍ലമെന്‍റിനുപുറത്ത് പ്രതിപക്ഷത്തെ ഒന്നടങ്കം കള്ളപ്പണത്തെ പിന്തുണക്കുന്നവരെന്ന് ആക്ഷേപിച്ച മോദി മാപ്പുപറയണമെന്നും അതിനുശേഷം ചര്‍ച്ച തുടങ്ങിയാല്‍ മതിയെന്നും പ്രതിപക്ഷം നിലപാടെടുത്തതിനെ തുടര്‍ന്നാണ് സഭ സ്തംഭിച്ചത്. ഇന്ധനമില്ലാതെ പറന്ന മമത ബാനര്‍ജിയുടെ വിമാനമിറക്കാന്‍ അനുമതിനല്‍കാത്തതും ആദായനികുതി ഭേദഗതി ബില്‍ ധനബില്ലാക്കി അവതരിപ്പിച്ചതും അംഗങ്ങള്‍ ഉന്നയിച്ചശേഷം ചോദ്യോത്തരവേളയിലേക്കു കടന്നപ്പോഴാണ് പ്രധാനമന്ത്രി സഭയിലത്തെിയത്.

ചോദ്യോത്തരവേള തുടങ്ങാന്‍ തുനിഞ്ഞ ചെയര്‍മാന്‍ ഹാമിദ് അന്‍സാരി സര്‍ക്കാര്‍ ചര്‍ച്ചക്ക് തയാറാണെന്ന് അറിയിച്ചതിനെ തുടര്‍ന്ന് സംസാരിക്കാന്‍ ബി.ജെ.ഡി നേതാവ് എ.യു. സിങ് ദിയോയെ ക്ഷണിച്ചു. എന്നാല്‍, പ്രതിപക്ഷം കള്ളപ്പണത്തെ പിന്തുണക്കുകയാണെന്ന് സഭക്കുപുറത്ത് നടത്തിയ പ്രസ്താവനയില്‍ പ്രധാനമന്ത്രി മാപ്പുപറയണമെന്ന് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു. പ്രതിപക്ഷം കള്ളപ്പണക്കാരെ സഹായിക്കുന്നുവെന്ന മോദിയുടെ ആരോപണം അപലപനീയമാണ്. പ്രധാനമന്ത്രി സ്വന്തം പാര്‍ട്ടി എം.പിമാരെ മാത്രം കണ്ടു സംസാരിക്കുന്നു. പ്രധാനമന്ത്രി സഭയിലത്തെി പ്രതിപക്ഷത്തെ കേള്‍ക്കാന്‍ തയാറാവുകയാണ് വേണ്ടത്.

കഴിഞ്ഞ 15 ദിവസമായി പ്രധാനമന്ത്രി ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നു. ബാങ്കുകളിലും എ.ടി.എമ്മുകളിലും പണമില്ല. 80ലേറെ പേര്‍ മരിച്ചു. രാജ്യദ്രോഹപരമോ ഭരണഘടനാവിരുദ്ധമോ ആയ കാര്യമല്ല; പ്രധാനമന്ത്രി തങ്ങളെ കേള്‍ക്കാന്‍ തയാറാകണമെന്ന ആവശ്യമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. വിമര്‍ശകര്‍ക്ക് രാജ്യദ്രോഹ മുദ്ര ചാര്‍ത്തിക്കൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഗുലാം നബി കുറ്റപ്പെടുത്തി. പ്രതിപക്ഷത്തോട് പ്രധാനമന്ത്രി മാപ്പുപറയാതെ ചര്‍ച്ച തുടങ്ങാന്‍ കഴിയില്ളെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയാനും വ്യക്തമാക്കി.

അപ്പോഴേക്കും പ്രതിപക്ഷ ഭരണപക്ഷ അംഗങ്ങള്‍ പരസ്പരം മുദ്രാവാക്യം വിളിച്ചു.  പ്രധാനമന്ത്രി മാപ്പുപറയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങിയതോടെ സഭ പിരിഞ്ഞു. സഭ വീണ്ടും ചേര്‍ന്നപ്പോഴും കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ ഉറച്ചു നിന്നു. ഇതോടെ സഭ രണ്ടുമണിവരെ പിരിഞ്ഞു. ഉച്ചക്കുശേഷം സഭ ചേര്‍ന്നപ്പോഴും പ്രധാനമന്ത്രി വന്നെങ്കിലും മാപ്പുപറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചു.

 

Tags:    
News Summary - modi in rajya sabha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.