ഇംഫാൽ: വഖഫ് നിയമത്തിലെ ഭേദഗതികളെ ചോദ്യം ചെയ്ത് മണിപ്പൂരിൽ നിന്നുള്ള എൻ.പി.പി എം.എൽ.എ വ്യാഴാഴ്ച സുപ്രീംകോടതിയെ സമീപിച്ചു. ഇത് വിവേചനപരമാണെന്നും വിൽപത്രങ്ങളിലൂടെയോ സമ്മാനങ്ങളായോ സ്വത്ത് കൈമാറുന്നതിന് മറ്റ് സമുദായങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ലാത്തപ്പോൾ ഭേദഗതിയിലൂടെ മുസ്‍ലിംകളെ ഒറ്റപ്പെടുത്തിയെന്നും ക്ഷേത്രിഗാവോ എം.എൽ.എ ഷെയ്ഖ് നൂറുൽ ഹസ്സൻ പറഞ്ഞു.ഭേദഗതികൾക്കെതിരെ മണിപ്പൂരിൽ നടന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഹരജി സമർപ്പിച്ചത്.
ഭേദഗതിയെ പിന്തുണച്ചതിന് ബി.ജെ.പി ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് അക്‌സർ അലിയുടെ വസതി ജനക്കൂട്ടം തീയിട്ടതിനെത്തുടർന്ന് ഞായറാഴ്ച രാത്രി മുതൽ തൗബാലിലെ മുസ്‍ലിം ഭൂരിപക്ഷ പ്രദേശങ്ങൾ സംഘർഷഭരിതമാണ്.
‘ക്ഷേത്രമായാലും മറ്റു മത സ്ഥാപനങ്ങൾ ആയാലും അതിന്റെ പവിത്രത നിലനിർത്തുന്നതിനും അവരുടെ വിശ്വാസത്തിനനുസൃതമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും അത്തരം സ്ഥാപനങ്ങളുടെ ഭരണം അതേ വിശ്വാസത്തിൽ നിന്നുള്ള ആളുകൾക്ക് വിട്ടുകൊടുക്കണമെന്ന്’ അഭിഭാഷകനായ അബ്ദുള്ള നസീഹ് വി.ടി. മുഖേന സമർപ്പിച്ച ഹരജിയിൽ ആവശ്യപ്പെട്ടു.
എന്നാൽ, വഖഫ് ഭരണത്തിൽ മുസ്‍ലിംകളല്ലാത്തവരെയും ഉദ്യോഗസ്ഥരെയും അടിച്ചേൽപ്പിക്കുന്നത് മുസ്‍ലിംകളെ ഒറ്റപ്പെടുത്തുന്നു. ആർട്ടിക്കിൾ 14 പ്രകാരമുള്ള സമത്വം, 26 പ്രകാരമുള്ള സമത്വം, മതപരമായ സ്വയംഭരണം എന്നിവ ലംഘിക്കുന്നു. ഇത് മറ്റ് വിശ്വാസങ്ങൾക്ക് അപകടകരമായ ഒരു മാതൃക സൃഷ്ടിക്കുന്നുവെന്നും ഹരജിയിൽ കൂട്ടിച്ചേർത്തു.
‘ഒരാൾക്ക് മാത്രമുള്ള അവകാശങ്ങൾ നൽകുന്ന വിൽപത്രങ്ങളും സമ്മാനങ്ങളും പൂർണ്ണമായും സാധുവായിരിക്കുകയും നിയമപ്രകാരം സംരക്ഷിക്കപ്പെടുകയും ചെയ്യുമ്പോൾ, ഒരു മുസ്‍ലിമിന് സമാനമായ വിൽപത്രം അല്ലെങ്കിൽ സമ്മാനം നടപ്പിലാക്കാൻ തന്റെ പ്രത്യേകാവകാശം പ്രയോഗിക്കുന്നതിൽ നിന്ന് വിലക്കിയിരിക്കുന്നുവെന്ന് ഹരജി വാദിച്ചു.
ഒരു സ്വത്തിനെ വഖ്ഫ് സ്വത്തായി നിർണയിക്കുന്നത് ഇപ്പോൾ സർക്കാറിന്റെ മാത്രം അധികാരപരിധിയിലാണ്. ഒരു തർക്കം ഉടലെടുക്കുന്ന നിമിഷം അതിന്റെ സ്വഭാവം നിർണയിക്കാൻ സർക്കാറിന് അതിന്റെ നിയുക്ത ഉദ്യോഗസ്ഥനെ നിയമിക്കാൻ കഴിയും. ഫലത്തിൽ, സർക്കാറാണ് ‘ജഡ്ജിയും ജൂറിയും ആരാച്ചാറുമെന്ന് നൂറുൽ ഹസ്സൻ ഹരജിയിൽ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.