ന്യൂഡൽഹി: മോദി ആപ്പിൽ നിന്ന് വിവരങ്ങൾ ചോർന്നതിനെ വിമർശിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ആപ്പിൽ കയറുന്നവരുടെ വിവരങ്ങൾ മോദി അമേരിക്കയിലെ സുഹൃത്തുക്കൾക്ക് ചോർത്തി കൊടുക്കുമെന്ന് രാഹുൽ കുറ്റപ്പെടുത്തി. ചോർത്തൽ വിവരം മൂടിവെക്കാനും നീക്കം നടക്കുന്നുവെന്നും രാഹുൽ ആരോപിച്ചു. പ്രധാനമന്ത്രിയുെട പേരിൽ ട്വീറ്റ് ചെയ്താണ് മോദിയെ രാഹുൽ പരിഹസിച്ചത്.
'എന്‍റെ പേര് നരേന്ദ്ര മോദി, ഞാൻ ഇന്ത്യൻ പ്രധാനമന്ത്രിയാണ്. എന്‍റെ ഔദ്യോഗിക ആപ്പിൽ രജിസ്റ്റർ ചെയ്താൽ നിങ്ങളുടെ എല്ലാ വിവരങ്ങളും അമേരിക്കൻ കമ്പനികളിലെ സുഹൃത്തുക്കൾക്ക് ഞാൻ കൈമാറും. പതിവുപോലെ നിർണായകമായ ഈ വാർത്തയും മുക്കിയതിന് മുഖ്യധാര മാധ്യമങ്ങൾക്ക് നന്ദി' -രാഹുൽ ട്വീറ്റ് ചെയ്തു.
ഫ്രഞ്ച് സെക്യൂരിറ്റി റിസർച്ചർ എലിയറ്റ് ഒാൾട്ടേഴ്സൻ ആണ് മോദി ആപ്പിലെ വിവരങ്ങൾ ചോർത്തുന്നുവെന്ന വിവരം പുറത്തുവിട്ടത്. മോദി ആപ്പിൽ രജിസ്റ്റർ ചെയ്യുമ്പോൾ രജിസ്റ്റർ ചെയ്ത ആളുടെ പേരടക്കമുള്ള വിവരങ്ങൾ അമേരിക്കയിലെ ഒരു കമ്പനിയിലേക്ക് പോകുന്നുവെന്നാണ് ഒാൾട്ടേഴ്സൻ ചൂണ്ടിക്കാട്ടിയത്. അമേരിക്കൻ കമ്പനി ഈ വിവരങ്ങൾ ഏതാണ് സോഫ്റ്റ് വെയർ, ഏതാണ് നെറ്റ് വർക്, എന്താണ് തൊഴിൽ എന്നിവടയടക്കമുള്ള വിവരങ്ങൾ ചോർത്തുന്നത്. എന്തിന് ശേഖരിക്കുന്നുവെന്ന വിവരം മനസിലാകുന്നില്ല. വിദേശ കമ്പനി വിവരം ശേഖരിക്കുന്ന വിവരം മറച്ചുവെച്ചതെന്നും ഒാൾട്ടേഴ്സൻ വ്യക്തമാക്കിയിരുന്നു.
Hi! My name is Narendra Modi. I am India's Prime Minister. When you sign up for my official App, I give all your data to my friends in American companies.
— Rahul Gandhi (@RahulGandhi) March 25, 2018
Ps. Thanks mainstream media, you're doing a great job of burying this critical story, as always.https://t.co/IZYzkuH1ZH
അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാൻ ഡോണൾഡ് ട്രംപ് ഉപയോഗിച്ച കേംബ്രിജ് അനലിറ്റികയെ ഇന്ത്യയിലെ നാലു തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഉപയോഗിച്ചുവെന്ന വാർത്തക്ക് പിന്നാലെയാണ് മോദി ആപ്പ് ചോർത്തലും പുറത്തുവന്നത്. സമൂഹ മാധ്യമങ്ങളിൽ നിന്ന് വ്യക്തികളുടെ വിവരം ചോർത്തുന്നുവെന്നും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നുവെന്നുമായിരുന്നു ഇന്ത്യയിൽ കേംബ്രിജ് അനലിറ്റികക്കെതിരായ ആരോപണം. മോദി ആപ്പ് ചോർത്തൽ വിവാദമായെങ്കിലും പ്രധാനമന്ത്രിയുടെ ഒാഫിസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
തെരഞ്ഞെടുപ്പു കാലത്ത് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനു വേണ്ടി പ്രവർത്തിച്ച രാഷ്ട്രീയ വിവര വിശകലന സ്ഥാപനമാണ് യു.കെ ആസ്ഥാനമായ സ്ട്രാറ്റജിക് കമ്യൂണിക്കേഷൻ ലബോറട്ടറീസിന്റെ കീഴിലെ കേംബ്രിജ് അനലിറ്റിക. വിവിധ രാജ്യങ്ങളിലെ 200 തെരഞ്ഞെടുപ്പുകളിൽ വ്യാജ പ്രചാരണങ്ങളിലൂടെ വോട്ടർമാരെ സ്വാധീനിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിച്ചതിന് ഇവർ നടപടി നേരിടുകയാണ്. ബ്രിട്ടനിലെ ബ്രെക്സിറ്റ് പ്രചാരണ കാലത്തും സമാനരീതിയിൽ സ്വകാര്യവിവരം ചോർത്തിയതിന് യു.കെ പാർലമെന്റിെൻറ അന്വേഷണവും നേരിടുന്നുണ്ട്. സ്വകാര്യതാ നിയമം ലംഘിച്ച് അഞ്ചു കോടിയോളം ഫേസ്ബുക്ക് അംഗങ്ങളുടെ വ്യക്തിവിവരം ചോർത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് കേംബ്രിജ് അനലിറ്റികയെ ഫേസ്ബുക്ക് പുറത്താക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.