മൊബൈൽ ടവറുകൾ ആരോഗ്യത്തിന് ഹാനികരമല്ലെന്ന് ടെലികോം വകുപ്പ്

കൊച്ചി: വാർത്താ വിനിമയത്തിന് ഉപയോഗിക്കുന്ന റേഡിയോ തരംഗങ്ങൾ ആരോഗ്യത്തിന് ഹാനികരമാണെന്ന ധാരണ അടിസ്ഥാന രഹിതമാണെന്ന് ടെലികോം വകുപ്പ്. റേഡിയോ തരംഗങ്ങളുടെ പരിധിയെപ്പറ്റി അന്താരാഷ്ട്ര ഏജൻസികൾ നൽകിയിട്ടുള്ള മാർഗ നിർദേശങ്ങൾ പൂർണമായും പാലിച്ചു കൊണ്ട് കേന്ദ്ര സർക്കാറിന്‍റെ രൂപരേഖ മാനിച്ചാണ് രാജ്യത്തെ മൊബൈൽ ടവറുകൾ പ്രവർത്തിക്കുന്നതെന്ന് ടെലികോം വകുപ്പ് കേരള മേഖല സീനിയർ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. പി.ടി. മാത്യു ഐ. ടി. എസ് പറഞ്ഞു.

ലഭ്യമായ ശാസ്ത്രീയ പഠനങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ മൊബൈൽ ടവറുകളിൽ നിന്നുള്ള താരതമ്യേന കുറഞ്ഞ റേഡിയേഷൻ അപകടകരമല്ല എന്നുറപ്പ് വരുത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ ആഗോള തലത്തിൽ നടത്തിയിട്ടുള്ള നിരന്തര പഠനങ്ങൾക്കൊപ്പം 2014ൽ അലഹബാദ് ഹൈകോടതിയുടെ ലക്‌നോ ബഞ്ചിന്‍റെ നിർദേശ പ്രകാരം വിവിധ മേഖലകളിലെ വിദഗ്ധരുടെ നേതൃത്വത്തിലും പഠനം നടന്നിട്ടുണ്ട്.

മൊബൈൽ ടവറുകളുടെ റേഡിയേഷൻ പരിധിയിൽ ഇന്ത്യയിൽ സ്വീകരിച്ചിട്ടുള്ള സുരക്ഷാ നിർദേശങ്ങൾ ഈ സമിതി പൂർണമായും അംഗീകരിച്ചു. വിവിധ മേഖലകളിൽ രാഷ്ട്രത്തിന്‍റെ സമൂല വികസനത്തിനും സത്വര വളർച്ചക്കും അടിസ്ഥാനമൊരുക്കുന്നതിൽ മൊബൈൽ വാർത്താവിനിമയ സംവിധാനങ്ങൾ ഗണ്യമായ പങ്കു വഹിക്കുന്നുണ്ട്. ചിലവ് കുറഞ്ഞ ബ്രോഡ്ബാൻഡ് സൗകര്യം ഒരുക്കുവാൻ മൊബൈൽ സാങ്കേതികത അത്യാവശ്യമാണ് .

മൊബൈൽ ടവറുകളുടെ റേഡിയേഷൻ പരിധി കർശമായി പാലിക്കുവാൻ എല്ലാ സേവനദാതാക്കൾക്കും കേന്ദ്രസർക്കാരും ടെലികോം വകുപ്പും നിർദേശം നൽകിയിട്ടുണ്ട്. അക്കാര്യം കൃത്യമായി നിരീക്ഷിക്കുന്നുമുണ്ട്. കേരളത്തിൽ ആകെയുള്ള 89345 മൊബൈൽ ടവറുകളിൽ 44750 എണ്ണത്തിന്‍റെയും പരിശോധന ഇതിനോടകം ടെലികോം വകുപ്പ് പൂർത്തിയാക്കി സർക്കാർ നിർദ്ദേശമനുസരിച്ചുള്ള റേഡിയേഷൻ പരിധി കർശനമായി പാലിക്കുന്നു എന്നുറപ്പ് വരുത്തിയിട്ടുണ്ടെന്ന് ഡോ. പി.ടി. മാത്യു അറിയിച്ചു.

Tags:    
News Summary - Mobile Towers Not Injurious to Health says Telecom Dept

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.