രാജ്യമെങ്ങും പ്രതിഷേധത്തിന് വഴിവെച്ച കത് വ സംഭവത്തിലെ ഇരയായ എട്ടുവയസ്സുകാരി ആസിഫ അന്ന് കാട്ടിലേക്ക് പോയത് കാണാതായ കുതിരയെ തേടിയായിരുന്നു. സ്കൂളിൽ പോകാത്ത അവളുടെ സ്വത്ത് കുടുംബത്തിന്‍റെ കുതിരകളും ആടുകളുമായിരുന്നു. അവയിലേതെങ്കിലും ഒരെണ്ണത്തിനെ കാണാതായാൽ പാറക്കെട്ടുകളും കല്ലും മുള്ളും വകവെക്കാതെ അവൾ കാട്ടിലേക്കോടും. അന്നും അതാണ് സംഭവിച്ചത്.
'എല്ലാ ദിവസവും വൈകുന്നേരം അവൾ മൃഗങ്ങളെ എണ്ണിനോക്കുമായിരുന്നു.' ആസിഫയുടെ വളർത്തച്ഛൻ പറയുന്നു. 'ജനുവരി 10ന് കുതിര തിരിച്ചുവരാത്തതിനാലാണ് അവൾ കാട്ടിലേക്ക് പോയത്. ഒരു ദിവസത്തിനുശേഷം കുതിര തിരിച്ചെത്തി. അവൾ വന്നതേയില്ല. ഒരാഴ്ചക്ക് ശേഷം അവളുടെ ഗ്രാമത്തിനരുകിൽ ആരാധനാലയത്തിനടുത്ത് നിന്ന് അവളുടെ മൃതദേഹം കിട്ടി.'
ജമ്മു കശ്മീർ പൊലീസിന്‍റെ റിപ്പോർട്ടനുസരിച്ച് തട്ടിക്കൊണ്ടുപോയ പെൺകുട്ടിയെ ഒരാഴ്ചയോളം തടവിലാക്കി ക്രൂരമായ ബലാൽസംഗത്തിനിരയാക്കുകയായിരുന്നു. മൃഗീയമായ ബലാൽസംഗത്തിലും കൊലപാതകത്തിലും പങ്കാളികളായത് എട്ടുപേരാണ്. രാജ്യത്തെ സാമൂഹികമായും രാഷ്ട്രീയമായും സാമുദായികമായും ധ്രൂവീകരിച്ച എട്ട് നരാധമൻമാർ.
'വളരെ ലജ്ജാലുവായ ആസിഫ പക്ഷെ ധൈര്യമുള്ളവളായിരുന്നു. ഇരുട്ടിനെയോ കാടിനെയോ അവൾ ഭയപ്പെട്ടിരുന്നില്ല. അവരുടെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞിരുന്നെങ്കിൽ, ഒരു തുണ്ട് ജീവനെങ്കിലും അവശേഷിച്ചിരുന്നുവെങ്കിൽ ആസിഫ ഞങ്ങളോട് ഇതേക്കുറിച്ച് പറഞ്ഞേനെ' ബക്കർവാൽ സമുദായംഗമായ പിതാവ് പറഞ്ഞു.
ജമ്മുവിലുണ്ടായ ബസപകടത്തിൽ അമ്മയേയും മൂന്ന് മക്കളേയും നഷ്ടപ്പെട്ടയാളാണ് ആസിഫയെ വളർത്തിയിരുന്നത്. സ്വന്തം വീട്ടുകാർ വന്ന് വിളിച്ചിട്ടും അവൾ തിരിച്ചുപോകാൻ തയാറായിരുന്നില്ല. തന്‍റെ വളർത്തച്ഛന്‍റെ കാലികളെ മേക്കാൻ ആരുമുണ്ടാവില്ല എന്ന് പറഞ്ഞ് അവൾ വീട്ടുകാരെ തിരിച്ചയക്കുകയായിരുന്നു.
'ഞങ്ങൾ നാടോടികളാണ്. ഞങ്ങളേക്കാൾ എത്രയോ കൂടുതൽ കാലം ജീവിച്ചിരിക്കുന്നവരാണ് ഇവിടത്തെ പണമുള്ളവർ. പക്ഷെ തങ്ങളുടെ കുരുന്നിനെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നവരെ വെറുതെ വിടാനാവില്ല.' വളർത്തച്ഛൻ പറഞ്ഞു.
എന്നാൽ, ഭീഷണി ഭയന്ന് കുടുംബം ഈ പ്രദേശത്തുനിന്നും താമസം മാറിയിരിക്കുകയാണ്. എന്നിട്ടും നീതി ലഭിക്കണം എന്നാവശ്യമായി പ്രക്ഷോഭത്തിലാണ് നാട്ടുകാർ. കേസ് സി.ബി.ഐ അന്വേഷിക്കണം എന്നാണ് ഇവരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.